കാസര്‍കോട്ട്‌ എത്ര അന്യ നാട്ടുകാര്‍ ?

0
2221


പശ്ചിമ ബംഗാള്‍, ആസാം, ബീഹാര്‍, ഉത്തര്‍പ്രദേശ്‌ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനക്കാര്‍ക്ക്‌ ഗള്‍ഫാണ്‌ കാസര്‍കോട്‌. സ്വന്തം സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ ഉയര്‍ന്ന കൂലി ലഭിക്കുന്നതാണ്‌ ആ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്നതിനു പിന്നിലെ യഥാര്‍ത്ഥ വസ്‌തുത.
നേരത്തെ കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉള്ള തൊഴിലാളികളാണ്‌ കേരളത്തില്‍ വ്യാപകമായിട്ടുണ്ടായിരുന്നത്‌. ഇവരില്‍ തമിഴ്‌നാട്ടുകാരുടെ സാന്നിധ്യം എത്രയോ കുറഞ്ഞു കഴിഞ്ഞു. കര്‍ണ്ണാടകയില്‍ നിന്നുള്ളവരുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. ഇതിനു പ്രധാന കാരണമായി പറയപ്പെടുന്നത്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു ഓരോ ദിവസവും തൊഴില്‍ തേടിയെത്തുന്നവരുടെ എണ്ണക്കൂടുതലാണ്‌. രാജ്യത്തെവിടെ സഞ്ചരിക്കുന്നതിനും തൊഴിലെടുക്കുന്നതിനും ഓരോ പൗരനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്‌. അതില്‍ തൊഴില്‍ തേടിയുള്ള കുടിയേറ്റത്തെ നിയമപരമായി എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇതിന്റെ മറവില്‍ ബംഗ്ലാദേശികള്‍ അടക്കമുള്ള ആയിരക്കണക്കിനു നുഴഞ്ഞു കയറ്റക്കാരായ അനധികൃത കുടിയേറ്റക്കാരും ഉണ്ടെന്നാണ്‌ കണക്ക്‌. എന്നാല്‍ ഈ കണക്ക്‌ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്‌. കൃത്യമായ കണക്ക്‌ ആരുടെയായാലും ഇല്ല.
ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനു നേരത്തെ ഒരു ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ പാതിവഴിയില്‍ ലക്ഷ്യം കാണാതെ പോയി. അതിനു പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌. അത്തരം കണക്കുകളും ഇതര സംസ്ഥാനത്തു നിന്നുള്ള തൊഴിലാളികളുടെ വിശദമായ മേല്‍വിലാസവും ബയോഡാറ്റയും വരും കാലത്ത്‌ അനിവാര്യമായി തീരും. ഇന്നു സംസ്ഥാനത്ത്‌ നടക്കുന്ന കൊലപാതകങ്ങള്‍ അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ നല്ലൊരു ശതമാനവും ഇതര സംസ്ഥാന തൊഴിലാളികളാണ്‌. കുറ്റ കൃത്യങ്ങള്‍ നടത്തിയതിനുശേഷം സ്വദേശങ്ങളിലേയ്‌ക്ക്‌ കടന്നു കളയുന്നതിനാല്‍ ഇവരെ കണ്ടെത്താന്‍ പൊലീസിനു നന്നേ പാടുപെടേണ്ടിവരുന്നു. തൊഴില്‍ തേടിയെത്തുന്നവരുടെ ബയോഡാറ്റകള്‍ കൃത്യമായി സൂക്ഷിക്കുന്ന സ്ഥിതി ഉണ്ടായാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കു ഒരു പരിധിവരെ പരിഹാരം ഉണ്ടാക്കാന്‍ കഴിയും. തൊഴിലുടമകള്‍ തൊഴിലാളികളുടെ മേല്‍ വിലാസവും ഫോട്ടോകളും കരുതി വച്ചാല്‍ അതും ഗുണകരമാകും. പക്ഷേ അതിനു ആരു നേതൃത്വം കൊടുക്കും? ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടുന്ന സമയമാണിത്‌. ഇന്നു സൂക്ഷിച്ചാല്‍ നാളെ ദുഃഖിക്കേണ്ടി വരില്ല.
തുളസീധരന്‍ നായര്‍
കാഞ്ഞങ്ങാട്‌

NO COMMENTS

LEAVE A REPLY