മൊഗ്രാല്‍: ചെങ്കള-തലപ്പാടി റീച്ചിലെ മൊഗ്രാലിലെ പഴയ പാലം പുനര്‍ നിര്‍മ്മിക്കാതെ തന്നെ രണ്ടുവരിപാതയില്‍ നിലനിര്‍ത്തി മിനുക്ക് പണികള്‍ ആരംഭിച്ചു. പ്രസ്തുത റീച്ചില്‍ കാസര്‍കോട് നിന്ന് തലപ്പാടി ഭാഗത്തേക്ക് സ്ലിപ്പ് റോഡ് കഴിഞ്ഞാല്‍ അവിടെനിന്ന് മൊഗ്രാല്‍ പാലം വഴി പോകാന്‍ സര്‍വീസ് റോഡോ, നടപ്പാതയോ ഇല്ലാത്തത് ജനങ്ങള്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. പാലം മൂന്നുവരിപ്പാതയാക്കി പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുകയും ചെയ്തു.
മൊഗ്രാല്‍ പാലം പുനര്‍നിര്‍മ്മിക്കാതെ നിലവിലുള്ള പഴയ പാലം നിലനിര്‍ത്തി കൊണ്ടുള്ള പ്രവൃത്തികള്‍ ആരംഭിച്ചിരിക്കെ മൂന്നു വരി ഹൈവേ എന്നത് ഇവിടെയെത്തുമ്പോള്‍ രണ്ടുവരിയായി ചുരുങ്ങുന്നു. ഇത് ഈ റൂട്ടിലോടുന്ന വലിയ ചരക്ക് വണ്ടികള്‍ക്കും മറ്റും ദുരിതമാവുമെന്ന് ആശങ്കയുണ്ട്. പാലത്തിലെത്തുമ്പോള്‍ പൊടുന്നനെ പാത രണ്ടായി ചുരുങ്ങുന്നത് വേഗതയില്‍ വരുന്ന വാഹനങ്ങള്‍ വന്‍ അപകടങ്ങളില്‍ ചെന്ന് ചാടാന്‍ ഇടയാക്കുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
വിദ്യാഭ്യാസ- കച്ചവട- ആശുപത്രി ആവശ്യങ്ങള്‍ക്കായി ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനംപ്രതി മംഗലാപുരത്തേക്ക് ചീറിപ്പായുന്ന പാതയായതിനാല്‍ ഈ അശാസ്ത്രീയമായ നിര്‍മ്മാണത്തെ ഭയാശങ്കയോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്. പഴയ മൊഗ്രാല്‍ പാലം പൊളിച്ച് മൂന്നു വരിയാക്കി പുനര്‍ നിര്‍മ്മിക്കുകയും സര്‍വീസ് റോഡ് സ്ഥാപിക്കുകയും ചെയ്താല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാവുകയുള്ളൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇത് ചെവി കൊള്ളാതെയാണ് അധികൃതര്‍ ഇപ്പോള്‍ പഴയ പാലം രണ്ടുവരിപാതയില്‍ നിലനിര്‍ത്തി മുഖം മിനുക്കാന്‍ ഒരുങ്ങുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ മൊഗ്രാല്‍ ദേശീയവേദി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരി, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ജില്ലാ കളക്ടര്‍, എന്‍എച്ച് കണ്ണൂര്‍ പ്രൊജക്റ്റ് ഡയറക്ടര്‍, തലപ്പാടി- ചെങ്കള റീച്ച് യുഎല്‍സിസി ഓഫീസര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അഷ്‌റഫ് എംഎല്‍എ, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, യുഎല്‍സിസി കുമ്പള ഓഫീസര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നതാണ്.
