ട്രെയിനില്‍ കവര്‍ച്ച; പ്രതി അറസ്റ്റില്‍

0
40

കാസര്‍കോട്‌: ട്രെയിനില്‍ വിദ്യാനഗര്‍ സ്വദേശിയായ ഡോക്‌ടറുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയെ അറസ്റ്റ്‌ ചെയ്‌തു. കണ്ണൂര്‍ ചാവശ്ശേരിയിലെ പി ടി മുഹമ്മദ്‌ ഷഹീറി(33)നെയാണ്‌ കണ്ണൂര്‍ റെയില്‍വെ പൊലീസ്‌ എസ്‌ ഐ പി നളിനാക്ഷന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌. വിദ്യാനഗറിലെ ഡോ.ബി കെ മുഹമ്മദ്‌ ബാസിലിന്റെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ്‌ അറസ്റ്റ്‌. കഴിഞ്ഞ മാസം 31ന്‌ ഏറനാട്‌ എക്‌സ്‌പ്രസ്സിലാണ്‌ കവര്‍ച്ച നടന്നത്‌. ഡോക്‌ടര്‍ കോഴിക്കോടു നിന്നും കാസര്‍കോട്ടേക്ക്‌ വരികയായിരുന്നു. ട്രെയിന്‍ തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ വിട്ടപ്പോഴാണ്‌ കവര്‍ച്ചാ വിവരം അറിയുന്നത്‌. ബാഗിലുണ്ടായിരുന്ന 22,000 രൂപയും എ ടി എം കാര്‍ഡും അടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണുമാണ്‌ കവര്‍ന്നത്‌. ഇതുസംബന്ധിച്ച്‌ കാസര്‍കോട്‌ റെയില്‍വെ പൊലീസാണ്‌ പരാതി നല്‍കിയത്‌. സംഭവത്തില്‍ കേസെടുത്ത പൊലീസ്‌, കവര്‍ച്ച നടന്നത്‌ തലശ്ശേരിക്കും പയ്യന്നൂരിനും ഇടിയിലാണെന്ന സംശയത്തെ തുടര്‍ന്ന്‌ കേസ്‌ കണ്ണൂര്‍ റെയില്‍വെ പൊലീസിന്‌ കൈമാറുകയായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ പ്രതിയെ തിരിച്ചറിഞ്ഞത്‌. പയ്യന്നൂരിനും തലശ്ശേരിക്കും ഇടയിലുള്ള റെയില്‍വെ സ്റ്റേഷനുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കവെ, കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ സി സി ടി വി ദൃശ്യത്തിലാണ്‌ മോഷ്‌ടാവിനെ കണ്ടെത്തിയത്‌.

NO COMMENTS

LEAVE A REPLY