ഗള്‍ഫില്‍ നിന്ന്‌ 84 കോടിയുമായി തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്‌ സ്വദേശികള്‍ മുങ്ങി

0
54

കാഞ്ഞങ്ങാട്‌: ഗള്‍ഫിലെ ബാങ്കുകളില്‍ നിന്ന്‌ 84 കോടി രൂപ വായ്‌പയെടുത്ത്‌ മുങ്ങിയെന്ന പരാതിയില്‍ കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. തൃശൂര്‍, കൈപ്പമംഗലം, പാലാട്ട്‌ ഹൗസിലെ പി എസ്‌ അസിന്റെ പരാതി പ്രകാരമാണ്‌ കേസ്‌.
എറണാകുളത്തെ ഒരു നിര്‍മ്മാണ കമ്പനിയുടെ ഉടമസ്ഥനാണ്‌ പരാതിക്കാരനായ അസിന്‍. ഇയാളെ പവര്‍ ഓഫ്‌ അറ്റോണിയാക്കി ഗള്‍ഫിലെ ഓയില്‍ കമ്പനി ഉടമയായ തൃക്കരിപ്പൂര്‍, എളമ്പച്ചി ചേലത്ത്‌ തുരുത്തുമ്മലിലെ അബ്‌ദുള്‍ റഹ്‌മാന്‍ ഷാര്‍ജയിലെ ബാങ്കില്‍ നിന്നു കോടികണക്കിന്‌ രൂപ വായ്‌പയെടുത്തിരുന്നു. 2007 ഒക്‌ടോബര്‍ നാലിനും 2018 ജനുവരി 23നും ഇടയിലായിരുന്നു വായ്‌പയെടുത്തിരുന്നത്‌. ഇതില്‍ നിന്നു ചെറിയൊരു തുക തിരിച്ചടച്ചു. 83,36,65,507 രൂപ ഇനിയും തിരിച്ചടക്കാന്‍ ഉണ്ടെന്നും അതിന്‌ തയ്യാറാകാതെ കമ്പനി പൂട്ടി അബ്‌ദുള്‍ റഹ്‌മാന്‍ മുങ്ങുകയായിരുന്നുവെന്നും അസിന്‍ ചന്തേര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അസിന്റെ മറ്റൊരു പരാതി പ്രകാരം കാഞ്ഞങ്ങാട്‌, അജാനൂര്‍ പാലക്കിയിലെ നാരായണനെതിരെ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കേസെടുത്തു. 2014 ആഗസ്റ്റ്‌ 31ന്‌ അസിനെ പവര്‍ ഓഫ്‌ അറ്റോര്‍ണിയാക്കി യു എ ഇയിലെ യുണൈറ്റഡ്‌ അറബ്‌ ബാങ്കില്‍ നിന്നു 3 കോടി രൂപ വായ്‌പയെടുത്തു തിരിച്ചടക്കാതെ വഞ്ചിച്ചുവെന്നാണ്‌ കേസ്‌. മൂന്നു കോടിയില്‍ നിന്ന്‌ 30 ലക്ഷം രൂപ തിരിച്ചടച്ചിരുന്നതായും പൊലീസ്‌ പറഞ്ഞു. രണ്ടു കേസുകളിലെയും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY