108 ആംബുലന്‍സില്‍ യുവതിക്ക്‌ സുഖ പ്രസവം

0
78

കാഞ്ഞങ്ങാട്‌: 108 ആംബുലന്‍സില്‍ യുവതിക്ക്‌ സുഖ പ്രസവം. വള്ളിക്കടവിലെ രാഹുലിന്റെ ഭാര്യ സിജി (24)യാണ്‌ ഇന്നു രാവിലെ പത്തരക്ക്‌ ആംബുലന്‍സില്‍ വെച്ച്‌ ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. മാലോത്തു നിന്ന്‌ കാഞ്ഞങ്ങാട്ടേക്കു കൊണ്ടുപോകവെ കരിന്തളം പെരിയങ്ങാനത്ത്‌ വെച്ചാണ്‌ ആംബുലന്‍സില്‍ പ്രസവം നടന്നത്‌. പ്രസവ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ഇന്നു രാവിലെ വെള്ളരിക്കുണ്ടിലെ 108 ആംബുലന്‍സ്‌ ഡ്രൈവര്‍ കൊല്ലംപാറയിലെ ഷിജുവിന്‌ ഒരു ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. വള്ളിക്കടവിലെ യുവതി പ്രസവ സംബന്ധമായ അസുഖത്തിലാണെന്നും ഉടന്‍ എത്തണമെന്നുമായിരുന്നു സന്ദേശ. വിവരം അറിഞ്ഞതിനെ തുടര്‍ന്ന്‌ ഡ്രൈവര്‍ വെള്ളരിക്കുണ്ടിലെ സ്റ്റാഫ്‌ നഴ്‌സ്‌ സില്‍വിയുമായി എത്തുകയും സിജിയെയും കൂട്ടി ജില്ലാ ആശുപത്രിയിലേക്ക്‌ തിരിക്കുകയുമായിരുന്നു. ആംബുലന്‍സ്‌ പെരിയങ്ങാനത്ത്‌ എത്തിയതോടെ പ്രസവ വേദന ദുസ്സഹമാവുകയും ആംബുലന്‍സ്‌ നിര്‍ത്താന്‍ സില്‍വി ഡ്രൈവറോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. സിജിയുടെ രണ്ടാമത്തെ പ്രസവമാണിത്‌.

NO COMMENTS

LEAVE A REPLY