വാഷിംഗ്‌ടൺ: അമേരിക്കയിൽ താമസിക്കുന്ന ആയിരക്കണക്കിനു ഇന്ത്യക്കാർക്കും പ്രവാസി ഇന്ത്യക്കാർക്കും നാട്ടിലേക്കു പണമയക്കുന്നതിനു അമേരിക്കൻ ഭരണകൂടം നികുതിയേർപ്പെടുത്തുന്നു. അമേരിക്കയുടെ ഈ നീക്കം ഇന്ത്യക്കാർക്ക് വലിയ ആഘാതമാവുമെന്നു ഉത്ക്കണ്ഠയുണ്ട്. ‘വൺ ബിഗ് ബ്യൂട്ടിഫുൾ ആക്ട് “എന്ന പേരിലാണ് നിയമം ഉണ്ടാക്കുന്നത്. നിയമം രൂപീകരിക്കാനുള്ള നീക്കം തുടരണമോയെന്നുഅഭിപ്രായം ആരായുന്നതിന് യുഎസ് ഹൌസ് ബജറ്റ് കമ്മിറ്റി ഞായറാഴ്ച നടത്തിയ വാശിയേറിയ വോട്ടെടുപ്പിൽ 16 നെതിരെ 17 വോട്ട് ലഭിച്ചു. അമേരിക്കയിൽ താമസിക്കുന്ന 45 ലക്ഷം ഇന്ത്യക്കാർക്ക് ഈ നിയമം വലിയ ആഘാതമാവുമെന്നു ഉത്ക്കണ്ഠ ഉണ്ട്. 32 ലക്ഷത്തോളം ഇന്ത്യൻ വംശജരും അമേരിക്കയിലുണ്ട്. കുടിയേറ്റ വിസ ഇല്ലാത്തവരും ഗ്രീൻ കാർഡ് ഉടമകളുൾപ്പെടെ യു എസ് പൗരത്വമില്ലാത്തവർ നടത്തുന്ന എല്ലാ പണമിടപാടുകൾക്കും 5 ശതമാനം നികുതി ഈടാക്കാനാണ് നിയമമുണ്ടാക്കുന്നത്. നിയമം പാസായാൽ പണം കൈമാറ്റം ചെയ്യുന്ന സമയത്തു അയച്ച പണത്തിന്റെ അഞ്ചു ശതമാനം ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുവയ്ക്കും. ഇളവ് പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ചെറിയ തുകയുടെ കൈമാറ്റത്തിനും നികുതി ബാധകമാകും. 2023 -2024 മാർച്ചിൽ റിസർവ് ബാങ്ക് നടത്തിയ സർവെയിൽ ഈ കാലയളവിൽ വിദേശങ്ങളിൽ നിന്ന് ഇന്ത്യയിൽ വന്ന 11870 കോടി ഡോളറിൽ 28 ശതമാനം, അതായതു 3200 കോടി ഡോളർ അമേരിക്കയിൽ നിന്ന് മാത്രം
ഇന്ത്യയിലെത്തുന്നതാണ് എന്ന് കണ്ടെത്തിയിരുന്നു. ഈ കണക്കു മാനദണ്ഡമാക്കിയാൽ ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട് നടപ്പിലായാൽ ഇന്ത്യൻ സമൂഹം 3200 ഡോളറിന്റെ അഞ്ചു ശതമാനമായ 640 കോടി ഡോളർ അമേരിക്കയ്ക്ക് മെയിന്റനൻസ് നികുതി നൽകേണ്ടിവരും. ഇന്ത്യയിലേക്ക് പണമയക്കുന്നതിനു പുറമെ നിക്ഷേപവരുമാനത്തിന്റെ കൈമാറ്റത്തിനും ഓഹരിവിപണിയിൽ നിന്നുള്ള വരുമാനത്തിനും ഈ നികുതി ബാധകമായിരിക്കും. ഓരോ വർഷവും ഓരോ ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കുകയും ഒരു ലക്ഷം ആളുകളെ തടവിലടക്കാനും ട്രംപിനു പരിപാടിയുണ്ടെന്നു സൂചനയുണ്ട്.
