ചിഗറുപാദയില്‍ വന്‍ ക്ഷേത്ര കവര്‍ച്ച; പഞ്ച ലോഹ വിഗ്രഹവും വെള്ളി നിര്‍മ്മിത പൂജാ പാത്രങ്ങളും നഷ്‌ടമായി

0
56

മഞ്ചേശ്വരം: മീഞ്ച, ചിഗറുപാദയിലെ പ്രശസ്‌തമായ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. പഞ്ചലോഹ വിഗ്രഹവും വെള്ളിയില്‍ നിര്‍മ്മിച്ച അര്‍ച്ചനാ പാത്രങ്ങളും നഷ്‌ടപ്പെട്ടു. വിവരമറിഞ്ഞ്‌ പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്നു രാവിലെ പൂജാരി പൂജയ്‌ക്കു എത്തിയപ്പോഴാണ്‌ കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്‌. ചുറ്റമ്പലത്തിന്റെ വാതിലിന്റെ പൂട്ട്‌ തകര്‍ത്താണ്‌ മോഷ്‌ടാക്കള്‍ അകത്തു കടന്നത്‌. തുടര്‍ന്ന്‌ ഭണ്ഡാരങ്ങള്‍ തകര്‍ത്തു. ക്ഷേത്രപൂജാരി ഉപയോഗിക്കുന്ന മുറിയിലും കയറി അവിടെ ഉണ്ടായിരുന്ന താക്കോല്‍ എടുത്താണ്‌ ശ്രീകോവിലിന്റെ വാതില്‍ തുറന്നത്‌. തുടര്‍ന്ന്‌ പഞ്ചലോഹ നിര്‍മ്മിതമായ ബലിമൂര്‍ത്തിയുടെ പഞ്ചലോഹ വിഗ്രഹം, പഞ്ചലിംഗേശ്വര വിഗ്രഹത്തില്‍ നിന്നു വെള്ളിനിര്‍മ്മിത കണ്ണ്‌, പൂജയ്‌ക്കു ഉപയോഗിക്കുന്ന പാത്രങ്ങള്‍ എന്നിവ കൈക്കലാക്കുകയായിരുന്നു.
വിവരമറിഞ്ഞ്‌ മഞ്ചേശ്വരം എസ്‌.ഐ എന്‍.വി.രാഘവന്റെ നേതൃത്വത്തില്‍ പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമാന രീതിയില്‍ ആഴ്‌ചകള്‍ക്കു മുമ്പെ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ചിത്താരി മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു. പ്രസ്‌തുത കേസിനു തുമ്പൊന്നും കണ്ടെത്താനാകാതെ തുടരുന്നതിനിടയിലാണ്‌ മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലും ക്ഷേത്ര കവര്‍ച്ച അരങ്ങേറിയത്‌. കുമ്പളയില്‍ മിനിഞ്ഞാന്നു രാത്രി ആറോളം കടകളില്‍ കവര്‍ച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ്‌ ഇന്നലെ ക്ഷേത്ര കവര്‍ച്ച ഉണ്ടായത്‌.

NO COMMENTS

LEAVE A REPLY