വ്യാപക കൃഷിനാശം:ജില്ലയില്‍ കവുങ്ങു കര്‍ഷകര്‍ പ്രതിസന്ധിയില്‍

0
62


കാസര്‍കോട്‌:വേനല്‍ രൂക്ഷമായതോടെ ജില്ലയില്‍ കവുങ്ങുകള്‍ കരിഞ്ഞുണങ്ങുന്നു. കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നു. കുളം, കിണര്‍, തോട്‌, അടക്കമുള്ള ജലസംഭരണികള്‍ വേനല്‍ച്ചൂടില്‍ വീണ്ടുകീറി ത്തുടങ്ങിയതിനെത്തുടര്‍ന്നു ജില്ലയിലെ കാര്‍ഷിക മേഖലയാകെ തകിടം മറിഞ്ഞിരിക്കുകയാണ്‌. സ്വര്‍ഗ്ഗ, കാട്ടുകുക്കെ, പെര്‍ഡാല, മുള്ളേരിയ, ഗോസാഡ, അഡൂര്‍, ദേലംപാടി, ബെള്ളൂര്‍ തുടങ്ങിയ ഇടങ്ങളിലാണ്‌ ജലക്ഷാമം മൂലം കവുങ്ങുകള്‍ വ്യാപകമായി കരിഞ്ഞുണങ്ങിക്കൊണ്ടിരിക്കുന്നത്‌. അല്‍പകാലം മുമ്പുവരെ കുഴല്‍ക്കിണര്‍ ഉപയോഗിച്ച്‌ ജലസേചനം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ കുഴല്‍ക്കിണറുകളും വരണ്ടുണങ്ങിക്കഴിഞ്ഞു. ഭൂഗര്‍ഭജലവിതാനം മൂന്നു മീറ്ററോളം താഴ്‌ന്നു പോയതാണ്‌ ഇതിനു കാരണമെന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌. സ്‌പ്രിംഗ്‌ളര്‍ ഉപയോഗിച്ചുള്ള ജലസേചനവും ഇതേ തുടര്‍ന്നു തടസ്സപ്പെട്ടു. അടുത്ത വര്‍ഷം കവുങ്ങു പൂവിടണമെങ്കില്‍ ഇപ്പോള്‍ കവുങ്ങിന്‍ തടങ്ങള്‍ ജലസമൃദ്ധമാകേണ്ടതുണ്ട്‌. എന്നാലിപ്പോള്‍ കവുങ്ങിന്‍ തടങ്ങള്‍ മരുഭൂമിപോലെ ആയിരിക്കുന്നു. കവുങ്ങുകളാകെ ഉണങ്ങിനശിക്കുന്നു. ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ ജില്ലയിലെ കവുങ്ങുകൃഷിയാകെ നശിക്കുമെന്ന്‌ വിദ്യാഗിരി, മേഗിന കടാറുവിലെ കവുങ്ങുകര്‍ഷകന്‍ വി ബാലകൃഷ്‌ണഷെട്ടി പറഞ്ഞു. കര്‍ഷകരുടെ നാശനഷ്‌ടങ്ങള്‍ വിലയിരുത്തി ആവശ്യമായ നഷ്‌ടപരിഹാരം നല്‍കാന്‍ അധികൃതര്‍ ഉടന്‍ കൃഷിയിടങ്ങളിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY