കാഞ്ഞങ്ങാട്‌: മഹാരഥന്മാര്‍ പോരിനിറങ്ങിയ മണ്ണ്‌

0
19

കേര ള രാഷ്‌ ട്രീയത്തില്‍ ജ്വലിച്ച്‌ നിന്ന്‌ വിഖ്യാതരായ പലരും മത്സരിച്ച മണ്ണാണ്‌ കാഞ്ഞങ്ങാട്‌. പടിഞ്ഞാറ്‌ അറബിക്കടലും വടക്ക്‌ ഉദുമ മണ്ഡലവും തെക്ക്‌ തൃക്കരിപ്പൂര്‍ മണ്ഡലവും കിഴക്ക്‌ പശ്ചിമഘട്ട മലനിരകളും അതിരിടുന്ന കാഞ്ഞങ്ങാട്‌ നിയമസഭാ മണ്ഡലത്തിന്റെ പഴയ പേര്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ എന്നാണ്‌.
1957 ല്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ പി എസ്‌ പിയില്‍ നിന്ന്‌ മത്സരിച്ച്‌ കെ ചന്ദ്രശേഖരന്‍ 14150 വോട്ട്‌ നേടി വിജയിച്ചു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ മാധവന്‍ 11209 വോട്ടും കോണ്‍ഗ്രസിലെ കെ പി കുമാരന്‍ നായര്‍ 11162 വോട്ടും നേടി.
1960 ല്‍ പി എസ്‌ പി സ്ഥാനാര്‍ത്ഥിയായി കെ ചന്ദ്രശേഖരന്‍ വീണ്ടും മത്സരിക്കുകയും 27862 വോട്ട്‌ നേടി വിജയിക്കുകയും ചെയ്‌തു. സി പി ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ മാധവന്‍ 22315 വോട്ടും നേടി.
1965 ല്‍ എസ്‌ എസ്‌ പി സ്ഥാനാര്‍ത്ഥിയായി എന്‍ കെ ബാലകൃഷ്‌ണന്‍ ജനവിധി തേടി 30558 വോട്ടോടെ വിജയിച്ചു. കോണ്‍ഗ്രസിലെ എം കുഞ്ഞിക്കണ്ണന്‍ 17116 വോട്ടും സ്വതന്ത്രനായി മത്സരിച്ച കെ ഉമാനാഥ റാവു 2480 വോട്ടും നേടി. സി പി ഐ യിലെ കെ മാധവന്‌ 1507 വോട്ടും ലഭിച്ചു.
1967 ല്‍ എന്‍ കെ ബാലകൃഷ്‌ണന്‍ എസ്‌ എസ്‌ പിയിലൂടെ വീണ്ടും മത്സരിച്ച്‌ 25717 വോട്ടോടെ വിജയിച്ചു. കോണ്‍ഗ്രസിലെ എം എന്‍ നമ്പ്യാര്‍ 16056 വോട്ടും നേടി. ബി ജെ എസിലെ എം യു റാവുവിന്‌ 4384 വോട്ടും ലഭിച്ചു.
1970 ല്‍ എന്‍ കെ ബാലകൃഷ്‌ണന്‍ പി എസ്‌ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 29568 വോട്ടോടെ ഹൊസ്‌ദുര്‍ഗ്ഗ്‌ മണ്ഡലത്തില്‍ നിന്ന്‌ അദ്ദേഹം ഒരിക്കല്‍ കൂടി വിജയക്കൊടി പാറിച്ചു. എസ്‌ എസ്‌ പിയിലെ കെ വി മോഹന്‍ലാല്‍ 22224 വോട്ടും ബി ജെ എസിലെ കെ ജി മാരാര്‍ 9793 വോട്ടും നേടി.
1977 ലെ തെരഞ്ഞെടുപ്പില്‍ സി പി ഐ ഹൊസ്‌ദുര്‍ഗ്ഗ്‌ മണ്ഡലം ആദ്യമായി പിടിച്ചെടുത്തു. സി പി എമ്മും സി പി ഐയും തമ്മിലായിരുന്നു മത്സരം. അത്യന്തം വാശിയേറിയ മത്സരത്തില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍ സി പി ഐയിലെ കെ ടി കുമാരന്‍ 34683 വോട്ട്‌ നേടി വിജയിച്ചു. സി പി എമ്മിലെ എം രാഘവന്‍ 32578 വോട്ടും നേടി.
1980 ല്‍ സി പി ഐയിലെ കെ ടി കുമാരന്‍ 42136 വോട്ട്‌ നേടി, 32031 വോട്ട്‌ നേടിയ കോണ്‍ഗ്രസിലെ ടി കുമാരന്‍ മാസ്റ്ററെ പരാജയപ്പെടുത്തി.
1982 ലും ഇരുവരും തമ്മിലാണ്‌ ഹൊസ്‌ദുര്‍ഗ്ഗിലെ പോരാട്ടത്തില്‍ കൊമ്പുകോര്‍ത്തതെങ്കിലും വിജയം ചെങ്കൊടിക്കൊപ്പം നിന്നു. കെ ടി കുമാരന്‍ വിജയിച്ചു.
1987 ല്‍ മണ്ഡലം പട്ടികജാതി സംവരണ മണ്ഡലമായി മാറി. അതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കാലങ്ങളായി പി എസ്‌ പിയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും വിജയം ആവര്‍ത്തിച്ച മണ്ഡലം ആദ്യമായി കോണ്‍ഗ്രസ്‌ പാളയത്തിലെത്തി. സി പി ഐയിലെ പള്ളിപ്രം ബാലന്‍ നേടിയ 46618 വോട്ടിനെതിരെ 46677 വോട്ട്‌ നേടിയ കോണ്‍ഗ്രസിലെ എം മനോഹരന്‍ മാസ്റ്റര്‍ വിജയിച്ചു. എം വി രാഘവന്റെ നേതൃത്വത്തില്‍ സി എം പി രൂപീകരിച്ച ശേഷം നടത്തിയ ആദ്യത്തെ തെരഞ്ഞെടുപ്പിലായിരുന്നു ഇത്തരമൊരു രാഷ്‌ട്രീയ മാറ്റത്തിന്‌ മണ്ഡലം സാക്ഷ്യം വഹിച്ചത്‌. ബി ജെ പിയിലെ പി കെ വേലായുധന്‍ 7739 വോട്ടും സി എം പിയിലെ ചക്രപാണി 2024 വോട്ടും നേടി.
1991 ലെ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൈവിട്ടുപോയ മണ്ഡലം എം നാരായണന്‍ എന്ന ചെറുപ്പക്കാരനെ രംഗത്തിറക്കി സി പി ഐ തിരികെ പിടിച്ചു. ഇപ്പോള്‍ ഇടതു പാളയത്തിലുള്ള കൊട്ടറ വാസുദേവായിരുന്നു അന്ന്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി. എം നാരായണന്‍ 60536 വോട്ടും ബി ജെ പിയിലെ കാനത്തില്‍ കണ്ണന്‍ 6278 വോട്ടും നേടി.
1996 ല്‍ എം നാരായണനിലൂടെ സി പി ഐ ഒരിക്കല്‍ കൂടി മണ്ഡലത്തില്‍ വിജയിച്ചു. സി പി കൃഷ്‌ണന്‍ നേടിയ 50977 വോട്ടിനെതിരെ 62786 വോട്ട്‌ നേടിയ എം നാരായണന്‍ വിജയിച്ചു. ബി ജെ പിയിലെ എം ഗോപാലന്‍ 9250 വോട്ടും നേടി.
2001 ല്‍ എം നാരായണന്റെ സഹോദരന്‍ എം കുമാരനെ പോരിന്‌ അയച്ച്‌ മണ്ഡലം നിലനിര്‍ത്തി. കുമാരന്‍ നേടിയ 68033 വോട്ടിന്‌ മുന്നില്‍ 61055 വോട്ട്‌ നേടാനേ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ സി ജെ കൃഷ്‌ണന്‌ കഴിഞ്ഞുള്ളൂ.
2006 ല്‍ 71751 വോട്ട്‌ നേടി സി പി ഐയിലെ പള്ളിപ്രം ബാലന്‍ വിജയിച്ചു. ഡി ഐ സിയിലെ പി രാമചന്ദ്രന്‍ 36812 വോട്ട്‌ നേടി. ബി ജെ പിയിലെ സി കെ വല്‍സലന്‍ 31272 വോട്ടും നേടി.
2011 ല്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ മണ്ഡലത്തിന്റെ പേര്‌ മാറി. കാഞ്ഞങ്ങാടായി. സംവരണ മണ്ഡലം ജനറല്‍ ആവുകയും ചെയ്‌തു.
അതിന്‌ ശേഷം നടന്ന രണ്ട്‌ തെരഞ്ഞെടുപ്പിലും സി പി ഐ നേതാവായ ഇ ചന്ദ്രശേഖരന്‍ ആണ്‌ വിജയിച്ചത്‌.
2011 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ എം സി ജോസ്‌ നേടിയ 54462 വോട്ടിനെതിരെ 66640 വോട്ട്‌ നേടി ചന്ദ്രശേഖരന്‍ വിജയിച്ചു. മടിക്കൈ കമ്മാരന്‍ ബി ജെ പിയില്‍ നിന്ന്‌ മത്സരിച്ച്‌ 15543 വോട്ട്‌ നേടി.
2016 ലെ തെരഞ്ഞെടുപ്പില്‍ ഇ ചന്ദ്രശേഖരന്‍ വീണ്ടും ഗോദയില്‍ ഇറങ്ങി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച്‌ നിയമസഭയില്‍ എത്തി. കോണ്‍ഗ്രസിലെ ധന്യസുരേഷ്‌ നേടിയ 54547 വോട്ടിനെതിരെ 80558 വോട്ട്‌ നേടിയാണ്‌ ഇ ചന്ദ്രശേഖരന്‍ വിജയിച്ചത്‌. ബി ഡി ജെ എസിലെ എം പി രാഘവന്‍ 21104 വോട്ട്‌ നേടി. രണ്ടാം തവണയും വിജയിച്ച ഇ ചന്ദ്രശേഖരന്‍ റവന്യു മന്ത്രിയായി. ഇനിയൊരു തവണ കൂടി മത്സരിക്കണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി ഇനിയും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

NO COMMENTS

LEAVE A REPLY