ബംഗളൂരു: മൊന്‍ത ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയില്‍ ചുഴലിക്കാറ്റ് നാളെ രാവിലെ കര തൊടും. ചുഴലിക്കാറ്റ് കര തൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. ശ്രീകാകുളം ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാനും സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കാനും ആന്ധ്രപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എപിഎസ്ഡിഎംഎ) മാനേജിങ് ഡയറക്ടര്‍ പ്രഖര്‍ ജെയിന്‍ പറഞ്ഞു. എന്നാല്‍ കേരളത്തെയോ തമിഴ് നാടിനെയോ ഇത് നേരിട്ട് ബാധിക്കില്ലെന്നും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഒഡിഷ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും തീര പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു. മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആന്ധ്രയില്‍ 23 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രകാശം, നെല്ലൂര്‍, വെസ്റ്റ് ഗോദാവരി, കാക്കിനട ഉള്‍പ്പെടെ 7 ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഗുണ്ടുരിലും അതീവ ജാഗ്രത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഫുട്പാത്തുകളില്‍ നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ചു. ഭക്ഷ്യ ധാന്യങ്ങളും ഇന്ധനവും അവശ്യ വസ്തുക്കളും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ തീരങ്ങളില്‍ ഇറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും. കാക്കിനട, കോണസീമ, വെസ്റ്റ് ഗോദാവരി ജില്ലകളില്‍ സ്‌കൂളുകള്‍ അടച്ചു.







