ചന്ദ്രഗിരി കെ.എസ്.ടി.പി റോഡില്‍ കെ.എസ്.ആര്‍.ടി.സിയുടെ നോണ്‍ സ്റ്റോപ്പ് ബസ് സര്‍വ്വീസ് ആരംഭിച്ചത് അടുത്തിടെയാണ്. കാഞ്ഞങ്ങാട് വിട്ടാല്‍ കാസര്‍കോട്ടും തിരിച്ചുമാണ് ഈ ബസുകളുടെ സ്റ്റോപ്പ്. യാത്രക്കാരെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായ സര്‍വ്വീസാണിത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെറിയ ചെലവില്‍ ഇരു നഗരങ്ങളിലുമെത്താന്‍ കഴിയുമെന്നതാണ് പ്രധാന നേട്ടം. അതുകൊണ്ടുതന്നെ ഈ സര്‍വ്വീസ് ജനപ്രിയമാകേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ നേര്‍ വിപരീത സാഹചര്യമാണ് ഇവിടെ ഉണ്ടായത്.
മിക്കപ്പോഴും നോണ്‍ സ്റ്റോപ്പ് സര്‍വ്വീസ് ബസുകള്‍ ഓടുന്നത് ആളൊഴിഞ്ഞ സീറ്റുകളുമായാണ്. ഇത്തരത്തില്‍ എങ്ങനെ, എത്രകാലം ഈ സര്‍വ്വീസ് നടത്താന്‍ കഴിയും? ഒടുവില്‍ ഒന്നു സംഭവിക്കും. നഷ്‌ടത്തിന്റെ പേര് പറഞ്ഞ് സര്‍വ്വീസ് റദ്ദാക്കും, അതുണ്ടാകാതിരിക്കേണ്ടത് യാത്രക്കാരുടെ ആവശ്യമാണ്.
അതിനാല്‍ അതിനുള്ള നടപടികളാണ് വേണ്ടത്. ബസ് സര്‍വ്വീസ് കാര്യക്ഷമമാക്കണം. ഇരുന്നു യാത്ര ചെയ്യുന്ന യാത്രക്കാരെങ്കിലും ബസിനകത്തു ഉണ്ടാകുമെന്നു ഉറപ്പാക്കണം. അല്ലാത്തപക്ഷം ഇന്ധനചെലവിനുള്ള പണം പോലും ലഭിക്കില്ല.
ചെറിയ ബസുകളെ നോണ്‍ സ്റ്റോപ്പ് സര്‍വ്വീസുകള്‍ക്കായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ സര്‍വ്വീസ് ലാഭകരമായിരിക്കും. കൂടുതല്‍ സര്‍വ്വീസ് നടത്താനും കഴിയും. ഇതു യാത്രക്കാര്‍ക്കു ഗുണകരമാവുകയും ചെയ്യും. ഇത്തരമൊരു പ്രതീക്ഷയിലാണ് യാത്രക്കാറുള്ളത്.