കാലവര്‍ഷത്തോടൊപ്പം കടലാക്രമണവും; പരക്കെ നാശം

0
63

മഞ്ചേശ്വരം: കാലവര്‍ഷത്തോടൊപ്പം കടലാക്രമണവും രൂക്ഷമാവുന്നു.
ഉപ്പള മുസോടി കടപ്പുറത്തു അമ്പതു മീറ്ററോളം കര കടലെടുത്തു. അഞ്ചു കുടുംബങ്ങളെ ഇവിടെ നിന്നു മാറ്റിപ്പാര്‍പ്പിച്ചു. കൃഷിയും നശിച്ചു.
കടപ്പുറത്തെ ഖദീജുമ്മ, നഫീസ, തസ്ലീമ, മറിയമ്മ, ആസ്യുമ്മ എന്നിവരുടെ വീടുകളില്‍ വെള്ളം കയറിക്കൊണ്ടിരിക്കുന്നു.
ശാരദാനഗറിലെ ശകുന്തള സാലിയാന്‍, സുനന്ദ എന്നിവരുടെ വീടുകളും അപകട ഭീഷണിയിലാണ്‌. മണിമുണ്ട, ഹനുമാന്‍നഗര്‍ എന്നിവിടങ്ങളിലും കടലാക്രമണം അനുഭവപ്പെട്ടു.
ബായാര്‍ ധര്‍മ്മത്തടുക്ക സജിങ്കില റോഡിലെ ഗുംഭെയില്‍ കുന്നിടിഞ്ഞു സമീപത്തെ വീടിന്റെ മതിലിടിഞ്ഞു. ജയരാമ നായിക്കിന്റെ വീട്ടുമതിലാണ്‌ തകര്‍ന്നത്‌. മണ്ണിടിച്ചില്‍ ഇനിയുമുണ്ടായാല്‍ വീടിനു ഭീഷണിയുണ്ടാവുമെന്നു പറയുന്നു. മണ്ണിടിച്ചിലിനെത്തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം നാട്ടുകാര്‍ നീക്കം ചെയ്‌തു.
ഉദുമ,കളനാട്‌ അരമങ്ങാനത്തെ നാരായണിയുടെ ഓടിട്ട വീടിനു മുകളില്‍ തെങ്ങു വീണു കേടുപാടു സംഭവിച്ചു. ചാത്തങ്കൈ കുന്നരിയത്തെ മുഹമ്മദ്‌ കുഞ്ഞിയുടെ വീടിനു മുകളിലും തെങ്ങു വീണു ഭാഗികമായി നാശം നേരിട്ടു.
വിദ്യാനഗര്‍ പൊലീസ്‌ സ്റ്റേഷനു മുന്നില്‍ നിന്ന മരം ഇന്നലെയുണ്ടായ കാറ്റില്‍ കടപുഴകി വീണു. അവിടെ നിറുത്തിയിരുന്ന രണ്ടു വാഹനങ്ങള്‍ക്കു കേടുപാടു സംഭവിച്ചു.കാസര്‍കോട്‌ എ.ആര്‍ ക്യാമ്പിനടുത്തെ 11 കെ.വി ഹൈടെന്‍ഷന്‍ ലൈനില്‍ കടപുഴകി വീണ മരം തങ്ങി നിന്നതു വലിയ ആശങ്ക പരത്തിയിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നു മരം മുറിച്ചു മാറ്റി അപകടം ഒഴിവാക്കി.

NO COMMENTS

LEAVE A REPLY