Author: കൂക്കാനം റഹ്‌മാന്‍
ഞങ്ങള്‍ അവരെ അങ്ങനെയാണ് വിളിക്കാറ്. തലയില്‍ തട്ടം ഒരു പ്രത്യേക രീതിയില്‍ കെട്ടിവെക്കും. വീട്ടില്‍ സിങ്കപ്പൂരന്‍ ലുങ്കിയും വെള്ള ഫുള്‍ക്കൈമേല്‍ക്കുപ്പായവും പുള്ളികളുള്ള അരക്കയ്യന്‍ അടിക്കുപ്പായവും ധരിക്കും. ചുവന്ന അരഞ്ഞാണത്തില്‍ രണ്ടു മൂന്ന് താക്കോല്‍ കൂട്ടവും കാണും. പത്തായം, ഉടുപ്പു പെട്ടി, പൈസപ്പെട്ടി എന്നിവയുടെ താക്കോലുകളാണത്. അവരുടെ പ്രായക്കാരെല്ലാം വെറ്റില മുറുക്കുള്ളവരാണ്. പക്ഷേ കുഞ്ഞാമിന്‍ത്താക്ക് മുറുക്കില്ല. മലയാളം എഴുതാനും വായിക്കാനും അറിയില്ല. ഖുറാന്‍ മുപ്പത് ജുസുവും നോക്കിയും നോക്കാതെയും ഓതും. നല്ല കൈത്തുന്നുകാരിയാണ്. കുപ്പായത്തിന്റെ കുടുക്ക് തുന്നാന്‍ മൂപ്പര്‍ക്ക് അത്ര വശമില്ല. അതില്‍ സമര്‍ത്ഥയാണ് സൈനബ എന്ന എന്റെ ഉമ്മ. അതിന് വേണ്ടി സൈനബയെ കാണാന്‍ വീട്ടിലേക്ക് വരും. ചൂരല്‍ കൊണ്ട് നിര്‍മ്മിച്ച തുന്നല്‍ കുരിയയുമായാണ് വരവ്. അതിനകത്ത് കത്രിക, സൂചി, നൂല്, കുപ്പായത്തുണി എല്ലാമുണ്ടാവും. രണ്ടു പേരും വര്‍ത്തമാനത്തില്‍ മുഴുകി കൈത്തുന്നിലൂടെ കുപ്പായം നിര്‍മ്മിക്കുന്നതു കാണാന്‍ അത്ഭുതത്തോടെ കുഞ്ഞുങ്ങളായ ഞങ്ങള്‍ ചുറ്റും നില്‍ക്കും. കാദറും, മമ്മതും ഇബ്രായിനും ഞാനും സമപ്രായക്കാരാണ്. തുന്നല്‍ കാഴ്ച കാണാനും, കളിക്കാനും ഞങ്ങള്‍ ഒത്തു കൂടും. കുടുംബത്തിലെ ആണ്ടു നേര്‍ച്ചക്കും, പള്ളിയിലെ റാത്തീബിനും ഞങ്ങള്‍ ഒപ്പമുണ്ടാവും. ഏറ്റവും കുരുത്തം കെട്ടവനാണ് അക്കരമ്മലെ മമ്മത്. കാദര്‍ പാവമാണ്. ഇബ്രായിന്‍ സൂത്രക്കാരനാണ്. കൂട്ടത്തിലെ നേതാവാണ് ഞാന്‍.
കുഞ്ഞാമിന്‍ത്ത അഞ്ചു നേരം നിസ്‌ക്കരിക്കും. നോമ്പ് അനുഷ്ഠിക്കും. അവരുടെ ഭര്‍ത്താവ് വലിയൊരു മൗലവിയാണ്. തൃക്കരിപ്പൂരിലെ ബീരിച്ചേരിയാണ് മൗലവിയുടെ പുര. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം അങ്ങേര് കൂക്കാനത്തെ ഭാര്യ വീട്ടിലേക്ക് വരും. ബീരിച്ചേരിയില്‍ നിന്ന് രണ്ടു മണിക്കൂറോളം നടക്കണം. ബീരിച്ചേരി റയില്‍വേ പാളം മുറിച്ചു കടന്ന്, കൂലേരി, കൊയോങ്കര, മാണിയാട്ട്, പാലക്കുന്ന്, കരിവെള്ളൂര്‍, പലിയേരി വഴി നടന്നാണ് കൂക്കാനത്തെ കൊക്കാല്‍ എന്ന സ്ഥലത്തെത്തുക. നീണ്ടുപരന്നു കിടക്കുന്ന തെങ്ങിന്‍ തോട്ടവും കവുങ്ങിന്‍തോട്ടവുമുണ്ട്. പറമ്പിനു തൊട്ടു താഴെ മുപ്പു വിളവെടുക്കുന്ന ഏക്കര്‍കണക്കിന് കൃഷിഭൂമിയുണ്ട്. ആ പ്രദേശത്തെ വലിയ ഭൂവുടമയായിരുന്നു കുഞ്ഞാമിന്‍ത്ത. മൗലവി എത്തുമ്പോഴേക്കും കളത്തിന്റെ തുമ്പത്ത് കിണ്ടിയില്‍ വെള്ളം റെഡിയാക്കി വെച്ചിട്ടുണ്ടാവും. അവിടെ കാലുരച്ചു കഴുകാനുള്ള കരിങ്കല്‍ കല്ലും സ്ഥിരമായിട്ടുണ്ട്. മൗലവി വീട്ടിലെത്തിയാല്‍ കുഞ്ഞാമിന്‍ത്താക്കു നല്ല പൗസാക്കാണ്. കുഞ്ഞാമിത്ത മെതിയടി ഇട്ടിട്ടേ അകത്ത് നടക്കൂ. മെതിയടിയുടെ ടിക്ക് ടിക്ക് ശബ്ദം കേള്‍ക്കാന്‍ രസമാണ്. മൗലവി വരുമ്പോള്‍ കൂലേരി മീന്‍ മാര്‍ക്കറ്റില്‍ നിന്ന് പെടക്ക്ന്ന മീന്‍ വാങ്ങും. കൂടാതെ അത്യാവശ്യ സാധനങ്ങളുമായേ വീട്ടിലെത്തൂ. വന്ന ഉടനെ കൊട്ടിലപ്പുറത്തെ തിണ്ണമേല്‍ നല്ല മിനുസമുള്ള സിങ്കപ്പൂരന്‍പായ വിരിച്ചിട്ടുണ്ടാവും. അതില്‍ കയറി ഇരിക്കും. ഉപ്പാനെ കാണാന്‍ മക്കളായ അബ്ദുള്ളയും കാദറും അഹമ്മദും ഏകമകള്‍ സൈനബയും തിണ്ണക്കരികില്‍ വന്നു നില്‍ക്കും. സമ്മാനമായിക്കൊണ്ടു വന്ന മധുരപലഹാരങ്ങള്‍ മക്കള്‍ക്കു നല്‍കി സ്നേഹത്തലോടല്‍ നടത്തും.
മകളെ സിങ്കപ്പൂരില്‍ ജോലി ചെയ്യുന്ന മരുമകനെക്കൊണ്ട് വിവാഹം ചെയ്യിച്ചു. മൂത്തമകനെ മദ്രസാധ്യാപകനാക്കി, കാദര്‍ പഠിക്കുന്നതേയുള്ളു. അഹമ്മദ് കൃഷിയും തോട്ടവും നോക്കി നടത്താന്‍ ഏര്‍പ്പാടാക്കി.
മകളുടെ ഭര്‍ത്താവ് സിങ്കപ്പൂരില്‍ നിന്ന് വരുമ്പോള്‍ ചുമട് കണക്കിന് വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും കൊണ്ടുവരും. എല്ലാം കൊണ്ടും നാട്ടിലെ പ്രമാണിമാരായി ജീവിച്ചു വരികയായിരുന്നു കുഞ്ഞാമിന്‍ത്താന്റെ കുടുംബം.
കുഞ്ഞാമിന്‍ത്താന്റെ ഉമ്മ വയ്യാതായി കിടപ്പിലായി മരിച്ചു. ഉപ്പ അതിന് മുന്നേ ഇവിടം വിട്ടുപോയിരുന്നു. രണ്ട് ആങ്ങളമാരുണ്ടായിരുന്നു. ഞങ്ങള്‍ക്കൊക്കെ അറിയുന്ന ആദന്‍ച്ചയും മമ്മീച്ചയും. ആദന്‍ച്ച നാടുവിട്ടുപോയും, നാട്ടില്‍ വന്നും അധ്വാനിച്ചു ജീവിച്ചു. പെങ്ങള്‍ സൗജന്യമായി കൊടുത്ത പത്തുസെന്റ് സ്ഥലത്ത് ചെറിയൊരു കുടില്‍വെച്ച് ജീവിച്ചു. ഏക മകനും നല്ല അധ്വാനിയായിരുന്നു. ആദന്‍ച്ച മരിച്ചു. പക്ഷേ മകന്‍ അധ്വാനിച്ച് നല്ല വീടുണ്ടാക്കി, മക്കളെ പഠിപ്പിച്ച് ജോലി ചെയ്യാന്‍ കെല്‍പ്പുള്ളവരാക്കി. മുന്നോട്ടു പോകുന്നു. മമ്മിച്ച നല്ല കര്‍ഷകനാണ്. ഏക്ര കണക്കിന് കവുങ്ങിന്‍ തോട്ടത്തിന്റെ ഉടമയായി. ഏകമകന്‍ സര്‍ക്കാര്‍ ജോലിക്കാരനായി. മമ്മിച്ച മരിച്ചു. മകനും കുടുംബവും സുഖകരമായി ജീവിച്ചു വരുന്നു. കുഞ്ഞാമിന്‍ത്ത ദീര്‍ഘകാലം സുഖ സുന്ദരമായി ജീവിച്ചു വരവേ അധ്വാനിയായ ഹമീദ് പെട്ടെന്നുള്ള അസുഖം മൂലം അന്തരിച്ചു. സിങ്കപ്പൂര്‍ക്കാരന്‍ പുതിയാപ്ല ജോലി മതിയാക്കി നാട്ടില്‍ വന്നു. മറ്റു മക്കള്‍ക്ക് സ്വത്ത് വീതിച്ചു നല്‍കി. മൂത്തമകന്‍ അബ്ദുള്ള മൗലവി ചന്തേരക്കടുത്ത് വീട് നിര്‍മ്മിച്ച് ഉദ്യോഗസ്ഥരായ മക്കളോടൊപ്പം സസുഖം ജീവിച്ചു വരുന്നു. ഞാനും കാതറും സുഹൃത്തുക്കളാണ്. ആ കുടുംബത്തില്‍ നിന്ന് ആദ്യമായി എസ്.എസ്.എല്‍.സി. കടന്നുകയറിയ വ്യക്തിയാണ് അവന്‍. അറബിക്ക് അധ്യാപകനായി ജോലിയില്‍ കയറി. അത് കൊണ്ട് അവന് തൃപ്തിയായില്ല. സമ്പാദിക്കണമെന്ന മോഹം ഉണ്ടായി. ഗള്‍ഫിലേക്ക് കടക്കാന്‍ തീരുമാനിച്ചു. അദ്ദേഹം ജോലി ചെയ്തു വന്ന അറബിക്ക് പോസ്റ്റ് വേറൊരാള്‍ക്ക് കൈമാറി തുക കൈപ്പറ്റി. ഗള്‍ഫിലും പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല. ചുരുക്കി പറഞ്ഞാല്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥ സംജാതമായി. ഇപ്പോള്‍ മക്കളുടെ സ്നേഹത്തണലില്‍ ജീവിച്ചു വരുന്നു.
കുഞ്ഞാമിന്‍ത്തയും അന്തരിച്ചു. ഭര്‍ത്താവ് മൗലവി അതിനു മുന്നേ കടന്നുപോയി. ഒരുപാടു സമ്പത്തിന്റെയും ഭൂമിയുടെയും സുഖസൗകര്യത്തിന്റെയും കരുത്തില്‍ ജീവിച്ചു വന്ന കുഞ്ഞാമിന്‍ത്തയുടെ തറവാട് ശോഷിച്ചു ശോഷിച്ചു വന്നു. മക്കള്‍ക്കായി ഭാഗിച്ചു കൊടുത്ത സ്വത്ത് വില്‍പന നടത്തി വിവിധ പ്രദേശങ്ങളിലേക്ക് ചേക്കേറി. സ്വന്തമായി ജീവിതമാര്‍ഗം കണ്ടെത്താനായി ലഭ്യമായ ഭൂസ്വത്തും, കൃഷിഭൂമിയും അല്‍പാല്‍പമായി വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്നു. തറവാട് വീട് പൊളിച്ചു മാറ്റി. ആഢ്യത്വത്തോടെ ജീവിച്ചു വന്ന കുഞ്ഞാമിന്‍ത്ത ഇതൊന്നും കാണാതെ മണ്‍മറഞ്ഞു പോയി.
അധ്വാനത്തിന്റെ മഹത്വം പഠിക്കാതെ, എങ്ങനെയായാലും സുഖജീവിതം നയിക്കണമെന്ന ചിന്തയോടെ മുന്നോട്ടു പോയാലുള്ള അവസ്ഥ ഇതായിരിക്കുമെന്ന് വരും തലമുറയെങ്കിലും ഉള്‍ക്കൊണ്ടാല്‍ നല്ലത്.