ഭോപ്പാല്‍-എന്‍ഡോ | Narayanan Periya

Author: നാരായണന്‍ പേരിയ

ഗുരുതരമായൊരു അത്യാഹിതത്തില്‍പ്പെട്ട് അതിജീവിക്കുന്നവര്‍, മരിച്ചുപോയവരെ കുറിച്ച് അസൂയപ്പെടും-അതായിരുന്നു ഭേദം എന്ന്. ഇതേ അവസ്ഥയാണ് ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും ഉണ്ടായത്. തുടര്‍ന്നും അവര്‍ പറയുന്നത്.
നമ്മുടെ ജില്ലയിലെ പതിനൊന്നോളം കിഴക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളിലേതും ഇതേ ദുരവസ്ഥയാണ്; എന്‍ഡോസള്‍ഫാന്‍ എന്ന രാസകീടനാശിനി-അല്ല, സര്‍വ്വനാശിനി-വര്‍ഷിച്ചതിനെത്തുടര്‍ന്ന് സംഭവിച്ചത്.
തേയിലക്കൊതുക് എന്ന പ്രാണി കശുമാവിന്‍ പൂക്കള്‍ കരിയിച്ചു കളയും എന്ന് പറഞ്ഞ് പ്രതിരോധിക്കാന്‍ ആണ്ടില്‍ മൂന്നുവട്ടം മരുന്ന് പ്രയോഗം (കൊടും വിഷം മരുന്നാണത്രേ). എല്ലാ മുന്നറിയിപ്പുകളും മറികടന്ന് ആകാശമാര്‍ഗേണ സ്പ്രേ ചെയ്തു. താഴെ ജലാശയങ്ങളുണ്ടോ ജനവാസമുണ്ടോ എന്ന് നോക്കാതെ. തുടര്‍ന്ന് നാനാവിധ ശാരീരിക മാനസിക മാറാവ്യാധികള്‍ പിടിപെട്ടു. മനുഷ്യത്വമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ പോരാട്ടം കനത്തപ്പോള്‍ വിഷമഴ പ്രയോഗത്തിന് ശമനമുണ്ടായി. എന്നാല്‍ വര്‍ഷങ്ങളോളം വിഷം വര്‍ഷിച്ചതിന്റെ ആഘാതം ദീര്‍ഘവ്യാപിയാണല്ലോ. ഇന്നും അതിന്റെ ദുരിതം മാറിയിട്ടില്ല.
ഉപയോഗിക്കാതെ, കൂട്ടിയിട്ടിട്ടുള്ള കീടനാശിനി സംഭരണികള്‍ കെട്ടിക്കിടന്ന്, പൊട്ടിയൊലിച്ച് പരന്ന് ദുരന്തം വ്യാപിക്കാനിടയുണ്ട് എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, വിവേകികളെ ബോധ്യപ്പെടുത്തിയപ്പോള്‍ എല്ലാം കടത്തിക്കൊണ്ടുപോയി സുരക്ഷിതസ്ഥാനത്ത് ആഴത്തില്‍ മറവ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. പക്ഷേ, അതു പലേടത്തും കെട്ടിവെച്ചേടത്തു നിന്നും മാറ്റിയിട്ടില്ല. സുരക്ഷിതം എന്ന് പറഞ്ഞേടത്ത് വെച്ചത് മറ്റൊരിടത്ത് പുനസംസ്‌കരിക്കാന്‍ കൊണ്ടുപോകും എന്ന് പറഞ്ഞിരുന്നു. അതും അവധി കഴിഞ്ഞിട്ടും പഴയ പടി കിടക്കുന്നു.
ചരിത്രം ഓര്‍ത്തത് മറ്റൊരിടത്തുനിന്നും സമാന പ്രശ്നം ഉയര്‍ന്നു വന്നപ്പോഴാണ്-മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന്. അവിടെ ഒരു വന്‍കിട കെമിക്കല്‍ കമ്പനിയില്‍ നിന്നും രാസവാതകം വന്‍തോതില്‍ ചോര്‍ന്ന് നഗരത്തിലാകെ വ്യാപിച്ചു. 1984 ഡിസംബര്‍ രണ്ടാം തീയതി രാത്രി. രണ്ടുദിവസം വിഷവാതകം കട്ടപ്പുകയായി കിടന്നു. നഗരത്തിലെ പ്രധാന സ്ഥലത്താണ്. റെയില്‍വേ സ്റ്റേഷന്‍ തൊട്ടടുത്താണ്. യാത്രക്കാരായി ട്രെയിനിനകത്ത് ഉണ്ടായിരുന്നവരും യാത്ര പുറപ്പെടാന്‍ സ്റ്റേഷനിലെത്തിയവരുമായി ആയിരക്കണക്കിന് ആളുകള്‍. അടുത്തുള്ള പാര്‍പ്പിടങ്ങളിലുള്ളവരും ശ്വാസംമുട്ടി പിടഞ്ഞു.
ഔദ്യോഗിക കണക്കുപ്രകാരം 20,000 ത്തോളം പേര്‍ക്ക് തല്‍ക്ഷണം ജീവഹാനി സംഭവിച്ചു. 5 ലക്ഷത്തിലേറെ ആളുകള്‍ക്ക് ശ്വസനേന്ദ്രീയ സംബന്ധമായ വ്യാധികളും അന്ധതയും ബാധിച്ചു. ഫാക്ടറി തകര്‍ന്നപ്പോള്‍ത്തന്നെ ഞങ്ങളെയും… എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ടാകും ദുരിതത്തില്‍ പിടയുന്നവര്‍. ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന ദുരവസ്ഥ തന്നെ.
യൂണിയന്‍ കാര്‍ബൈഡ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും മീഥൈല്‍ ഐസോസൈനേറ്റ് ചേര്‍ന്നു എന്നാണ് കണ്ടെത്തിയത്. അമേരിക്കന്‍ കമ്പനിയായിരുന്നു ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ്.
ഒരിടത്തൊരു പദ്ധതി തുടങ്ങുമ്പോള്‍, അതിന് സര്‍വഥാ ഉചിതമായ സ്ഥാനമാണോ എന്ന് നോക്കേണ്ടതുണ്ട്. ചുറ്റുപാടും ശ്രദ്ധിക്കണം. എവിടെയെങ്കിലും, എന്തെങ്കിലും വീഴ്ചയുണ്ടായിപ്പോയാല്‍ പരിസരത്തെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതെടുക്കണം. ഇവിടെ ഭോപ്പാലില്‍ ജനവാസമേറെയുള്ള, നഗര ഹൃദയഭാഗത്തായിരുന്നു ആസ്ഥാനമൊരുക്കിയത്.
അപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ അമേരിക്കന്‍ കമ്പനി മേധാവികള്‍ ജാഗരൂകരായി-സ്വയം രക്ഷ നോക്കി. ഒരു പ്രത്യേക വിമാനത്തില്‍ ഭോപ്പാലില്‍ എത്തി. അവിടെനിന്ന് ഡല്‍ഹിയിലേക്ക് പറന്നു. തുടര്‍ന്ന് അമേരിക്കയിലേക്കും. പില്‍ക്കാലത്ത്, കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍, തുടരെ നോട്ടീസ് അയച്ചിട്ടും ഹാജരായില്ല എന്നാണ് കേട്ടത്. ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനി ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്ന കേശവ് മഹീന്ദ്രയെ പ്രതിയാക്കി കേസ് നടന്നു. മഹീന്ദ്ര അടക്കം ഏഴുപേരെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി-ശിക്ഷ വിധിച്ചു. രണ്ടുവര്‍ഷം വീതം തടവ് ശിക്ഷ അനുഭവിക്കാന്‍. നഷ്ടപരിഹാരം ചോദിച്ചിട്ട് ഇരകളുടെ ആശ്രിതര്‍ക്കും ദുരിതബാധിതര്‍ക്കും അനുവദിച്ചത് തുച്ഛമായൊരു തുക. 1989 ഫെബ്രുവരിയില്‍ വിധിയുണ്ടായി.
ഇപ്പോള്‍ വീണ്ടും ഒരു വാര്‍ത്ത. 1984 ഡിസംബറില്‍ തകര്‍ന്ന് പൊട്ടിപ്പകര്‍ന്ന മാരക വിഷവാതകത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും പരിസരങ്ങളില്‍ ഉണ്ടത്രേ. അത് നീക്കം ചെയ്തിട്ടില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മധ്യപ്രദേശ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശനത്തോടെ ചോദിച്ചത്: മറ്റൊരു ദുരന്തം കൂടി ഉണ്ടാകാന്‍ കാത്തു നില്‍ക്കുകയാണോ സര്‍ക്കാര്‍?
രാസമാലിന്യാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. 12 കണ്ടെയ്നറുകളില്‍ 337 മെട്രിക് ടണ്‍ മാലിന്യം മധ്യപ്രദേശിലെ പീതാംപൂരില്‍ വ്യവസായ എസ്റ്റേറ്റിലെ സംസ്‌കരണ ഫാക്ടറിയിലേക്ക് കൊണ്ടുപോയി (ജനുവരി ഒന്ന് രാത്രി) 40 വാഹനവ്യൂഹം ഒരിടത്തും നിര്‍ത്താതെ അതിവേഗം ഇടനാഴിയിലൂടെ നീക്കി. വഴിനീളെ അഞ്ച് ജില്ലകളില്‍ 700 സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ അകമ്പടി സേവിക്കാനുണ്ടായിരുന്നു.
സീതാംപൂരില്‍ സംസ്‌കരിക്കാന്‍ ഒമ്പത് മാസത്തോളം സമയം വേണ്ടിവരുമെന്നാണ് പറയുന്നത്. നേരത്തെ 2015ല്‍ ഇവിടെ പത്തു ടണ്‍ മാലിന്യം പരീക്ഷണാര്‍ത്ഥം സംസ്‌കരിച്ചിരുന്നു. സംശയം തോന്നിയത് കൊണ്ടാകണം, പിന്നെയും ഒമ്പതു കൊല്ലം കാത്തിരുന്നത്. ഇപ്പോള്‍ പൂര്‍ണ്ണ ബോധം വന്നുവോ? പക്ഷേ, തദ്ദേശവാസികള്‍ തൃപ്തരല്ല. ആശങ്കാകുലരാണ്. പീതാംപൂരിലെ തൊഴിലാളികള്‍ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടത്രെ. 1984 ആവര്‍ത്തിക്കപ്പെട്ടാലോ എന്ന ഭീതി. നമ്മുടെ ജില്ലയിലെ കിഴക്കന്‍ പഞ്ചായത്തുകളിലും എന്‍ഡോ! എന്‍ഡോ!

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page