സ്വര്‍ണ്ണവില ഇന്നും കൂടി; അരലക്ഷം തൊടുമോ?

0
85

കാസര്‍കോട്‌: സ്വര്‍ണ്ണവില അരലക്ഷം രൂപ തൊടുമോ? കോവിഡ്‌ ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനിടയിലും ജനങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയമായി സ്വര്‍ണ്ണവില മാറികഴിഞ്ഞു. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിനു 40,000 രൂപയായിരുന്നു.എന്നാല്‍ ഇന്നു 20 രൂപ കൂടി വര്‍ധിച്ച്‌ ഗ്രാം വില 5,020 രൂപയായി. പവന്‌ 160 രൂപ വര്‍ധിച്ച്‌ 40,160 രൂപയായി ഉയര്‍ന്നു. സ്വര്‍ണ്ണ വിലയിലെ സര്‍വ്വകാല റെക്കോര്‍ഡ്‌ വിലയിലാണ്‌ ഇന്നത്തേത്‌. ഈ വര്‍ഷം ജനുവരി മാസത്തോടെയാണ്‌ സ്വര്‍ണ്ണ വിലയില്‍ കുതിപ്പ്‌ ഉണ്ടായി തുടങ്ങിയത്‌.ജനുവരിയില്‍ 29,000 രൂപയായിരുന്നു പവന്‍ വില. മാര്‍ച്ച്‌ മാസത്തോടെ പവന്‌ 31,040 രൂപയായി. കോവിഡ്‌ കാലത്തും സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പാണ്‌ ഉണ്ടായത്‌. മെയ്‌ മാസം 33,400 രൂപയും ജൂണില്‍ 34,480 രൂപയുമായി. പവന്‌ 40,000 രൂപ പൂര്‍ത്തിയാക്കിയാണ്‌ ജൂലായ്‌ കടന്നുപോയത്‌. ആഗസ്‌ത്‌ മാസം പിറന്ന ദിവസം തന്നെ പവന്‌ 160 രൂപയുടെ വര്‍ധനവ്‌ ഉണ്ടായി.അതേ സമയം സ്വര്‍ണ്ണവില ഉയര്‍ന്നു കൊണ്ടിരിക്കുന്നത്‌ ആഭരണ പ്രേമികളെ നിരാശരാക്കുന്നുണ്ട്‌. ഒരു പവന്‍ സ്വര്‍ണ്ണത്തിനു 40,160 രൂപയാണെങ്കിലും ഇത്‌ ആഭരണമായി വാങ്ങിക്കുമ്പോള്‍ 45,000 വോളം രൂപ നല്‍കേണ്ടിവരും. എട്ടു ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജിഎസ്‌.ടി, 0.25 ശതമാനം സെസ്‌ എന്നിവ കൂടി ഉള്‍പ്പെടുത്തിയാണ്‌ സ്വര്‍ണ്ണാഭരണത്തിനു വില നിശ്ചയിക്കുന്നത്‌.

NO COMMENTS

LEAVE A REPLY