നഗരം കാവിക്കടലായി;വിജയ യാത്രയ്‌ക്ക്‌ ആവേശകരമായ തുടക്കം

0
27

കാസര്‍കോട്‌: താളിപ്പടുപ്പ്‌ ഗ്രൗണ്ടില്‍ നിറഞ്ഞു കവിഞ്ഞ ജനാവലിയെ സാക്ഷി നിറുത്തി പാര്‍ട്ടി നേതാവും യു പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്‌ ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിജയ യാത്രയെ യാത്രയയച്ചു.
കേരളം മുഴുവന്‍ സഞ്ചരിച്ചു അടുത്ത മാസം ഏഴിനു തലസ്ഥാനത്തെത്തുന്ന യാത്ര സംസ്ഥാനത്തു ബി ജെ പിയെ അധികാരത്തിലെത്തിക്കുന്നതിനുള്ള അടയാളം കുറിക്കുമെന്ന്‌ യാത്ര ഉദ്‌ഘാടനം ചെയ്‌തു കൊണ്ടു യോഗി ആദിത്യനാഥ്‌ ആശംസിച്ചു.
മംഗളകരമായ യാത്രക്ക്‌ അദ്ദേഹം നാളികേരമുടയ്‌ക്കുകയും യാത്രാ നായകനൊപ്പം യാത്രാ വാഹനത്തില്‍ക്കയറി യാത്രക്കു തുടക്കം കുറിക്കുകയും ചെയ്‌തു.
ഇന്നു രാവിലെ ജില്ലാതിര്‍ത്തിയായ കാലിക്കടവിലെ സ്വീകരണത്തിനുശേഷം യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. പയ്യന്നൂരാണ്‌ കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണം. ഇന്നത്തെ യാത്ര വൈകിട്ടു കണ്ണൂരില്‍ പൊതു സമ്മേളനത്തോടെ സമാപിക്കും. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ രാജ്യവും സംസ്ഥാനങ്ങളും കര്‍ശനനിലപാടെടുക്കുമ്പോള്‍ കേരള സര്‍ക്കാര്‍ വിധ്വംസകശക്തികളെ താലോലിക്കുകയാണെന്ന്‌ യാത്ര ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു യോഗി ആദിത്യനാഥ്‌ പറഞ്ഞു. ലൗജിഹാദിന്റെ കാര്യത്തിലും ഇതു തന്നെയായിരുന്നു സ്ഥിതിയെന്ന്‌ അദ്ദേഹം പറഞ്ഞു.കേരളം മാറിമാറി ഭരിച്ച ഇടതു -വലതു മുന്നണികള്‍ സംസ്ഥാനത്തു വികസിപ്പിച്ചതു അഴിമതിയും വിഭാഗീയതയുമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഭരണത്തിനു നേതൃത്വം നല്‍കുന്ന സി പി എം അതിന്റെ പ്രവര്‍ത്തകര്‍ക്കുവേണ്ടിയാണ്‌ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌.
രാജ്യത്തെയും ജനങ്ങളെയും ഒന്നായിക്കണ്ടുകൊണ്ട്‌ എല്ലാവരുടെയും ഒറ്റക്കെട്ടായ പുരോഗതിക്കും നാടിന്റെ വികസനത്തിനുംവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി സംശുദ്ധ ഭരണം കാഴ്‌ചവെക്കുമ്പോള്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും അഴിമതിക്കുമാണ്‌ കേരളസര്‍ക്കാര്‍ ഭരണാധികാരം വിനിയോഗിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ആത്മാവിനോടുള്ള ആദരമാണ്‌ അയോധ്യയില്‍ നിര്‍മ്മിക്കുന്ന ശ്രീരാമക്ഷേത്രം. പ്രധാനമന്ത്രി അതിനു തുടക്കമിട്ടപ്പോള്‍ കേരളസര്‍ക്കാര്‍ ശബരിമലയില്‍ വിവാദമുണ്ടാക്കി കേരളത്തിലെ ജനങ്ങളുടെ വികാരത്തെ വെല്ലുവിളിക്കുകയായിരുന്നു-യോഗി ആദിത്യനാഥ്‌ പറഞ്ഞു. അതുവഴി ജനങ്ങളെ തമ്മിലടിപ്പിച്ചു. ജനങ്ങളില്‍ വിഭാഗീയത ഉണ്ടാക്കി.24 കോടി ജനങ്ങളുള്ള യു പിയില്‍ ആദ്യ ഘട്ടത്തിലുണ്ടായ കോവിഡ്‌ വ്യാപനത്തെ ചൂണ്ടിക്കാട്ടി പരിഹസിക്കാനായിരുന്നു കേരള മുഖ്യമന്ത്രി ശ്രമിച്ചതെന്ന്‌ അദ്ദേഹം പറയുന്നു. ഇപ്പോള്‍ ലോകം കോവിഡിന്റെ കാര്യത്തില്‍ കേരളത്തെ ചൂണ്ടിക്കാട്ടി പരിഹാസച്ചിരി സമ്മാനിക്കുന്നു.
തൊഴിലില്ലായ്‌മ കേരളത്തെ ഗ്രസിക്കുന്നു. യു പി ലക്ഷക്കണക്കിനു യുവാക്കള്‍ക്കു തൊഴില്‍ നല്‍കുകയും തൊഴിലവസരം സൃഷ്‌ടിക്കുകയും ചെയ്യുന്നു. തന്റെ സര്‍ക്കാര്‍ കേന്ദ്രസഹായത്തോടെ യു പിയില്‍ 30 മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
പുതിയ കേരളമാണ്‌ കേരളീയര്‍ ആവശ്യപ്പെടുന്നതെന്ന്‌ ചടങ്ങി ല്‍ ആധ്യക്ഷം വഹിച്ച കുമ്മനം രാജശേഖരന്‍ പറഞ്ഞു. അതിനുള്ള തുടക്കമാണ്‌ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിജയയാത്ര.
ആകാശത്തും ആഴക്കടലിലും അഴിമതി നടത്തുകയാണ്‌ സംസ്ഥാനത്തെ ഇടതുഭരണമെന്നു ബി ജെ പി നേതാവ്‌ പി കെ കൃഷ്‌ണദാസ്‌ ആപലപിച്ചു. വിജയ യാത്ര സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും അന്ത്യം കുറിക്കാനാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാഥാ ക്യാപ്‌റ്റന്‍ കെ സുരേന്ദ്രന്‍, എം ടി രമേശ്‌, കേന്ദ്രമന്ത്രി വി മുരളീധരന്‍, സി കെ പത്മനാഭന്‍, അഡ്വ. വി ബാലകൃഷ്‌ണഷെട്ടി, എ വേലായുധന്‍, ബി ജെ പി സഹപ്രഭാരി സുനില്‍കുമാര്‍ എം എല്‍ എ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശോഭാസുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി, പി സി തോമസ്‌, മറ്റു ഘടകകക്ഷി ഭാരവാഹികള്‍ സംബന്ധിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ ശ്രീകാന്ത്‌ സ്വാഗതവും സെക്രട്ടറി സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY