കൊല്ലം: ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ തമിഴ്‌നാട്ടില്‍ നിന്ന് ലോറിക്കടിയില്‍ ഉറപ്പിച്ച സ്റ്റെപ്പിനി ടയറിന് മുകളില്‍ അതിസാഹസികമായി കയറി കൂടിയ യുവാവിനെ സമര്‍ത്ഥരായ പൊലീസ് സംഘം കണ്ടുപിടിച്ചു. തമിഴ്‌നാട് സ്വദേശിയായ ഹരീഷി (33)നെ പൊലീസ് പുനലൂരില്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിച്ചു.
ലോറി സംസ്ഥാനാതിര്‍ത്തി ചെക്ക് പോസ്റ്റായ ആര്യങ്കാവ് കടക്കുന്നതിനിടയിലാണ് ലോറിക്കടിയില്‍ രണ്ടു കാലുകള്‍ തൂങ്ങി കിടക്കുന്നത് ഒരു പൊലീസുകാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. അയാള്‍ വിവരം മേലുദ്യോഗസ്ഥരന്മാരെ അറിയിച്ചു. അവര്‍ ലോറിയെ പിന്തുടര്‍ന്നാണ് ഡ്രൈവര്‍ അറിയാതെ സ്റ്റെപ്പിനി ടയറില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവിനെ പിടികൂടിയത്.
കോവിഡിനിടയില്‍ ഭാര്യ ജന്മം നല്‍കിയ കുട്ടിയെയും ഭാര്യയെയും കാണാനാണ് താന്‍ ഈ സാഹസത്തിന് മുതിര്‍ന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.