ഓട്ടോ മീറ്ററുകള്‍ ഓട്ടോകള്‍ക്ക്‌ അലങ്കാരമോ?

0
2069


രാഷ്‌ട്രീയക്കാരും ഭരണക്കാരും എന്തൊക്കെ പറഞ്ഞാലും ജീവിതചെലവ്‌ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. അതുകൊണ്ട്‌ അക്കാര്യം ഭരണക്കാരും പ്രതിപക്ഷക്കാരും ശക്തമായ മൗനം കൊണ്ടു നേരിടുകയാണ്‌. ചെലവു കുറക്കാന്‍ എന്തെങ്കിലും ചെയ്‌തേതീരൂ എന്താണ്‌ ചെയ്യുക?
അതിനെക്കുറിച്ചു പ്രതിപക്ഷത്തിനു വേവലാതിയൊന്നുമില്ല. നികുതികളും വിലയും നിയന്ത്രണങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുമെന്ന കാര്യത്തില്‍ ഭരണ പക്ഷക്കാര്‍ക്കും ഉറച്ചു നില്‍ക്കുന്ന മട്ടാണ്‌. ഇതിനിടയിലാണ്‌ യാത്രാ ചെലവ്‌ വര്‍ധിക്കാനിരിക്കുന്നത്‌. ബസ്‌ ചാര്‍ജ്‌ വര്‍ധന തിരഞ്ഞെടുപ്പു കഴിഞ്ഞുടനുണ്ടാവും. ടാക്‌സി ചാര്‍ജുവര്‍ധിച്ചിട്ടുണ്ട്‌. സാധാരണക്കാരുടെ വാഹനമൊന്നു പേരുകേട്ട ഓട്ടോചാര്‍ജ്‌ ഓട്ടോ ജീവനക്കാര്‍ തീരുമാനിക്കുന്ന നിലയിലാണ്‌. ആത്മാഭിമാനം ഉള്ളവരാരും അവരോട്‌ ഏറ്റുമുട്ടാന്‍ തയ്യാറാവാറില്ല. പറയുന്ന ചാര്‍ജ്‌ വിഷമത്തോടെയാണെങ്കിലും കൊടുക്കുന്നു.
യാത്രക്കാരുടെ ഈ മനോഭാവത്തെ ഓട്ടോറിക്ഷകള്‍ ചൂഷണം ചെയ്യുന്നു. പൊതുവേ ഓട്ടോറിക്ഷക്കാരെല്ലാം കൊള്ളക്കാരല്ല. എന്നാല്‍ ചാര്‍ജിന്റെ പേരില്‍ യാത്രക്കാരെ വിഷമിപ്പിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ അതിനുവിരുദ്ധരായ ഡ്രൈവര്‍മാരും തയ്യാറാവുന്നില്ല. സര്‍ക്കാരിനാണെങ്കില്‍ ഇക്കാര്യത്തില്‍ ഒരു താല്‍പ്പര്യവുമില്ലാത്ത നിലപാടാണ്‌. ഓട്ടോ റിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കാനും അതു യാത്രക്കാര്‍ കാണത്തക്കതരത്തില്‍തന്നെ പ്രദര്‍ശിപ്പിക്കാനും ആര്‍ ടി ഒ അധികൃതര്‍ പ്രകടിപ്പിക്കുന്ന വീര്യവും വാശിയും കാണേണ്ടതു തന്നെയാണ്‌. എന്നാല്‍ അതു പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്‍ അവര്‍ക്കു താല്‍പ്പര്യമൊന്നുമില്ല. യാത്രക്കാരെ കയറ്റി മാന്യവും നിയമപരവുമായ ചാര്‍ജ്‌ ഈടാക്കാനാണെങ്കില്‍ ഓട്ടോഡ്രൈവര്‍മാര്‍ക്കു ധൈര്യമായി അവ പ്രവര്‍ത്തിപ്പിക്കാവുന്നതല്ലേ ഉള്ളൂ. പക്ഷേ, നിയമതല്‍പ്പരരായ ഡ്രൈവര്‍മാര്‍ പോലും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. പ്രവര്‍ത്തിപ്പിക്കാന്‍ ആര്‍ ടി ഒ അധികൃതരോ, പൊലീസോ അവരെ നിര്‍ബന്ധിക്കുന്നതുമില്ല.
എന്തായാലും യാത്രക്കാര്‍ക്കു കണ്ടു സൗന്ദര്യം ആസ്വദിക്കാന്‍ ഓട്ടോകളില്‍ മീറ്ററിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അതു ഒഴിവാക്കിയാല്‍ ഓട്ടോ ഉടമകള്‍ ആര്‍ക്കും പ്രയോജനമില്ലാത്ത ആ കുന്ത്രാണ്ടത്തിന്റെ വിലയിനത്തില്‍ പാഴാക്കുന്ന പണം ലാഭിക്കാനെങ്കിലുമാവും.
വാടക വാഹനങ്ങള്‍ക്കു ദൂരത്തിനനുസരിച്ചു തരം തിരിച്ചു വാടകത്തുക നിര്‍ദ്ദേശിക്കുന്നതു സര്‍ക്കാരാണ്‌. അത്തരത്തില്‍ സര്‍ക്കാര്‍ നടത്തുന്ന നിര്‍ദ്ദേശം നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനും സര്‍ക്കാരിന്റെ ജീവനക്കാര്‍ക്കുമാണ്‌. എന്നാല്‍ അവര്‍ക്കതില്‍ താല്‍പ്പര്യമില്ല. നിയമവാഴ്‌ച നിലനില്‍ക്കുന്ന ഒരു രാജ്യത്ത്‌ നിയമം വാഴുന്നത്‌ ഇത്തരത്തിലാണെങ്കില്‍ എന്താണ്‌ പറയുക? എന്തിനാണ്‌, ഇങ്ങനെയൊക്കെയുള്ള നിയമവും അതു നടപ്പാക്കാനാളും അവര്‍ക്കു കൂലിപ്പണവുമെന്നൊക്കെ ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ നിയമത്തിന്റെ പാവനതയാണ്‌ നഷ്‌ടമാവുന്നത്‌. ആ നഷ്‌ടം ജനാധിപത്യ വ്യവസ്ഥക്കു കൂടിയായിരിക്കും. നടപ്പാക്കാന്‍ കഴിയാത്ത നിയമവും തീരുമാനവും റദ്ദാക്കിക്കൂടെ? അതിനും സര്‍ക്കാര്‍ തയ്യാറാവാത്തത്‌ എന്താണ്‌.?
അബ്‌ദുള്‍ റഹിമാന്‍
കാസര്‍കോട്‌

NO COMMENTS

LEAVE A REPLY