അഞ്‌ജനയുടെ മരണം: ദുരൂഹത ഏറുന്നു; അന്വേഷണം ആവശ്യപ്പെട്ട്‌ മാതാവും ഹിന്ദു ഐക്യവേദിയും രംഗത്ത്‌

0
156

കാഞ്ഞങ്ങാട്‌: ഗോവയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കാഞ്ഞങ്ങാട്‌ പുതുക്കൈ സ്വദേശിനി അഞ്‌ജന (21)യുടെ മരണത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്ന്‌ മാതാവ്‌ മിനി ആവശ്യപ്പെട്ടു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഈ സാഹചര്യത്തില്‍ ഗൗരവമായ അന്വേഷണം അനിവാര്യമാണെന്നും കാഞ്ഞങ്ങാട്‌ ഡിവൈ എസ്‌ പിക്ക്‌ നല്‍കിയ പരാതിയില്‍ പറഞ്ഞു.
തശ്ശേരി ബ്രണ്ണന്‍ കോളേജ്‌ വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്‌ജനയെ നാലു മാസം മുമ്പ്‌ കാണാതായതായി മാതാവ്‌ ഹോസ്‌ദുര്‍ഗ്ഗ്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ്‌ യുവതിയെ കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിച്ചു. തുടര്‍ന്ന്‌ കോളേജിലേക്കെന്ന്‌ പറഞ്ഞുപോയ അഞ്‌ജനയെ കാണാതായെന്ന പരാതിയുമായി മാതാവ്‌ വീണ്ടും പൊലീസിനെ സമീപിച്ചു. കോഴിക്കോട്ടെ ഒരു സാമൂഹ്യ സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരുന്ന യുവതിയെ പൊലീസ്‌ കണ്ടെത്തി ഹോസ്‌ദുര്‍ഗ്ഗ്‌ കോടതിയില്‍ ഹാജരാക്കിയെങ്കിലും അതേ സംഘടന പ്രവര്‍ത്തകയോടൊപ്പം അഞ്‌ജന മടങ്ങുകയായിരുന്നു. പിന്നീട്‌ കൂട്ടുകാരുമായി ഗോവയിലായിരുന്നു. സംഭവത്തിന്‌ നിമിഷങ്ങള്‍ക്ക്‌ മുമ്പ്‌ വരെ ഉല്ലാസവതിയായിരുന്ന അഞ്‌ജനക്ക്‌ വന്ന ഫോണുമായി സംസാരിച്ചതിനു ശേഷം നിരാശയായി കാണപ്പെട്ടിരുന്നതായി കൂട്ടുകാര്‍ പറഞ്ഞിരുന്നു. മരണത്തിന്‌ തലേദിവസം വീട്ടുകാരെ വിളിച്ചു സന്തോഷത്തോടെ സംസാരിച്ചിരുന്നതായും പറയുന്നുണ്ട്‌.
അഞ്‌ജനക്ക്‌ അവസാനം ലഭിച്ച ഫോണുമായി ബന്ധപ്പെട്ട്‌ അന്വേഷിച്ചാല്‍ മരണകാരണം കണ്ടെത്താനാവുമെന്ന്‌ പറയുന്നു. അതേസമയം വീട്ടുകാര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന്‌ അഞ്‌ജന മാര്‍ച്ച്‌ 13ന്‌ ഫേസ്‌ബുക്കിലിട്ട ലൈവ്‌ വീഡിയോയില്‍ ആരോപിച്ചിരുന്നതായി സംസാരമുണ്ട്‌. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച്‌ ഗൗരവമായി അന്വേഷിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ ഷൈനുവും ആവശ്യപ്പെട്ടിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY