ബദിയഡുക്ക അഴിമതി രഹിതമെന്ന്‌ കോണ്‍ഗ്രസ്‌; വികസനത്തിനു പാര പണിതത്‌ ലീഗെന്ന്‌ ബി.ജെ.പി, അഴിമതി തുടരുന്നുവെന്ന്‌ വികസന സമിതി

0
52

കാസര്‍കോട്‌: കാസര്‍കോട്‌ മെഡിക്കല്‍ കോളേജ്‌ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ്‌ ബദിയഡുക്ക പഞ്ചായത്ത്‌. കവുങ്ങ്‌ കൃഷിയാണ്‌ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. നെല്‍കൃഷിയുമുണ്ട്‌. കൂലിപ്പണിയും കൃഷിപ്പണിയുമാണ്‌ ജനങ്ങളുടെ പ്രധാന തൊഴില്‍. ജില്ലയിലെ എന്റോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളില്‍ ഒന്നാണ്‌ ബദിയഡുക്ക. വികസിക്കാനുള്ള പശ്ചാത്തല സാധ്യതകള്‍ ഏറെയുള്ള മണ്ണില്‍ ഇനിയും അതിനുളള സാധ്യതകളോ ശ്രമങ്ങളോ ആത്മാര്‍ത്ഥമായി ഉണ്ടാകാത്ത പഞ്ചായത്ത്‌ എന്ന ആക്ഷേപവും ബദിയഡുക്കയ്‌ക്കുണ്ട്‌.
ആകെ 19 വാര്‍ഡുകളാണ്‌. എട്ടു അംഗങ്ങളുള്ള ബി.ജെ.പിയാണ്‌ ഏറ്റവും വലിയ കക്ഷി. യു.ഡി.എഫിലെ കോണ്‍ഗ്രസിനും മുസ്ലീംലീഗിനും അഞ്ചു വീതം അംഗങ്ങളും സി.പി.എമ്മിനു ഒരു അംഗവുമുണ്ട്‌. കോണ്‍ഗ്രസ്സിലെ കെ.എന്‍.കൃഷ്‌ണഭട്ടാണ്‌ പ്രസിഡണ്ട്‌.

ബദിയഡുക്കയെ അഴിമതി
രഹിതമാക്കി: കെ.എന്‍.കൃഷ്‌ണഭട്ട്‌
അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ ബദിയഡുക്കയെ അഴിമതി രഹിതമാക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ പ്രധാന ഭരണനേട്ടമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എന്‍.കൃഷ്‌ണഭട്ട്‌ പറഞ്ഞു. 15 വര്‍ഷമായി തുടര്‍ച്ചയായി യു.ഡി.എഫ്‌ ഭരിക്കുന്ന പഞ്ചായത്താണിത്‌.പഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ ചെലവില്‍ പ്ലാസ്റ്റിക്‌ മാലിന്യ സംസ്‌ക്കരണ കേന്ദ്രം ആരംഭിക്കാന്‍ കഴിഞ്ഞു. തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച്‌ 19 വാര്‍ഡുകളിലും റോഡുകള്‍ കോണ്‍ക്രീറ്റ്‌ ചെയ്‌തു.
ബേളയില്‍ ബഡ്‌സ്‌ സ്‌കൂള്‍ സ്ഥാപിച്ചു. എല്ലാ വാര്‍ഡിനെയും വികസന കാര്യത്തില്‍ സമഭാവനയോടെ കണ്ടു. ഇന്‍ഡോര്‍ സ്റ്റേഡിയം പണി തീര്‍ത്തു. എല്ലാ വാര്‍ഡുകളിലും തെരുവുവിളക്കുകള്‍ സ്ഥാപിച്ചു- അദ്ദേഹം പറഞ്ഞു.

നല്ല പ്രസിഡണ്ട്‌; പക്ഷെ വികസനത്തിനു ലീഗ്‌ പാരവച്ചു: ബി.ജെ.പി
നല്ല വികസന കാഴ്‌ചച്ചപ്പാടുള്ള പ്രസിഡണ്ടാണ്‌ കെ.എന്‍.കൃഷ്‌ണഭട്ടെന്നു ബി.ജെ.പി അംഗം ഡി.ശങ്കര പറഞ്ഞു. പഞ്ചായത്തിനെ വികസനപരമായി നല്ല നിലയിലേയ്‌ക്ക്‌ എത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചു. പക്ഷെ യു.ഡി.എഫിലെ ഘടക കക്ഷിയായ ലീഗ്‌ അതിനു സമ്മതിച്ചില്ല. ബദിയഡുക്ക ടൗണ്‍ വികസനത്തിനു ഒരു കോടി രൂപ എന്‍.എ നെല്ലിക്കുന്ന്‌ എം.എല്‍.എ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ അത്‌ കിട്ടാതാക്കിയത്‌ ലീഗ്‌ നേതാക്കളാണ്‌. ബദിയഡുക്ക ടൗണിന്റെ വികസനം കോണ്‍ഗ്രസ്‌ പ്രസിഡണ്ടിന്റെ കാലത്ത്‌ ഉണ്ടാകരുതെന്നു ലീഗ്‌ ആഗ്രഹിച്ചു. അതുകൊണ്ടാണ്‌ രണ്ടു വര്‍ഷം മുമ്പ്‌ പൊളിച്ചു മാറ്റിയ ബസ്‌സ്റ്റാന്റിന്‌ പകരം ബസ്‌സ്റ്റാന്റ്‌ നിര്‍മ്മിക്കാന്‍ കഴിയാതെ പോയത്‌- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണം നിരാശാജനകം: സി.പി.എം
അഞ്ചു വര്‍ഷത്തെ യു.ഡി.എഫ്‌ ഭരണം നിരാശാജനകമാണെന്നു സി.പി.എം അംഗം മുനീര്‍ ചെടേക്കാല്‍ പറഞ്ഞു. പൊളിച്ചു മാറ്റിയ ബസ്‌സ്റ്റാന്റിനു പകരം പുതിയതു നിര്‍മ്മിക്കാന്‍ കഴിയാത്തത്‌ യുഡിഎഫിലെ തൊഴുത്തില്‍ കുത്തു കാരണമാണ്‌. സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ ഭരണക്കാര്‍ക്ക്‌ കഴിഞ്ഞില്ല. അഴിമതി ഭരണത്തിനിടയില്‍ തകരാറായി കിടക്കുന്ന തെരുവുവിളക്കുകള്‍പോലും നന്നാക്കാന്‍ മറന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY