പി വി രവീന്ദ്രന്‍ ഒരു ഓര്‍മ്മക്കുറിപ്പ്‌

0
1844

കെ പി മുരളീധരന്‍, മാളിയേക്കാല്‍, കാനത്തൂര്‍
ചിലരുടെ ജീവിതം അവര്‍ അറിയാതെ, പ്രതീക്ഷിക്കാത്ത ഒരു ദിശയിലേക്ക്‌ മാറ്റപ്പെടാറുണ്ട്‌. വ്യക്തമായ ലക്ഷ്യബോധം ഇല്ലെങ്കിലും സാഹചര്യം അവരെ അവര്‍ വിചാരിക്കുന്നതിലപ്പുറം എത്തിക്കാറുമുണ്ട്‌. മുളിയാര്‍ ഗ്രാമത്തിലെ കാനത്തൂരില്‍ സാധാരണ കുടുംബത്തില്‍ കെ വി കുഞ്ഞമ്പുവിന്റെയും മീനാക്ഷിയുടെയും മൂന്ന്‌ മക്കളില്‍ ഇളയവനായി ജനിച്ച രവീന്ദ്രന്‍ സാധാരണഗതിയില്‍ ഒരു ഗുമസ്‌തപ്പണിയില്‍ തളക്കപ്പെടേണ്ടതായിരുന്നു. പക്ഷെ പ്രതികൂല സാഹചര്യങ്ങളെ അതി ജീവിച്ചുകൊണ്ട്‌ പത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നതിലുപരി പുതിയ വാതായനം തേടി “മലയാളികള്‍ക്ക്‌ ഇംഗ്ലീഷ്‌ സംസാരിക്കാനൊരു ഫോര്‍മുല”, “രവീസ്‌ മലയാളം-ഇംഗ്ലീഷ്‌ ഡിക്ഷ്‌ണറി” (വ്യത്യാസത്തോടെ ഒരു നിഘണ്ടു), “ഇംഗ്ലീഷില്‍ കത്തെഴുത്ത്‌ എന്ന കല” എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷ, ജോലി എന്നീ കടമ്പകള്‍ കടക്കാനുള്ള ഒരു നൂതന വഴി തുറക്കുവാന്‍ പാകമായ സവിശേഷ രചനാ ശൈലി സൃഷ്‌ടിച്ചെടുക്കുവാന്‍ സാധിച്ചത്‌ ഒരു നിയോഗമായി വേണം കരുതാന്‍. ഹ്രസ്വമായ 44 വര്‍ഷം മാത്രം ജീവിച്ച്‌ ഒരു പുരുഷായുസ്സില്‍ നേടിയെടുക്കേണ്ട കീര്‍ത്തി നേടിയെടുത്തുവെന്നത്‌ നമ്മുടെ സമൂഹം മനസ്സിലാക്കുവാന്‍ അല്‍പ്പം വൈകിപ്പോയി എന്നതാണ്‌ യാഥാര്‍ത്ഥ്യം. ഡിസംബര്‍ 22 രവീന്ദ്രന്റെ 25-ാം ചരമ വാര്‍ഷിക ദിനമാണ്‌.
1952 ല്‍ ആയിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസം കാനത്തൂര്‍ പ്രൈമറി സ്‌കൂളിലും തുടര്‍ പഠനം ഇരിയണ്ണി ഗവണ്‍മെന്റ്‌ ഹൈസ്‌കൂളിലും, ബിരുദ പഠനം കാസര്‍കോട്‌ ഗവണ്‍മെന്റ്‌ കോളേജിലുമായിരുന്നു. കാനത്തൂര്‍ സര്‍വ്വോദയ വായനശാലയിലെ ഒട്ടുമിക്ക പുസ്‌തകങ്ങളും ഹൈസ്‌കൂള്‍ പഠനത്തിനിടെ വായിച്ചു തീര്‍ത്തിരുന്നു. ഇഷ്‌ടപ്പെട്ട നോവലുകളിലെ പ്രധാന വാചകങ്ങളെല്ലാം ഹൃദിസ്ഥമാക്കി കൂട്ടുകാരുടെ മുമ്പിലവതരിപ്പിച്ച്‌ കൈയ്യടി വാങ്ങുന്നത്‌ ഒരു ഹോബിയായിരുന്നു.
ഇംഗ്ലീഷ്‌ ഐഛിക വിഷയമായെടുത്ത്‌ കാസര്‍കോട്‌ കോളേജില്‍ പഠിക്കുമ്പോള്‍, പ്രഗല്‍ഭ ഇംഗ്ലീഷ്‌ പ്രൊഫസര്‍മാരായിരുന്ന പി കെ ശേഷാദ്രി, ഗീവര്‍ഗീസ്‌, തിരുമല്ലേശ്വരഭട്ട്‌, ശ്രീ സഹദേവ പൂജിത്തായ എന്നിവരുടെ ശിക്ഷണം ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാന വ്യാപ്‌തി വര്‍ദ്ധിപ്പിക്കാനും, ഇംഗ്ലീഷ്‌ സംസാരിക്കാനുമുള്ള കഴിവ്‌ വളര്‍ത്തിയെടുക്കാനും സഹായിച്ചു. കോളേജില്‍ കെ എസ്‌ യു സംഘടനയുടെ മുന്‍നിര പ്രവര്‍ത്തകനായതുകൊണ്ട്‌ ഡിഗ്രി അവസാന വര്‍ഷം മത്സരിച്ച്‌ കോളേജ്‌ യൂണിയന്‍ ചെയര്‍മാനായി. യൂണിയന്‍ ഉദ്‌ഘാടനത്തിന്‌ നടത്തിയ ഇംഗ്ലീഷിലുള്ള അധ്യക്ഷ പ്രസംഗം പകരം വെയ്‌ക്കാനില്ലാത്തതായിരുന്നു.
രവിയുടെ ജീവിതത്തിന്റെ നിര്‍ണ്ണായക ഗതിമാറ്റം സംഭവിച്ചത്‌ കോഴിക്കോട്‌ ദേവഗിരി കോളേജില്‍ എം എ വിദ്യാര്‍ത്ഥിയായി എത്തിയപ്പോഴാണ്‌. വിശ്വ പ്രശസ്‌തനായ ഇംഗ്ലീഷ്‌ പ്രൊഫസര്‍ സി എ ഷെപ്പേര്‍ഡിന്റെ വിദ്യാര്‍ത്ഥിയാകാന്‍ സാധിച്ചത്‌ സൗഭാഗ്യമായി രവി കരുതിയിരുന്നു. എം എയ്‌ക്ക്‌ പഠിക്കുമ്പോള്‍ അഖിലേന്ത്യാ സര്‍വ്വകലാശാല ഇംഗ്ലീഷ്‌ പ്രസംഗത്തില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവായി. സഹകരണ ബാങ്ക്‌ ഉദ്യോഗസ്ഥനായ ഏട്ടന്‍ അയക്കുന്ന മണിയോര്‍ഡര്‍ തികയാതെ വന്നപ്പോള്‍ ഒഴിവ്‌ ദിവസങ്ങളില്‍ കോഴിക്കോട്‌ എം ബി ട്യൂട്ടോറിയല്‍സിലെ അധ്യാപകന്റെ വേഷമണിഞ്ഞു. എം എ കഴിഞ്ഞ്‌ തൊഴില്‍ എന്ന ലക്ഷ്യത്തിലേക്ക്‌ തിരിയുവാന്‍ തയ്യാറാകുന്ന ഘട്ടത്തിലാണ്‌ തന്നെ ചെറുപ്പം മുതല്‍ തൊട്ടറിഞ്ഞ സ്വാതന്ത്ര്യ സമര സേനാനിയും അന്നത്തെ കെ പി സി സിയുടെ ജനറല്‍ സെക്രട്ടറിയുമായ മേലത്ത്‌ നാരായണന്‍ നമ്പ്യാര്‍ രവിയെ കൊച്ചിയിലേക്ക്‌ കൊണ്ടുപോകുന്നത്‌. 1976 ല്‍ വീക്ഷണം പത്രം ആരംഭിക്കുന്ന സമയമായിരുന്നു. പ്രഗല്‍ഭ വാഗ്മിയും എഴുത്തുകാരനുമായ സി പി ശ്രീധരന്‍ എന്ന പത്രാധിപരുടെ കീഴില്‍ സബ്‌ എഡിറ്ററായി ചര്‍ന്നു. സമകാലിക പ്രാധാന്യമുള്ള സംഭവങ്ങളെ രസകരമായി, വിമര്‍ശനോത്സുകമായി അവതരിപ്പിക്കുന്ന രവിയുടെ കൈപ്പടയില്‍ എഴുതിയ “നിരീക്ഷകന്‍” എന്ന കോളം പത്രത്തിന്‌ ഏറ്റവും വലിയ മുതല്‍ കൂട്ടായിരുന്നു.
പ്രശസ്‌ത എഴുത്തുകാരായ സി രാധാകൃഷ്‌ണന്‍, യു കെ കുമാരന്‍, കരൂര്‍ ശശി, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, കെ രാധാകൃഷ്‌ണന്‍ (മുന്‍ സംസ്‌കൃത യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സിലര്‍). വി മധുസൂദനന്‍ നായര്‍ എന്നിവരെല്ലാം വീക്ഷണത്തില്‍ സഹ പ്രവര്‍ത്തകരായിരുന്നു. വീക്ഷണത്തില്‍ ചീഫ്‌ സബ്‌ എഡിറ്റര്‍ സ്ഥാനത്തെത്തി വിരമിച്ചു. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായ്‌ തുടങ്ങിയ പ്രമുഖരെ ഇന്റര്‍വ്യൂ ചെയ്യുവാനും അവസരമുണ്ടായി. വീക്ഷണത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, പി സി ചാക്കോ, വി എം സുധീരന്‍, വരദരാജന്‍ നായര്‍, കെ പി നൂറുദ്ദീന്‍ എന്നിവരുമായി നല്ല വ്യക്തി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. മുന്‍ മുഖ്യമന്ത്രി സി എച്ച്‌ മുഹമ്മദ്‌ കോയയുമായും നല്ല അടുപ്പമായിരുന്നു. ഇന്ത്യാടുഡെ, ഓണ്‍ലുക്കര്‍, മിറര്‍, ഈവ്‌സ്‌ വീക്കിലി, ബ്ലിറ്റ്‌സ്‌, കറന്റ്‌, സണ്‍വീക്കിലി, ഹിന്ദുസ്ഥാന്‍ ടൈംസ്‌, ഇല്ലസ്‌ട്രേറ്റഡ്‌ വീക്കിലി ഓഫ്‌ ഇന്ത്യ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. `കരിയര്‍ മാഗസിനിലെ, “മുഖാമുഖം” എന്ന പംക്തി തൊഴിലന്വേഷണകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വഴികാട്ടിയായിരുന്നു. കേവലം 44 വര്‍ഷം മാത്രം ജീവിച്ചിരുന്ന രവിയുടെ അന്ത്യം ആകസ്‌മികമായിരുന്നു. ബന്ധുക്കളെയും, സുഹൃത്തുക്കളെയും ദുഃഖത്തിലാക്കിയ അന്ത്യം-1996 ഡിസംബര്‍ 22ന്‌ കൊച്ചി മെഡിക്കല്‍ട്രസ്റ്റ്‌ ആശുപത്രിയില്‍. ഹ്രസ്വകാല ജീവിതമായിരുന്നുവെങ്കിലും സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കാന്‍ സാധിച്ചു. കോളേജില്‍ തന്റെ താഴെയായി പഠിച്ചിരുന്ന നാട്ടുകാരി കമലാക്ഷിയെ ജീവിത സഖിയാക്കി. അച്ഛന്റെ പാത സ്വായത്തമാക്കി, എം ജി യൂണിവേര്‍സിറ്റിയില്‍ നിന്ന്‌ എം എ ഇംഗ്ലീഷില്‍ ഒന്നാം റാങ്ക്‌ വാങ്ങി കളമശ്ശേരി ഗവണ്‍മെന്റ്‌ പോളിടെക്‌നിക്കില്‍ ഇംഗ്ലീഷ്‌ വിഭാഗം അധ്യാപികയാണ്‌ മൂത്തമകള്‍ ഡോ. ധന്യാ രവീന്ദ്രന്‍. ഇളയമകന്‍ നിധിന്‍ രവീന്ദ്രന്‍ കൊച്ചിയില്‍ ടാറ്റാ കോണ്‍സള്‍ട്ടന്‍സിയില്‍ സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനീയറായി ജോലി നോക്കുന്നു. മുളിയാര്‍ സര്‍വ്വീസ്‌ ബാങ്കില്‍ നിന്ന്‌ സെക്രട്ടറിയായി റിട്ടയര്‍ ചെയ്‌ത പത്മനാഭനും, പരേതയായ പത്മിനിയും സഹോദരങ്ങളാണ്‌.

NO COMMENTS

LEAVE A REPLY