ആനക്കൊമ്പില്‍ തീര്‍ത്ത ഗണപതി വിഗ്രഹം; അറസ്റ്റിലായ സംഘത്തിനു ഉന്നത ബന്ധം

0
336

കാഞ്ഞങ്ങാട്‌: ആനക്കൊമ്പില്‍ തീര്‍ത്ത 20 ലക്ഷം രൂപ വില വരുന്ന ഗണപതി വിഗ്രഹവുമായി വില്‍പ്പനയ്‌ക്കെത്തി അറസ്റ്റിലായ സംഘത്തിനു ഉന്നത സ്ഥാനങ്ങളിലുള്ളവരുമായി ബന്ധം. ഇതു സംബന്ധിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ്‌ അധികൃതര്‍ പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ `ഫെയ്‌സ്‌’ എന്ന ട്രസ്റ്റ്‌ നടത്തുന്ന കോട്ടയം സ്വദേശി ജോമോന്‍ ജോയ്‌ (30), പാലക്കാട്ടെ ബിനോജ്‌ കുമാര്‍ (49), കണ്ണൂര്‍ മുഴപ്പിലങ്ങാട്‌ സ്വദേശി പ്രവീണ്‍ (45) എന്നിവരാണ്‌ കാഞ്ഞങ്ങാട്‌ ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസര്‍ കെ.അഷ്‌റഫിന്റെയും സംഘത്തിന്റെയും പിടിയിലായത്‌.ആനക്കൊമ്പില്‍ തീര്‍ത്ത ഗണപതി വിഗ്രഹം കടത്തികൊണ്ടുവരുന്നതായി ഏതാനും ദിവസം മുമ്പ്‌ തന്നെ അധികൃതര്‍ക്ക്‌ സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ ഫോറസ്റ്റ്‌ ഓഫീസര്‍ പി.പ്രഭാകരന്‍, പനത്തടി സെക്ഷന്‍ ഓഫീസര്‍ സി.ജെ.ജോസഫ്‌, മരുതോം സെക്ഷന്‍ ഓഫീസര്‍ വിനോദ്‌ കുമാര്‍, സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ബി.ശേഷപ്പ, ബി.എഫ്‌.ഒമാരാ. എം.ഹരി, ആര്‍.കെ.രാഹുല്‍, എം.പി.അഭിജിത്ത്‌, കെ.വിശാഖ്‌, ഷിഹാബുദ്ദീന്‍, എ.ജിതിന്‍, കെ.വിജയകുമാര്‍, പ്രകാശ്‌, അനശ്വര, ശാന്തികൃഷ്‌ണ, ഒ.എ.ഗിരീഷ്‌, സുരേന്ദ്രന്‍ എന്നിവരടങ്ങിയ സംഘം ജാഗ്രതയിലായിരുന്നു.വിവിധ സ്ഥലങ്ങളില്‍ കാത്തുനിന്നിരുന്ന വനം വകുപ്പ്‌ അധികൃതര്‍ കാഞ്ഞങ്ങാട്‌ സൗത്തില്‍ നിന്നാണ്‌ വിഗ്രഹവുമായെത്തിയ കാറിനെ പിന്തുടര്‍ന്നത്‌. പല വഴിയിലൂടെ മുന്നോട്ടു നീങ്ങിയ കാര്‍ മടിക്കൈ പാലത്തിനു മുകളില്‍ വച്ചാണ്‌ വളഞ്ഞിട്ടു പിടികൂടിയത്‌. വനം വകുപ്പ്‌ ഓഫീസില്‍ എത്തിച്ച്‌ പരിശോധിച്ചപ്പോഴാണ്‌ കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള സ്ഥലത്ത്‌ ഒളിപ്പിച്ചു വച്ചിരുന്ന വിഗ്രഹം കണ്ടെത്തിയത്‌.`ഫെയ്‌സ്‌’ ട്രസ്റ്റിന്റെ പ്രധാന ഭാരവാഹിയാണ്‌ സംഘത്തലവനായ ജോമോന്‍ ജോയിയെന്നു അധികൃതര്‍ പറഞ്ഞു.
ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരടക്കമുള്ളവരാണ്‌ ട്രസ്റ്റ്‌ അംഗങ്ങള്‍. ഈ ബന്ധങ്ങളുടെ മറവിലാണ്‌ ആനക്കൊമ്പില്‍ നിര്‍മ്മിച്ച വിഗ്രഹ ഇടപാടിലേയ്‌ക്ക്‌ നീങ്ങിയതെന്നാണ്‌ സൂചന. നേരത്തെയും സംഘം വിഗ്രഹവുമായി ജില്ലയില്‍ എത്തിയിരുന്നുവെങ്കിലും ഇടപാട്‌ നടന്നിരുന്നില്ല. രണ്ടാം വരവിലാണ്‌ സംഘം പിടിയിലായത്‌.

NO COMMENTS

LEAVE A REPLY