കാഞ്ഞങ്ങാട്ടേക്കും മഞ്ചേശ്വരത്തേക്കും കെ എസ്‌ ആര്‍ ടി സി സര്‍വീസ്‌ തുടങ്ങി

0
115

കാസര്‍കോട്‌: രണ്ടുമാസത്തോളമായി നിലച്ചിരുന്ന ബസ്‌ സര്‍വീസ്‌ കെ എസ്‌ ആര്‍ ടി സി ഇന്നു ഭാഗീകമായി പുനസ്ഥാപിച്ചു. കാസര്‍കോട്ട്‌ നിന്ന്‌ ദേശീയപാത, തീരദേശപാത എന്നിവയിലൂടെ രണ്ടു ബസുകളും മഞ്ചേശ്വരത്തേക്കും തിരിച്ചും രണ്ടു ബസുകളും രാവിലെ സര്‍വീസ്‌ ആരംഭിച്ചു.
അറുപതു യാത്രക്കാര്‍ക്ക്‌ സഞ്ചരിക്കാവുന്ന ബസുകളില്‍ 30 പേരെയാണ്‌ കയറ്റുന്നത്‌. മുഖാവരണവും സാനിട്ടൈസറും ഉപയോഗിക്കുന്നവരെ യാത്രയ്‌ക്ക്‌ അനുവദിക്കുന്നുള്ളു. ഇവ യാത്രക്കാര്‍ തന്നെ കൊണ്ടു വരണമെന്ന്‌ അധികൃതര്‍ പറഞ്ഞു. അതേസമയം കാഞ്ഞങ്ങാട്‌ സ്റ്റാന്റില്‍ നിന്ന്‌ പുറപ്പെടുന്ന ബസുകളില്‍ കയറാനെത്തുന്നവര്‍ക്ക്‌ ജീവനക്കാര്‍ സാനിട്ടൈസര്‍ നല്‍കുന്നുണ്ട്‌. കാസര്‍കോട്ട്‌ നിന്ന്‌ അതു കണ്ടക്‌ടറെയും ഡ്രൈവറെയും ഏല്‍പ്പിക്കുന്നുണ്ടെങ്കിലും അതവര്‍ക്കു വേണ്ടിയാണെന്നാണ്‌ ബന്ധപ്പെട്ടവര്‍ പറയുന്നതെന്ന്‌ യാത്രക്കാര്‍ അറിയിച്ചു.
കാസര്‍കോട്‌ നിന്ന്‌ ദേശീയപാത വഴിയുള്ള ബസില്‍ 51 രൂപയും ചന്ദ്രഗിരി വഴിയുള്ള ബസില്‍ 40 രൂപയുമാണ്‌ ചാര്‍ജ്‌.
ലോക്കലായാണ്‌ ബസുകള്‍ ഓടുന്നത്‌. ബസില്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട്‌ സീറ്റ്‌ ഒഴിവുണ്ടെങ്കില്‍ മാത്രമെ ആളുകളെ കയറ്റുന്നുള്ളു. രാവിലെ കാഞ്ഞങ്ങാട്ടേക്ക്‌ കാസര്‍കോട്‌ നിന്ന്‌ നാലു യാത്രക്കാരുമായാണ്‌ ബസ്‌ പുറപ്പെട്ടത്‌. മടക്കയാത്രയില്‍ ബസില്‍ നിബന്ധനകള്‍ക്ക്‌ വിധേയമായി പൂര്‍ണ്ണമായി യാത്രക്കാരുണ്ടായിരുന്നു.
വടക്കോട്ടുള്ള ബസുകള്‍ മഞ്ചേശ്വരം വരെയെ ഓടുന്നുള്ളു. ബസിന്റെ പിന്‍വാതിലിലൂടെയാണ്‌ യാത്രക്കാരെ കയറ്റുന്നത്‌. മുന്‍വാതില്‍ വഴി പുറത്തുവിടുന്നു. ഓരോ ട്രിപ്പു കഴിയുന്തോറും യാത്രക്കാരുടെ എണ്ണം കൂടുന്നുണ്ട്‌. ആവശ്യമനുസരിച്ച്‌ ബസുകളുടെ എണ്ണവും മറ്റു റൂട്ടുകളിലേക്ക്‌ സര്‍വീസും ആരംഭിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY