ഈ ഒരു വാക്ക് കുഞ്ഞുന്നാളിലേ കേട്ടു തുടങ്ങിയതാണ്. പക്ഷെ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടില്ല. എന്റെ പ്രായക്കാരോട് ചോദിച്ചു. ആര്‍ക്കും വ്യക്തമായി അറിഞ്ഞുകൂടാ. ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു എന്ന് ഇന്ന് ജീവിക്കുന്നവരും തലമുറയും അറിഞ്ഞിരിക്കേണ്ടെ?
അന്യംനിന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ചില കാര്യങ്ങള്‍ കിട്ടി.
വിഷമേറ്റാല്‍ പ്രത്യേകിച്ചു പാമ്പുകടി ഏറ്റാല്‍ പഴയ കാലത്ത് വിഷവൈദ്യന്മാരാണ് ശുശ്രൂഷിക്കുക. വാഹന സൗകര്യമില്ലാത്ത കാലം. വിഷബാധയേറ്റാല്‍ വൈദ്യരുടെ താമസ സ്ഥലത്തേക്ക് ആളുകള്‍ ചെല്ലണം.
വൈദ്യരോട് സംഭവം പറയണം. അദ്ദേഹത്തെ കൂട്ടി വിഷബാധ ഏറ്റ വ്യക്തിയെ കാണിക്കണം.
ചികില്‍സ മഞ്ഞള്‍ പൊടിയും മറ്റും ഉപയോഗിച്ച് മുറിവായില്‍ പിടിപ്പിക്കലും കഴുകലും മറ്റുമാണ്.
രോഗിയെ ധൈര്യം അവലംബിക്കാന്‍ പ്രേരിപ്പിക്കലും മന്ത്രിക്കലും മറ്റുമാണെന്ന് പറഞ്ഞു കൊടുക്കുന്നു.
വൈദ്യരോട് കാര്യം പറയാന്‍ ചെല്ലുന്ന വ്യക്തികളുടെ സംസാരവും മുഖഭാവവും നോക്കി വിഷബാധ ഏറ്റ ആള്‍ മരിക്കുമോ ജീവിക്കുമോ എന്ന് മുന്‍കൂട്ടി പറയാന്‍ വൈദ്യര്‍ക്ക് കഴിയുമെന്നാണ് പറയുന്നത്.
ഒരനുഭവം എനിക്കുണ്ടായിട്ടുണ്ട്. ഞങ്ങളുടെ നാട്ടില്‍ ഗോപാലന്‍ വൈദ്യര്‍ എന്ന പേരില്‍ ഒരു വിഷവൈദ്യരുണ്ടായിരുന്നു. എന്റെ ബന്ധത്തില്‍ പെട്ട ഒരു കുട്ടിയെ വീടിന് പുറത്തു വെച്ച് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പാമ്പുകടിച്ചു. ഉച്ച സമയമാണ്. വിവരമറിഞ്ഞ് ഞാനും എന്റെ സുഹൃത്തും വൈദ്യരുടെ വീട്ടിലേക്കോടി. കാര്യം പറഞ്ഞു. അദ്ദേഹം പ്രതിവചിച്ചത് ഇങ്ങനെയാണ്. ‘ഞാന്‍ വരേണ്ട ആവശ്യമില്ല. കുട്ടി പോയിക്കാണും’ എന്ന്. ഞങ്ങള്‍ തിരിച്ചോടി. വൈദ്യര്‍ പറഞ്ഞ പോലെ സംഭവിച്ചിരിക്കുന്നു.
ഇതൊരത്ഭുതമായി പറയുകയല്ല. കുട്ടിയുടെ പ്രായവും കടിച്ച സമയവും ഞങ്ങളുടെ ഭയവും ഒക്കെ നോക്കി പറഞ്ഞതാവാം.
വൈദ്യരുടെ ചികില്‍സ മൂലം വിഷബാധയില്‍ നിന്ന് രക്ഷപ്പെട്ടാല്‍ വൈദ്യരെ സന്തോഷിപ്പിക്കാന്‍ ചെയ്യുന്ന ഒരു ക്രിയ ആണ് പോലും കട്ടിയിറക്കല്‍.
രോഗിയുടെയും വീട്ടുകാരുടെയും സന്തോഷം രേഖപ്പെടുത്താന്‍ രോഗിയെയും കൂട്ടി വീട്ടുകാര്‍ വൈദ്യരുടെ വീട്ടില്‍ ചെല്ലുന്നു. അവര്‍ സമ്മാനമായി വൈദ്യര്‍ക്ക് ഓരോ രീതിയിലാണ് വസ്തുക്കള്‍ കാഴ്ച വെക്കുക.
മുണ്ട്, കോഴി, പഴം പച്ചക്കറികള്‍ തുടങ്ങിയവ സമര്‍പ്പിക്കും. വൈദ്യര്‍ക്ക് സന്തോഷമാവും.
കരിക്കിന്‍ വെള്ളത്തില്‍ മഞ്ഞപൊടിയിട്ട് രോഗിക്ക് കുടിക്കാന്‍ കൊടുക്കുന്നതോടെ ചടങ്ങ് തീരും.
ഇതിന് കട്ടിയിറക്കല്‍ എന്ന് പേര് എങ്ങനെ വന്നു?
രോഗിയുടെ മനസ്സിലുണ്ടായ ദു:ഖത്തിന്റെ കട്ടി കുറക്കാനാണോ ?
അതോ വൈദ്യരുടെ മനസ്സിന് ഉണ്ടായ പ്രയാസത്തിന്റെ കട്ടി കുറക്കുന്നതാണോ കട്ടിയിറക്കല്‍.
അറിയില്ല. പക്ഷെ ഇതിനെ കട്ടിയിറക്കല്‍ എന്നാണ് പറഞ്ഞിരുന്നത്.