കാസര്‍കോട്: ചിക്കന്‍പോക്‌സ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചിരുന്ന പാണത്തൂര്‍ സ്വദേശി ഗൗതമിന്റെ മകള്‍ ശിവാനി വര്‍മ്മ (10) മരിച്ചു. കരളിനെ ബാധിക്കുന്ന ന്യൂറോ ബ്ലാസ്റ്റോമ എന്ന രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് കുട്ടിക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടത്. ശനിയാഴ്ച രാവിലെയാണ് കുട്ടിയെ വീട്ടുകാര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതിനാല്‍ 11 മണിയോടുകൂടി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിയാരത്തുനിന്ന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. കുട്ടിയെ എട്ടാം നിലയിലെ ഒറ്റപ്പെട്ട മുറിയിലാണ് അഡ്മിറ്റ് ചെയത്. പതിനൊന്ന് മണിക്ക് അഡ്മിറ്റ് ചെയ്ത കുട്ടിയെ കാണാന്‍ നാല് മണിക്ക് ഡോക്ടര്‍ എത്തിയെങ്കിലും കുട്ടിയെ പരിശോധിക്കാന്‍ കൂട്ടാക്കിയില്ലന്നാണ് വീട്ടുകാര്‍ പറയുന്നത്. ഡോക്ടര്‍ മരുന്ന് കുറിച്ച് കൊടുക്കുക മാത്രമാണ് ചെയ്തതെന്നു കുട്ടിയുടെ പിതാവ് ഗൗതം വര്‍മ്മ പറയുന്നു. കുട്ടിയുടെ ദേഹത്ത് പുരട്ടുന്നതിന് മരുന്നും, ഒരു ടാബ്ലറ്റും നല്‍കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമാണെന്ന് ബന്ധുക്കള്‍ അറിയിച്ചപ്പോള്‍ കുഴപ്പമില്ലെന്നാണ് മറുപടി നല്‍കിയത്. പെട്ടെന്ന് വരാം എന്ന് പറഞ്ഞ് പോയ ഡോക്ടര്‍ പിന്നീട് തിരിച്ചെത്തിയത് രാത്രി 8.30 ആണെന്നും ഗൗതം പറഞ്ഞു. കുട്ടിക്ക് അസുഖം കൂടുതലാണെന്ന് ഗൗതം നിരന്തരം വാര്‍ഡില്‍ ഉണ്ടായിരുന്ന നഴ്‌സിനോട് പറഞ്ഞപ്പോള്‍ ഡോക്ടര്‍ ഇപ്പോള്‍ വരും എന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നുവത്രേ. മറ്റു നടപടി ഒന്നും സ്വീകരിച്ചില്ല എന്ന് ഗൗതം പറയുന്നു. ഇതിനിടെ രാത്രി 12 മണിയോടുകൂടിയാണ് ശിവാനി വര്‍മ്മ മരണത്തിന് കീഴടങ്ങിയത്. നല്ല ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുട്ടി മരണപ്പെടുകയില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടിയുടെ കരളിനെ ബാധിച്ച അസുഖം ഭേദമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടത്. കുട്ടിയുടെ മരണത്തില്‍ ഗുരുതര ചികിത്സ പിഴവ് ആരോപിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് വീട്ടുകാര്‍ അറിയിച്ചു.
