കാസര്‍കോട്‌ കടപ്പുറം അടച്ചു; ഇന്നലെ 49 പേര്‍ക്കു കോവിഡ്‌ സ്ഥിരീകരിച്ചു

0
42

കാസര്‍കോട്‌: കാസര്‍കോട്‌ കടപ്പുറത്തു കോവിഡ്‌ വ്യാപനം രൂക്ഷമാവുന്നു.
ഇന്നലെ ഇവിടെ 75 പേരെ പരിശോധിച്ചതില്‍ 49 പേര്‍ക്കു കോവിഡ്‌ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്നു കടപ്പുറം അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു. ഇന്നലെ രോഗംസ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകരുമുണ്ട്‌. മിനിഞ്ഞാന്നു ഇവിടെ 24പേര്‍ക്കു കോവിഡ്‌ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
ഇന്നു ഇവിടെയും പരിസരങ്ങളിലും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അണുമുക്തമാക്കിക്കൊണ്ടിരിക്കുകയാണ്‌. ജനങ്ങള്‍ക്കിവിടെ പ്രതിരോധ മരുന്നുകളും വിറ്റാമിന്‍ സി ഗുളികകളും നല്‍കുന്നു.
കടപ്പുറത്തു രോഗബാധ കണ്ടെത്തിയവര്‍ക്കു രോഗ ലക്ഷണമൊന്നുമില്ലെന്നത്‌ അധികൃതരെ കുഴക്കുന്നു. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണം അനുഭവപ്പെടുന്നവര്‍ വിവരം ഉടന്‍ ആരോഗ്യ വിഭാഗത്തെ അറിയിക്കണമെന്നു ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചു. കോവിഡ്‌ വ്യാപനത്തെത്തുടര്‍ന്നു കടപ്പുറത്തേക്കുള്ള റോഡുകള്‍ പൂര്‍ണ്ണമായി അടച്ചു.
ഇവിടെയുള്ളവര്‍ക്ക്‌ ആവശ്യമായ ഭക്ഷണ സാധനങ്ങളും മരുന്നും പൊലീസ്‌ എത്തിച്ചു നല്‍കും. 36-ാം വാര്‍ഡിലുള്ളവരെ പുറത്തേക്കു വിടില്ല. പുറത്തു നിന്ന്‌ ആരെയും ഈ വാര്‍ഡില്‍ കടക്കാന്‍ അനുവദിക്കുകയുമില്ലെന്നു പൊലീസ്‌ അറിയിച്ചു.കോവിഡ്‌ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കുന്നതിനു ഡി എം ഒയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ അടിയന്തിര യോഗം ചേര്‍ന്നു. പൊലീസും അധികൃതരും അതീവ ജാഗ്രതയിലാണ്‌.

NO COMMENTS

LEAVE A REPLY