കൂട്ടക്കൊലയില്‍ നാടു നടുങ്ങി

0
62

മഞ്ചേശ്വരം: പൈവളിഗെ പഞ്ചായത്തിലെ എട്ടാം വാര്‍ഡായ കനിയാല, ഗുരുകുമേരിയില്‍ മാതൃ സഹോദരങ്ങളായ നാലു പേരെ യുവാവ്‌ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. വിവരമറിഞ്ഞ്‌ നൂറുകണക്കിന്‌ പേര്‍ സ്ഥലത്തേയ്‌ക്ക്‌ ഒഴുകിയെത്താന്‍ ശ്രമിച്ചുവെങ്കിലും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പലരും ഉദ്യമം ഉപേക്ഷിച്ച്‌ മടങ്ങി. ഇന്നലെ വൈകുന്നേരം 6.30 മണിയോടെയായിരുന്നു കൂട്ടക്കൊല. കല്ലുകെട്ടുതൊഴിലാളിയായ ബാബു (72), കൂലിപ്പണിക്കാരനായ വിട്‌ല (70), ദേവകി (58), കൂലിപ്പണിക്കാരനായ സദാശിവ (53) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. കൊല്ലപ്പെട്ടവരുടെ സഹോദരി ലക്ഷ്‌മിയുടെ മകന്‍ ഉദയനാണ്‌ നാലുപേരെയും മഴുകൊണ്ടും കത്തികൊണ്ടും വീട്ടിനകത്ത്‌ വെട്ടിക്കൊലപ്പെടുത്തിയത്‌. സംഭവത്തിന്‌ ശേഷം ചോര പുരണ്ട വസ്‌ത്രങ്ങളും കൊലയ്‌ക്ക്‌ ഉപയോഗിച്ച കത്തിയും മഴുവുമായി ഉദയന്‍ നടന്ന്‌ കനിയാല ജംഗ്‌ഷനിലെത്തി അങ്ങുമിങ്ങും നടക്കുന്നതാണ്‌ നാട്ടുകാര്‍ കണ്ടത്‌. ഇയാളെ അനുനയിപ്പിക്കാന്‍ പലരും ശ്രമിച്ചുവെങ്കിലും ആദ്യം വഴങ്ങിയില്ല. കൂടുതല്‍ ആള്‍ക്കാര്‍ സ്ഥലത്തെത്തിയതോടെ അനുനയം ഫലം കണ്ടു. ആയുധം കൈക്കലാക്കിയ ശേഷം ഉദയനെ പിടികൂടി കെട്ടിയിട്ടു. ഇതിനിടയില്‍ വിവരമറിഞ്ഞ്‌ അതിര്‍ത്തിയില്‍ പട്രോളിംഗിലായിരുന്ന കുമ്പള പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പ്രമോദും സംഘവുമെത്തി ഉദയനെ കസ്റ്റഡിയിലെടുത്തു. രാത്രിയില്‍ കൂട്ടക്കൊല നടന്ന വീടിന്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തി.
ഇന്നു രാവിലെ ആരോഗ്യവകുപ്പ്‌ ജീവനക്കാരുടെ സഹായത്തോടെ ഇന്‍ക്വസ്റ്റ്‌ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പരിയാരത്തേക്ക്‌ മാറ്റി. കോവിഡ്‌ പരിശോധനയ്‌ക്ക്‌ ശേഷമായിരിക്കും പോസ്റ്റുമോര്‍ട്ടം നടക്കുക. പ്രേമയാണ്‌ കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യ. മക്കളില്ല. സഹോദരങ്ങളായ വിട്‌ല, സദാശിവയും അവിവാഹിതരാണ്‌. നാഗേഷിന്റെ ഭാര്യയാണ്‌ ദേവകി. ഇവര്‍ക്ക്‌ ഒരു മകളുണ്ട്‌; ജ്യോതി. കണ്വതീര്‍ത്ഥയിലെ ഗിരീഷിന്റെ ഭാര്യയാണ്‌.

NO COMMENTS

LEAVE A REPLY