എലിപ്പനി: രണ്ടു സ്‌ത്രീകള്‍ മരിച്ചു; ഏഴുപേര്‍ ചികിത്സയില്‍

0
35

നീലേശ്വരം: നീലേശ്വരം നഗരസഭാ പ്രദേശങ്ങളില്‍ എലിപ്പനി പടരുന്നു. രണ്ടു സ്‌ത്രീകള്‍ മരിക്കുകയും ഏഴുപേര്‍ക്ക്‌ രോഗം സ്ഥിരീകരിക്കുകയും ചെയ്‌തതോടെ ജനം ആശങ്കയില്‍. നീലായിയിലെ പരേതനായ കണ്ണന്റെ ഭാര്യ കെ ഓമന (50), പാലായിയിലെ അമ്പലത്തറ, രവിയുടെ ഭാര്യ കാടങ്കോട്ടെ വി സുനിത(45) എന്നിവരാണ്‌ മരിച്ചത്‌. ഇരുവരും മംഗ്‌ളൂരു ഫാദര്‍ മുള്ളേര്‍സ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പാലായിയിലെ വളവില്‍ മോഹനന്‍, അപ്പൂട്ടി, എന്നിവര്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലും പാലാത്തടത്തെ മാധവി നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്‌.
താലൂക്ക്‌ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ്‌ രണ്ടുപേരുടെ മരണത്തിനു ഇടയാക്കിയ സ്ഥിതിയിലേക്ക്‌ എത്തിച്ചതെന്നു നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ മറ്റു അസുഖങ്ങളുമായിട്ടാണ്‌ മരണപ്പെട്ടവര്‍ ചികിത്സയ്‌ക്ക്‌ എത്തിയതെന്നും മറ്റു ആശുപത്രികളില്‍ പോയപ്പോഴാണ്‌ എലിപ്പനിയാണെന്നു സ്ഥിരീകരിച്ചതെന്നും ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറയുന്നു.
എലിപ്പനി സ്ഥിരീകരിച്ചതോടെ നഗരസഭയിലെ മൂന്നു വാര്‍ഡുകളിലും ജാഗ്രത കര്‍ശനമാക്കിയതായി താലൂക്ക്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ജമാല്‍ അഹമ്മദ്‌ പറഞ്ഞു. വയലുകളില്‍ പണിയെടുത്ത തൊഴിലാളികള്‍ക്കാണ്‌ രോഗം സ്ഥിരീകരിച്ചതെന്നും അതിനാല്‍ വയലുകളില്‍ പണിക്കു പോയവരെല്ലാം ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY