മേലത്ത്‌ നാരായണന്‍ നമ്പ്യാര്‍ അധികാരം തേടിയെത്തിയ ഗാന്ധിയന്‍

0
514

ബാലകൃഷ്‌ണന്‍ നെയ്യംകയം
കാസര്‍കോട്‌ ജില്ലയില്‍ മുളിയാര്‍ പഞ്ചായത്തില്‍ കാനത്തൂരിലെ ഓട്ടക്കാടില്‍ പുതുക്കുടി കേളുനായരുടെയും തായന്നൂര്‍ തേക്കെക്കര മേലത്ത്‌ മാധവി അമ്മയുടെയും പുത്രനായി 1916 മെയ്‌ 11ന്‌ ജനിച്ച മേലത്ത്‌ നാരായണന്‍ നമ്പ്യാര്‍ ഉന്നത വിദ്യാഭ്യാസത്തിന്‌ മംഗലാപുരം സെന്റ്‌ അലോഷ്യസ്‌ കോളേജില്‍ പഠിക്കുമ്പോഴാണ്‌ സ്വാതന്ത്ര്യസമര രംഗത്ത്‌ പ്രവേശിച്ചത്‌. മഹാത്മജിയുടെ ശിഷ്യനായി മാറിയ മേലത്തിന്റെ ജീവിത കഥ കേരളത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്‌. ഉന്നത തറവാട്ടില്‍ ജനിച്ച മേലത്ത്‌ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അധസ്ഥിതരുടെ ഉന്നമനത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ചത്‌. തൊട്ടുകൂടായ്‌മയും തീണ്ടികൂടായ്‌മയും മൂലം മുഖ്യധാരയില്‍ നിന്ന്‌ അകറ്റപ്പെട്ടവരെ സഹായിക്കാനുള്ള മനോഭാവം ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചു. 1964 ല്‍ സ്വന്തം പിതാവിന്റെ സ്ഥലത്ത്‌ കാനത്തൂരിലെ ഹരിജന്‍ സെറ്റില്‍മെന്റ്‌ കോളനി സ്ഥാപിച്ചതും സ്വന്തം ശ്രമത്താല്‍ വീട്‌ പണിത്‌ കൊടുത്തു. ഉത്തരമലബാറിലെ ഹരിജനോദ്ധാരണത്തിന്റെ വെളിച്ചമായിരുന്ന സ്വാമി ആനന്ദതീര്‍ത്ഥ പോലും മേലത്തിന്റെ പ്രവൃത്തിയില്‍ ഏറെ ആകൃഷ്‌ടനായിരുന്നു. ഹരിജനോദ്ധാരണത്തിന്റെ ആരംഭഘട്ടത്തില്‍ സ്വാമി ആനന്ദതീര്‍ത്ഥന്റെ മാര്‍ഗ്ഗദര്‍ശികൂടിയായിരുന്നു മേലത്ത്‌. അയിത്തത്തിനെതിരെയുള്ള പോരാട്ട സമരത്തില്‍ എതിര്‍പ്പുകള്‍ ഏറെയുണ്ടായിരുന്ന ഘട്ടങ്ങളിലെല്ലാം മേലത്തിന്റെ രാഷ്‌ട്രീയശക്തി ഉപയോഗപ്പെടുത്തി വിജയം കണ്ടെത്തുകയായിരുന്നു.
അനീതിയ്‌ക്കും ചൂഷണത്തിനുമെതിരെ സന്ധിയില്ലാസമരം നടത്താന്‍ മേലത്തിന്‌ ശക്തി നല്‍കിയതും ഗാന്ധിയന്‍ സിദ്ധാന്തങ്ങളായിരുന്നു. സ്വതന്ത്ര്യ ഇന്ത്യ എന്ന സ്വപ്‌നത്തിനായി ഗാന്ധിജിയുടെ ആഹ്വാന പ്രകാരം തന്റെ സഹപ്രവര്‍ത്തകരേയും കൊണ്ട്‌ വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ സമര രംഗത്തിറങ്ങി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ കൂടി രാഷ്‌ട്രീയ ജീവിതമാരംഭിച്ച മേലത്ത്‌ ഉത്തരമലബാറിലെ സ്വാതന്ത്ര്യസമര രംഗത്തെ മുഴുവന്‍ സമയ ഭടനായി പ്രവര്‍ത്തിച്ചു. അന്നത്തെ മലബാറിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെയും സമര പരിപാടികളുടെയും ചുമതലയ്‌ക്കായി ഗാന്ധിജി മേലത്തിനെ നേരിട്ട്‌ തിരഞ്ഞെടുക്കുകയായിരുന്നു. ഗാന്ധിജിയുടെയും കേളപ്പിജിയുടെയും അടുത്ത അനുയായികളിലൊരാളായിരുന്നു മേലത്ത്‌. 1942 ല്‍ ക്വിറ്റിന്ത്യാ സമരത്തില്‍ ഗാന്ധിജിയെയും മറ്റു ചില നേതാക്കളെയും അറസ്റ്റു ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ നീലേശ്വരത്ത്‌ നിന്നും മേലത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ താലൂക്ക്‌ പിറ്റക്കിങ്ങിനിടെ പൊലീസ്‌ അദ്ദേഹത്തെ അറസ്റ്റു ചെയ്‌തു. കോടതി ഒരുവര്‍ഷം കഠിന തടവിനു ശിക്ഷിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ കേരളത്തില്‍ നടന്ന സ്വാതന്ത്ര്യ സമരങ്ങളുടെ മുന്നണി പോരാളിയായി പ്രവര്‍ത്തിക്കാന്‍ മേലത്തിന്‌ സാധിച്ചു. കാസര്‍കോട്ട്‌ നടന്ന പല സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്‌ മേലത്തായിരുന്നു.
വികസനം എത്തിനോക്കാതിരുന്ന കാസര്‍കോടിന്റെ മലയോര മേഖലയിലെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളുമായി ഇടപെടുമ്പോള്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന നിസ്വാര്‍ത്ഥതയാണ്‌ പാവങ്ങളുടെ മനസ്സില്‍ മേലത്തിന്റെ ചിത്രം ഇന്നും മായാതെ നില്‍ക്കാന്‍ കാരണം. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മുഖം തിരിക്കാതെ അവയെ നേരിടാന്‍ പാവങ്ങള്‍ക്ക്‌ പഠിപ്പിച്ചുകൊടുത്ത മേലത്ത്‌ എന്നും പാവപ്പെട്ടവന്റെ പ്രിയപ്പെട്ടവന്‍ തന്നെയായിരുന്നു. വടക്കന്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ ശില്‍പ്പി എന്നും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിനുണ്ടായിരുന്ന അറിവ്‌ അപാരം തന്നെയായിരുന്നു. 1982 ല്‍ രൂപം കൊണ്ട നബാര്‍ഡില്‍ ദിക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക അനൗദ്യോഗിക ഭരണസമിതി അംഗമായിരുന്നു മേലത്ത്‌. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്‌ മേലത്തിനെ ഈ ചുമതല ഏല്‍പ്പിച്ചത്‌. സഹകരണ പ്രസ്ഥാനത്തോടുള്ള മേലത്തിന്റെ അഭിനിവേശമാണ്‌ കാസര്‍കോട്‌ ജില്ലയിലെ നിരവധി സഹകരണ സ്ഥാപനങ്ങളുടെ പിറവിക്കും വളര്‍ച്ചയ്‌ക്കും ഇടയാക്കിയത്‌. മേലത്തിന്റെ ശ്രമഫലമായി കാസര്‍കോട്‌ ഭൂപണയബാങ്ക്‌, കാസര്‍കോട്‌ പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ കോ-ഓപ്പ്‌റേറ്റീവ്‌ സൊസൈറ്റി, കാസര്‍കോട്‌ മാര്‍ക്കറ്റിംഗ്‌ ആന്റ്‌ പ്രൊസസിംഗ്‌ സൊസൈറ്റി, കാസര്‍കോട്‌ സഹകരണ എഡ്യുക്കേഷന്‍ സൊസൈറ്റി, മുളിയാര്‍ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌, മഹാത്മജി ഭവന നിര്‍മ്മാണ സഹകരണ സംഘം എന്നിങ്ങനെ നിരവധി സഹകരണ പ്രസ്ഥാനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങുകയും അതിന്റെ അമരത്ത്‌ നിരവധി വര്‍ഷം ചുമതലയില്‍ ഇരിക്കുകയും ചെയ്‌തു. കാംപ്‌കോയുടെ സ്ഥാപക വൈസ്‌ പ്രസിഡന്റും കൂടിയായിരുന്നു മേലത്ത്‌. 1956 നവംബര്‍ ഒന്നിന്‌ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാന പുന:സംഘടന നടന്ന്‌ കേരള സംസ്ഥാനം നിലവില്‍ വരുന്നതുവരെയും അദ്ദേഹം മദിരാശി നിയമസഭാംഗമായിരുന്നു. മദിരാശി നിയമസാഭാംഗമായിരിക്കുമ്പോള്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിന്‌ നിരവധി സമരങ്ങള്‍ക്ക്‌ മേലത്ത്‌ നേതൃത്വം നല്‍കി. നിയമസഭാ മാര്‍ച്ച്‌ അടക്കമുള്ള പ്രക്ഷോഭ പരിപാടികളെ കേരള ജനത ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.
1964 മുതല്‍ 1985 വരെ പഞ്ചായത്ത്‌ കമ്മിറ്റികള്‍ പിരിച്ചുവിടുന്നതുവരെ മുളിയാര്‍ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. എതിരാളികളെയും മിത്രങ്ങളാക്കുന്ന ഒരു സവിശേഷ സ്വഭാവമായിരുന്നു മേലത്തിന്റേത്‌. അതുകൊണ്ടുതന്നെ രാഷ്‌ട്രീയത്തിനതീതമായി അദ്ദേഹത്തിന്റെ വ്യക്തി ബന്ധങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
1945 മുതല്‍ 1950 വരെ കെ പി സി സി നിര്‍വ്വാഹക സമിതി അംഗമായിരുന്ന മേലത്തിനെ 1949 ല്‍ കേളപ്പജിയുടെ കീഴില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. തുടര്‍ന്ന്‌ 1970 ല്‍ എ കെ ആന്റണി കെ പി സി സി പ്രസിഡന്റായിരുന്നപ്പോള്‍ മേലത്ത്‌ ജനറല്‍ സെക്രട്ടറിയായിരുന്നു. യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കെട്ടിപടുക്കുന്നതിലും മേലത്ത്‌ പ്രത്യേക താല്‍പ്പര്യം കാണിച്ചിരുന്നു. വടക്കന്‍കേരളത്തിലെ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിന്‌ ഊര്‍ജ്ജവും ശക്തിയും നല്‍കിയത്‌ മേലത്ത്‌ തന്നെയാണ്‌. കോണ്‍ഗ്രസ്‌ പ്രസ്ഥാനം കെട്ടിപടുക്കുവാന്‍ സമയവും സമ്പത്തും ഒരുപോലെ ചിലവഴിച്ച മേലത്ത്‌ സ്വയം മാറിനിന്ന്‌ മറ്റുള്ളവര്‍ക്ക്‌ ലക്ഷ്യത്തിലേക്കുള്ള വഴി കാട്ടികൊടുക്കുകയായിരുന്നു. അധികാരത്തിനും സ്ഥാനങ്ങള്‍ക്കും വേണ്ടി ഒരു വാതിലിലും ചെന്നുമുട്ടാത്ത മേലത്തിന്റെ വീട്ടു വാതില്‍ക്കലിലേക്ക്‌ അധികാരങ്ങള്‍ ചെന്നെത്തുകയായിരുന്നു. മറ്റെന്തിനേക്കാളും കോണ്‍ഗ്രസിന്റെ എളിയ സേവകന്‍ എന്നറിയപ്പെടാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നതെന്ന്‌ മേലത്ത്‌ പലപ്പോഴും സഹപ്രവര്‍ത്തകരോട്‌ പറഞ്ഞിട്ടുണ്ട്‌.
1985 ആഗസ്റ്റ്‌ 29ന്‌ രാവിലെ കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രദര്‍ശനത്തിന്‌ യാത്രതിരിച്ചപ്പോഴാണ്‌ വീട്ടുവളപ്പില്‍ വെച്ചുണ്ടായ കാറപടത്തില്‍ അദ്ദേഹത്തിന്‌ ഗുരുതരമായി പരുക്കേറ്റത്‌. പരുക്കേറ്റ അദ്ദേഹത്തെ മംഗലാപുരം കസ്‌തുബാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്‌തംബര്‍ മൂന്നിന്‌ മേലത്ത്‌ കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഒരുപോലെ ദു:ഖത്തിലാഴ്‌ത്തി ഈ നാടിനോട്‌ വിടപറഞ്ഞു.

NO COMMENTS

LEAVE A REPLY