റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. റിയാദിന് സമീപം ഹരീഖിലാണ് പിറ ദൃശ്യമായത്. ഇന്ന് ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യവാസികളോട് ആഹ്വാനം ചെയ്തിരുന്നു. അന്തരീക്ഷം മേഘാവൃതമായിരുന്നതിനാൽ പതിവായി നിരീക്ഷണം നടത്തുന്ന തുമൈറിൽ പിറ കാണാൻ കഴിഞ്ഞിരുന്നില്ല. മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17നായിരിക്കും. ദുൽഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജുൺ 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഒമാനിൽ ഇന്ന് ദുൽഖഅദ് 29 ആയിരുന്നു.
അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും. ബലിപെരുന്നാൾ പ്രമാണിച്ച് ദുബായിൽ സർക്കാർ ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം നേരത്തെ ലഭിക്കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശം അനുസരിച്ചാണ് ഇത്. ജൂൺ 13ന് ശമ്പളം നൽകാനാണ് തീരുമാനം. റമസാൻ മാസത്തിലും സർക്കാർ ജീവനക്കാർക്ക് ഇത്തരത്തിൽ നേരത്തെ ശമ്പളം നൽകിയിരുന്നു. അതേസമയം ബലിപെരുന്നാളിനായി വലിയ ഒരുക്കങ്ങളാണ് രാജ്യത്ത് പുരോഗമിക്കുന്നത്. അബുദാബിയിൽ മൃഗങ്ങളെ അറുക്കാൻ നിയുക്ത അറവുശാലകൾ ഉപയോഗിക്കണമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി നിർദേശിച്ചു. തിരക്ക് പരിഗണിച്ച് രാവിലെ ആറ് മുതൽ വൈകിട്ട് 5 30 വരെ അറവുശാലകൾ തുറന്നു പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
