ബദിയഡുക്കയില്‍ എ ടി എമ്മുകള്‍ ഇടപാടുകാര്‍ക്കു നല്‍കുന്നത്‌ ഇരുട്ടടി

0
111

ബദിയഡുക്ക: കോവിഡ്‌ ആശങ്കയും കാലവര്‍ഷവും കൊണ്ടു വീര്‍പ്പുമുട്ടുന്ന ജനങ്ങളെ ബദിയഡുക്കയിലെ ബാങ്കുകള്‍ വട്ടം കറക്കി വിഷമിപ്പിക്കുന്നു.
ദേശസാല്‍കൃത ബാങ്കുകളുള്‍പ്പെടെ വിവിധ ബാങ്കുകളുടെ പത്ത്‌ എ ടി എമ്മുകളുള്ള ബദിയഡുക്കയില്‍ ഇതില്‍ ചിലത്‌ ഒന്നരമാസമായി അടച്ചിട്ടിരിക്കുന്നു. മറ്റുള്ളവ തുറക്കുന്നെങ്കിലും അതില്‍ പലതിലും പണമില്ല. മറ്റു ചിലതു കാര്‍ഡിടുമ്പോള്‍ ഓരോരോ കാരണം പറഞ്ഞു ജനങ്ങളെ പരിഹസിക്കുന്നു.
ഇക്കാര്യം ബന്ധപ്പെട്ട ബാങ്ക്‌ അധികൃതരെ അറിയിക്കുമ്പോള്‍ “ദേ, പോയി, ദാ വന്നു” എന്നൊക്കെ പറഞ്ഞു ആളുകളെ വിഡ്‌ഢികളാക്കുന്നു- നാട്ടുകാര്‍ പറയുന്നു.
ആശാവര്‍ക്കര്‍മാര്‍ക്കും അംഗന്‍വാടി ടീച്ചര്‍മാര്‍ക്കും കാസര്‍കോട്‌ എസ്‌ ബി ഐ യിലാണ്‌ പ്രതിഫലം വരുന്നത്‌. ആ പണം എ ടി എമ്മില്‍ നിന്നെടുക്കാനോ ആവശ്യം നിറവേറ്റാനോ കഴിയാതെ അവരും വിഷമിക്കുന്നു.
ഇത്രയേറെ എ ടി എമ്മുകള്‍ ഉണ്ടായിട്ടും ഇടപാടുകാരെ വിഷമിപ്പിക്കുന്ന ബാങ്കധികൃതരുടെ നിലപാട്‌ പ്രതിഷേധം ഉയര്‍ത്തുന്നു. ഇന്നലെ ബദിയഡുക്കയിലെ എ ടി എമ്മില്‍ നിന്നു പണം കിട്ടാതെ വന്ന ഇടപാടുകാര്‍ ഓട്ടോ വിളിച്ചു സീതാംഗോളിയില്‍ എത്തി മൂന്നു മണിക്കൂര്‍ ക്യൂനിന്നാണ്‌ പണമെടുത്തതെന്നും ആക്ഷേപമുണ്ട്‌.

NO COMMENTS

LEAVE A REPLY