പഴുത്തുലഞ്ഞ അടയ്‌ക്ക പറിക്കാന്‍ ആളില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

0
331


പെര്‍ള: അടയ്‌ക്ക പറിക്കാന്‍ തൊഴിലാളികളെ കിട്ടാതെ കവുങ്ങു കര്‍ഷകര്‍ വിഷമിക്കുന്നു.
തൊഴിലാളികളെ കിട്ടാത്തതു കൊണ്ടു പറിക്കാനാകാതെ, അടയ്‌ക്ക കവുങ്ങിലും, വീണു കിടന്നിട്ടും നശിക്കുന്നു. പഴുത്തു നിക്കുന്ന അടയ്‌ക്ക വാവലുകളും കൊണ്ടുപോവുന്നു. പെര്‍ള, ബദിയഡുക്ക, കാട്ടുകുക്കെ, ഷേണി, നായ്‌ക്കാപ്പ്‌, കുമ്പള, ഏത്തടുക്ക തുടങ്ങി പല പ്രദേശങ്ങളിലും അടയ്‌ക്ക പറിക്കുന്ന തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്‌. ഉള്ളവര്‍ക്കു വന്‍ കൂലി നല്‍കേണ്ട സ്ഥിതിയുമുണ്ടെന്നു പറയുന്നു. മുമ്പ്‌ ഈ ജോലി ചെയ്‌തിരുന്നവര്‍ ജോലി നിറുത്തിയതും, യുവാക്കള്‍ ഈ മേഖലയില്‍ കടന്നു വരാത്തതുമാണ്‌ അടയ്‌ക്ക പറിക്കാന്‍ തൊഴിലാളികളെ കിട്ടാത്തതിന്റെ പ്രധാന കാരണം.
അടയ്‌ക്കാ കര്‍ഷക സ്ഥാപനങ്ങള്‍ കവുങ്ങില്‍ കയറുന്നതിന്‌ യുവാക്കള്‍ക്ക്‌ പരിശീലനം നല്‍കുന്നുണ്ടെങ്കിലും അതില്‍ കാസര്‍കോട്‌ മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുക്കാത്തതും ജില്ലയിലെ കവുങ്ങു കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. സെപ്‌തംബര്‍ -ഒക്‌ടോബര്‍ മാസങ്ങളിലാണ്‌ വര്‍ഷത്തിലെ ആദ്യ തവണത്തെ അടക്ക പറിക്കല്‍. അത്‌ കഴിഞ്ഞാല്‍ ഡിസംബര്‍ അവസാനമോ ജനുവരി ആദ്യ വാരമോ രണ്ടാമത്തെ പറിക്കല്‍ വേണം. പക്ഷെ അടയ്‌ക്ക പഴുത്തിട്ട്‌ ദിവസങ്ങളായിട്ടും പറിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്‌.ഏത്തടുക്കയിലെ 15 വോളം കര്‍ഷകര്‍ക്ക്‌ ഒരു തൊഴിലാളിയാണ്‌ അടയ്‌ക്ക പറിക്കാന്‍ ഇപ്പോഴുള്ളത്‌. രാവിലെ ഏഴു മണിക്ക്‌ അടയ്‌ക്ക പറിക്കാന്‍ തുടങ്ങിയാല്‍ 2 മണിക്ക്‌ നിറുത്തും. എല്ലായിടത്തും 1500 മുതല്‍ 3000 രൂപ വരെ കൂലി നല്‍കാറുണ്ട്‌. ഇതിനു പുറമെ അടക്കയും തേങ്ങയും നല്‍കും. എന്നിട്ടും തൊഴിലാളികളെ കിട്ടാത്തതിനാല്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്‌ അടയ്‌ക്ക കര്‍ഷകര്‍.മഴക്കാലത്ത്‌ രോഗം മൂലം അടയ്‌ക്ക വ്യാപകമായി നശിച്ചിരുന്നു. ബാക്കിയുള്ള അടയ്‌ക്ക പഴുത്തപ്പോഴാണ്‌ തൊഴിലാളികളെ കിട്ടാതായിട്ടുള്ളത്‌. ഇതു അടയ്‌ക്ക കര്‍ഷകര്‍ക്ക്‌ ഇരുട്ടടിയായിരിക്കുന്നു.
കവുങ്ങ്‌ കയറാന്‍ യന്ത്രങ്ങള്‍ എത്തിയെങ്കിലും അതു ഗ്രാമീണ മേഖലയില്‍ പ്രായോഗികമായിട്ടില്ല.

NO COMMENTS

LEAVE A REPLY