Author: നാരായണന്‍ പേരിയ
‘കണ്ടില്ലേ, നാണം കെട്ടവന്‍ ഞെളിഞ്ഞ് നടക്കുന്നത്. ഒരു പെന്‍ഷന്‍കാരന്‍! തൂഫ്!’
കാര്‍ക്കിച്ച് തുപ്പിയത് എന്നെയാണോ? ഞാനും ഒരു പെന്‍ഷണര്‍ ആണല്ലോ; സര്‍വ്വീസ് പെന്‍ഷണര്‍. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കാനുള്ള യോഗ്യത ഉണ്ട് എന്ന് കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷിച്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത് ഹൈസ്‌കൂള്‍ അധ്യാപകനായി നിയമിക്കപ്പെട്ടു.
അമ്പത്തഞ്ചു വയസ് പൂര്‍ത്തിയാകുന്നത് വരെ ജോലി ചെയ്യാം എന്നായിരുന്നു അക്കാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന നിയമം. അത് പ്രകാരം യഥാസമയം വിരമിച്ചു. പെന്‍ഷന്‍ അനുവദിച്ചു കിട്ടി; മാസം തോറും പെന്‍ഷന്‍ വാങ്ങുന്നു. ജീവിക്കാനുള്ള അവകാശം-ഭരണഘടനാ ദത്തം. ആത്മാഭിമാനത്തോടെ, ആരോഗ്യത്തോടെ, സന്തോഷത്തോടെ ജീവിക്കാനുള്ള അവകാശം-എനിക്കുമുണ്ടല്ലോ. ആ അവകാശത്തിന്റെ പൂര്‍ത്തീകരണമാണ് എനിക്ക് കിട്ടുന്ന പെന്‍ഷന്‍. അതെങ്ങനെ പരിഹാസ്യമാകും? എന്നാല്‍, സര്‍വ്വീസ് പെന്‍ഷന് അര്‍ഹതയുള്ള ചിലര്‍, അതോടൊപ്പം അര്‍ഹതയില്ലാത്ത മറ്റു ചില പെന്‍ഷന്‍ കൂടി വാങ്ങുന്നു. സര്‍വ്വീസിലിരിക്കെത്തന്നെ പെന്‍ഷന്‍ കൈപ്പറ്റുന്നു എന്നും കണ്ടെത്തിയിട്ടുണ്ടത്രെ.
ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് 1458 പേര്‍ അര്‍ഹതയില്ലാതെ അവിഹിതമായി പെന്‍ഷന്‍ വാങ്ങുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അല്‍പ ശമ്പളക്കാരായ ജീവനക്കാര്‍ മാത്രമല്ല ഉയര്‍ന്ന വേതനം വാങ്ങുന്നവരും-ഗസറ്റഡ് റാങ്കില്‍പെടുന്നവരും ഇങ്ങനെ ഇരട്ടപ്പെന്‍ഷന്‍ കൈപ്പറ്റുന്നു.
ഇനം തിരിച്ചുള്ള കണക്കുണ്ട്. കോളേജധ്യാപകര്‍-പ്രൊഫസര്‍ പദവിയുള്ളവര്‍-ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകര്‍, കൃഷി വകുപ്പിലും റവന്യുവകുപ്പിലും ജുഡീഷ്യറി ആന്റ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പുകളിലും ജോലി ചെയ്യുന്നവര്‍, പൊലീസുകാര്‍-ഇങ്ങനെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍. ആരോഗ്യ വകുപ്പിലും, സാങ്കേതിക വിഭാഗത്തിലും, മൃഗസംരക്ഷണ വകുപ്പിലും ഉള്ളവരുമുണ്ട്. ക്ഷേമ പെന്‍ഷന്‍ ചെറിയ തുകയാണ്-അടുത്ത കാലത്താണ് അത് 1600 രൂപയാക്കിയത്. മുമ്പ് വെറും 600 രൂപയായിരുന്നു. വാര്‍ധക്യകാല പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വിധവാപെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, ഇങ്ങനെ പോകുന്നു ക്ഷേമ പെന്‍ഷനുകള്‍. അമ്പത് വയസ് കഴിഞ്ഞ അവിവാഹിതകള്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ട്. വാര്‍ധക്യകാല പെന്‍ഷനും കര്‍ഷകത്തൊഴിലാളി പെന്‍ഷനും ലഭിക്കണമെങ്കില്‍ അറുപത് വയസ്സ് പൂര്‍ത്തിയാകണം. ജോലി ചെയ്യാന്‍ ശേഷിയില്ലാതാകുമ്പോഴാണ് പെന്‍ഷന് അപേക്ഷിക്കേണ്ടത്. പെന്‍ഷന്‍ ലഭിക്കാന്‍ അപേക്ഷയുടെ നിജസ്ഥിതി പരിശോധിച്ച് ബോധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
ഇങ്ങനെ അര്‍ഹതാ വ്യവസ്ഥകളും ചട്ടങ്ങളും പ്രാബല്യത്തിലുള്ളപ്പോഴാണ് അര്‍ഹതയില്ലാത്ത ചിലര്‍ നുഴഞ്ഞുകയറി പെന്‍ഷന്‍ കൈപ്പറ്റുന്നത്. ഇനം തിരിച്ചുള്ള എണ്ണം പറഞ്ഞിട്ടുണ്ട് റിപ്പോര്‍ട്ടില്‍. ക്ഷേമപെന്‍ഷന്‍ വകയില്‍ രണ്ടരക്കോടി രൂപ ഒരു വര്‍ഷം അനര്‍ഹര്‍ കൈക്കലാക്കി പോലും. പെന്‍ഷന്‍ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ് വേറിലെയും, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ് വെയറിലെയും (സ്പാര്‍ക്ക് എന്ന് പേര്) വിവരങ്ങള്‍ താരതമ്യം ചെയ്തപ്പോള്‍ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
പരിശോധിച്ച് നടപടിയെടുക്കും; അനര്‍ഹര്‍ അനധികൃതമായി കൈപ്പറ്റിയിട്ടുള്ള തുക പലിശ സഹിതം തിരിച്ചു പിടിക്കും എന്ന് ധനകാര്യ മന്ത്രി പറയുന്നു. അത് മാത്രം മതിയോ? തെറ്റ് ചെയ്തവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കേണ്ടതല്ലേ? അറിവില്ലാത്തെവരല്ലല്ലോ ഇപ്പറഞ്ഞ തെറ്റ്-അല്ല, കുറ്റം-ചെയ്തത്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍, ഉന്നതപദവിയിലിരിക്കുന്നവര്‍. ഇവരെല്ലാമാണ് പട്ടികയിലുള്ളത്. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണം. മോഷണക്കുറ്റം ചുമത്തി ശിക്ഷിക്കണം-പിഴയും തടവും.
അര്‍ഹതയില്ലാതെ, അവിഹിതമായി പെന്‍ഷന്‍ കൈപ്പറ്റിയവരുടെ എണ്ണം പറഞ്ഞാല്‍ പോര, അവരുടെ പേരും വിലാസവും പരസ്യപ്പെടുത്തണം. ഇല്ലെങ്കില്‍, സത്യസന്ധരായ പെന്‍ഷന്‍കാരും സര്‍വ്വീസിലുള്ളവരും തെറ്റിദ്ധരിക്കപ്പെടാനിടയുണ്ട്. അവര്‍ക്കും അവമതിപ്പുണ്ടാകും.
‘ഒരുത്തന്‍ പാപകര്‍മ്മം ചെയ്തീടിലതിന്‍ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെത്തട്ടും’
എന്നാണല്ലോ ആപ്തവാക്യം. തെറ്റ് ചെയ്യാത്തവര്‍ നോട്ടപ്പുള്ളികളാകാന്‍ ഇടവരാന്‍ പാടില്ല. ഇതൊരു സാമ്പത്തിക പ്രശ്നം മാത്രമല്ല. ധാര്‍മ്മികപ്രശ്നം കൂടിയാണ്. ആ ഗൗരവത്തിലെടുക്കണം.
അന്വേഷണം, തുടര്‍നടപടി-ഇത് ആമ വേഗത്തില്‍ ഇഴഞ്ഞാല്‍ പോരാ. സിബിഐ അന്വേഷിക്കണം എന്ന ആവശ്യമുയരും-സിബിഐ അന്വേഷിച്ച കേസുകളുടെ സ്ഥിതിയെന്ത്? കൂട്ടിലെ തത്ത എന്നല്ലേ സിബിഐയെ വിശേഷിപ്പിക്കപ്പെടാറുള്ളത്. കേസുകളുടെ ബാഹുല്യം സിബിഐയിലെ സ്റ്റാഫിന്റെ കുറവ്-അതും പ്രശ്നം.
ജുഡീഷ്യല്‍ അന്വേഷണം, സിറ്റിംഗ് ജഡ്ജിനെ നിയോഗിക്കണം-ആവശ്യമുയരും. നടക്കാത്ത കാര്യം. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു! കൈകാര്യം ചെയ്യാനുള്ള ന്യാധിപന്മാര്‍ നന്നെ കുറവ്. സിറ്റിംഗ് ജഡ്ജിമാരെ മറ്റൊന്നിനും വിട്ടുകൊടുക്കാന്‍ പാടില്ല എന്ന് അത്യുന്നത ന്യായാസനം അറിയിച്ചിട്ടുണ്ട്.
അതുമല്ല, അന്വേഷണം എത്ര വേഗം പൂര്‍ത്തിയാക്കിയാലും അനന്തര നടപടികള്‍ വൈകിയാലോ? അതും പ്രശ്നമാണ്.
ഛെ! നാണക്കേട്! എത്രകാലം കാര്‍ക്കിച്ച് തുപ്പണം? തൊണ്ട വറ്റുമല്ലോ?
നാണംകെട്ടും പണം നേടിക്കൊണ്ടാല്‍, നാണക്കേടാപ്പണം തീര്‍ത്തുകൊള്ളും. ഇങ്ങനെ വിശ്വസിക്കുന്നവരുടെ മുമ്പില്‍ നാണക്കേടും നാണിക്കും കഷ്ടം.