കാസര്‍കോട്: കാസര്‍കോട് നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ എംഎല്‍എയും മുസ്ലിം ലീഗ് നഗരസഭാ ഭരണക്കാരും സെക്രട്ടറിയോടു മാപ്പു ചോദിക്കണമെന്നാവശ്യപ്പെട്ടു ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു.
നഗരസഭാ സെക്രട്ടറിമാരെ കൈയ്യേറ്റം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും കാസര്‍കോട് നഗരസഭയില്‍ പതിവായിരിക്കുകയാണെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഭരണക്കാരുടെ നെറികേടുകള്‍ക്കു കൂട്ടുനില്‍ക്കാത്തതു കൊണ്ടാണിതെന്നും ഇത് നഗരസഭയുടെ പുരോഗതിക്കു ഭീഷണി ഉയര്‍ത്തിയിരിക്കുകയാണെന്നും അവര്‍ തുടര്‍ന്നു പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ കാസര്‍കോട് നഗരസഭയില്‍ ജോലിക്കു വരാന്‍ മടിക്കുന്നതിന്റെ കാരണവും ഇതു തന്നെയാണെന്നു ബിജെപി കൗണ്‍സിലര്‍മാര്‍ പറയുന്നു. നഗരസഭാ പ്രതിപക്ഷ നേതാവ് പി. രമേശന്‍, സവിത, ഉമ, വരപ്രസാദ്, അശ്വിനി, ഹേമലത, പവിത്ര, ശാരദ, വിമല, ശ്രീലത, വീണഷെട്ടി, രഞ്ജിത എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
