മുസ്സോടിയില്‍ കടല്‍ക്ഷോഭം രൂക്ഷം; കൂടുതല്‍ വീടുകള്‍ ഭീഷണിയില്‍

0
80

ഉപ്പള: കാലവര്‍ഷം ശക്തമായതോടെ ഉപ്പളയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. മുസ്സോടിയിലെ വീടുകളും തെങ്ങുകളും കടലെടുത്തു കൊണ്ടിരിക്കുകയാണ്‌. ശിവാജിനഗര്‍, അദിക്ക, ശാരദാ നഗര്‍, മണിമുണ്ട, ഹനുമാന്‍ നഗര്‍ എന്നിവിടങ്ങളില്‍ നിരവധി കുടുംബങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്‌. മുസ്സോടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ 50 മീറ്ററോളം കര, കടലെടുത്തു. കടപ്പുറത്തെ ഖദീജുമ്മ, നഫീസ, തസ്ലീമ, മറിയമ്മ, ആസ്യുമ്മ എന്നിവരുടെ വീടുകള്‍ ഏതു നേരവും കടലെടുക്കാമെന്ന അവസ്ഥയിലാണ്‌. ഏതാനും കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്‌. ശാരദാ നഗറിലെ ശകുന്തള, സുനന്ദ എന്നിവരുടെ വീടുകളും ഭീഷണിയിലാണ്‌. മുസ്സോടിയിലെ ഖൈറുന്നീസയുടെ തെങ്ങുകള്‍ ഇന്നലെ കടലെടുത്തു. ശിവാജി നഗര്‍ കടല്‍ക്കരയിലെ നിരവധി മരങ്ങളും കടലെടുത്തിട്ടുണ്ട്‌. പ്രദേശവാസികള്‍ മാറിത്താമസിക്കാനുള്ള ഒരുക്കത്തിലാണ്‌ അധികൃതര്‍ സ്ഥലസന്ദര്‍ശനം നടത്തി മടങ്ങാതെ ആവശ്യമായ നടപടികളെടുക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

NO COMMENTS

LEAVE A REPLY