കാസര്‍കോട്: ഹാജര്‍ നില കുറഞ്ഞതിനെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിയാത്ത വിഷമത്തിലാണെന്നു പറയുന്നു; അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍. കണ്ണൂര്‍, കണ്ണപുരം സ്വദേശിനിയും കാസര്‍കോട്ടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായ 19കാരിയാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. 500 മില്ലി ഗ്രാമിന്റെ നാലു പാരസറ്റമോള്‍ ഗുളിക ഹോസ്റ്റലില്‍ വച്ച് ഒന്നിച്ചു കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇക്കാര്യം മനസ്സിലാക്കിയ സഹപാഠികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനി അപകടനില തരണം ചെയ്തിട്ടുള്ളതായാണ് വിവരം.
