പ്രമുഖ സിനിമാ-നാടക നടനും കമന്റേറ്ററുമായ പ്രൊഫ. അലിയാര്‍ നീണ്ട ഇടവേളക്ക് ശേഷമാണ് നവംബര്‍ 14ന് കാസര്‍കോട്ടെത്തിയത്. ആദ്യമായി കോളേജ് അധ്യാപകനായി നിയമനം ലഭിച്ച കാസര്‍കോട്ടേക്ക് വീണ്ടും എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ 1972ലേക്ക് പോവുകയാണ്. കാസര്‍കോട്ട് നടന്ന ‘ശേഷാദ്രിയന്‍സ്’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം സിറ്റിടവറിലെ 403-ാംനമ്പര്‍ മുറിയില്‍ വച്ച് കാരവല്‍ മീഡിയ പ്രതിനിധിയുമായി മനസ്സു തുറക്കുന്നു.
?മലയാള സിനിമാനാടകവേദിയില്‍ കാലൂന്നി നിന്നു കൊണ്ട് അധ്യാപകനായും കമന്ററേറ്ററായും എഴുത്തുകാരനുമായി സ്വന്തം ഇടം കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. അതേ കുറിച്ച് വിശദമാക്കാമോ?
=കൊല്ലം ജില്ലയിലെ വെളിയത്ത് ജനിച്ചുവളരുകയും നാലു പതിറ്റാണ്ടിലേറെയായി തിരുവനന്തപുരത്ത് താമസക്കാരനുമാണ് ഞാന്‍. എങ്കിലും ജനിച്ചുവളര്‍ന്ന നാട് ഇന്നും ത്രസിപ്പിക്കുന്ന ഓര്‍മ്മയാണ്. നാട്ടിലെ പുഴക്കരയിലെ ഒരു തെങ്ങിന്‍തോപ്പായിരുന്നു നാട്ടിലെ പ്രധാന കളിക്കളം. വോളിബോളിനോടായിരുന്നു ഹരം. വലുപ്പചെറുപ്പങ്ങളേതുമില്ലാതെയായിരുന്നു അന്നു ആള്‍ക്കാര്‍ കളിക്കളത്തില്‍ ഒത്തുകൂടിയിരുന്നത്. കളിക്കാന്‍ എത്തുന്നവരില്‍ സര്‍ക്കാര്‍ ജീവനക്കാരും കര്‍ഷകരും കര്‍ഷകതൊഴിലാളികളും കുട്ടികളും ഒക്കെ ഉണ്ടായിരുന്നു. അത് വെറും കളിക്കളം മാത്രമായിരുന്നില്ല. നാട്ടിലെ ഓരോ സംഭവങ്ങളും പങ്കുവെക്കാനുള്ള ഇടം കൂടിയായിരുന്നു. അതുപോലെ സ്‌കൂളിലേക്കും കോളേജിലേക്കുമുള്ള യാത്ര ഇന്നും ഓര്‍മ്മയുണ്ട്.
?ആ യാത്രകളെ കുറിച്ച് ഒന്നു വിശദീകരിക്കാമോ?
=ബസില്‍ പല തരത്തിലും പ്രായത്തിലുമുള്ള യാത്രക്കാരുണ്ടാവും. പക്ഷെ എന്റെ കൂട്ട് മുതിര്‍ന്ന ആള്‍ക്കാരുമായിട്ടായിരുന്നു. അവരില്‍ ഒരാളാണ് വാക്കനാട്, മുരുങ്ങതിലെ സദാശിവന്‍. അദ്ദേഹം നാട്ടിലെ അറിയപ്പെടുന്ന കര്‍ഷകനും ഭൂവുടമയും നാട്ടുവൈദ്യത്തില്‍ അഗാധ പാണ്ഡിത്യം ഉള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ മകനാണ് ഞങ്ങളുടെ നാട്ടില്‍ നിന്നും ആദ്യമായി പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ പോയി നിരവധി സിനിമകളില്‍ അഭിനയിച്ച എം.എസ് രവി.
ബസ് യാത്രക്കിടയില്‍ സദാശിവന്‍ ചേട്ടനെ പോലുള്ളവരുമായി നടത്തിയ കൊച്ചുവര്‍ത്തമാനങ്ങള്‍ എന്റെ ജീവിതയാത്രയില്‍ നന്നായി പ്രതിഫലിച്ചിട്ടുണ്ട്.
?അന്നത്തെയും ഇന്നത്തെയും ബസ് യാത്രയെ എങ്ങനെ താരതമ്യം ചെയ്യുന്നു?
=അന്നും ഇന്നും രണ്ട് കാലങ്ങളാണ്. വലിയ നിലവാരമില്ലാത്ത റോഡുകള്‍, ഇന്ന് കാണുന്ന തരത്തിലുള്ള ബസുകളോ, മറ്റു വാഹനങ്ങളോ ഉണ്ടായിരുന്നില്ല. അന്നത്തെ ബസ് യാത്രക്കാര്‍ പരിചയക്കാരല്ലാതിരുന്നിട്ടും പരസ്പരം സംസാരിക്കാന്‍ ശ്രമിച്ചവരായിരുന്നു. ഒന്നുമില്ലെങ്കില്‍ ഒന്ന് പുഞ്ചിരിക്കാനെങ്കിലും. ഇന്ന് അങ്ങനെയാണോ സ്ഥിതി ? തൊട്ടടുത്തിരിക്കുന്ന ആളു പോലും മൈന്റാക്കില്ല. അവര്‍ക്ക് പുറത്തെ കാഴ്ചകളിലൊന്നും താല്‍പര്യമില്ല. പുറത്തെ ശബ്ദങ്ങളൊന്നും അവരെ അലോസരപ്പെടുത്തുന്നില്ല. ചെവിയില്‍ ഇയര്‍ഫോണും കയ്യില്‍ മൊബൈല്‍ഫോണും. അതില്‍ മാത്രമായി ഓരോരുത്തരുടേയും ശ്രദ്ധയും നോട്ടവും ഒതുങ്ങിപ്പോകുന്നുവെന്നാണ് വര്‍ത്തമാന യാഥാര്‍ത്ഥ്യം.
?കാസര്‍കോട്ട് ആദ്യമായി എത്തുന്നത് ഗവ. കോളേജില്‍ അധ്യാപക ജോലി ലഭിച്ചപ്പോഴാണല്ലോ. അതേ കുറിച്ചുള്ള ഓര്‍മ്മ എങ്ങനെയാണ്?
=1972 മുതല്‍ 75 വരെയായിരുന്നു കാസര്‍കോട് ഗവ. കോളേജില്‍ മലയാളം അധ്യാപകനായി ജോലി നോക്കിയത്. അന്ന് കോളേജ് നിലനിന്നിരുന്ന സ്ഥലം വെറും പാറപ്രദേശമായിരുന്നു. രണ്ടു ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. ഒന്ന് വെജിറ്റേറിയന്‍;മറ്റൊന്ന് നോണ്‍ വെജിറ്റേറിയന്‍.പോത്തിറച്ചി വേണമെങ്കില്‍ നായന്മാര്‍മൂല വരെ പോകണം. അന്ന് വിദ്യാനഗറില്‍ ഒരു സെന്റ് സ്ഥലത്തിന് 10 രൂപയായിരുന്നു വില. ജൂനിയര്‍ അധ്യാപകന് ലഭിക്കുന്ന മാസ ശമ്പളം 360 രൂപയാണെന്ന കാര്യം കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.
?ഒരു പക്ഷെ നടനവൈഭവത്തേക്കാളും മറ്റു നടന്മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് ശബ്ദത്തിന്റെ ഗാംഭീര്യമാണ്. എങ്ങനെയാണ് ശബ്ദം അതേ പടി ഇന്നും നിലനിര്‍ത്താന്‍ കഴിയുന്നത്?
=ജന്മപുണ്യമായിരിക്കാം എന്നാണ് ലളിതമായ ഉത്തരം. ശബ്ദം പഴയപടി നിലനിര്‍ത്താനായി ഒന്നും ചെയ്യുന്നില്ല. ചില വേഷങ്ങള്‍ക്ക് വേണ്ടി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കാറുണ്ട് എന്നു മാത്രം. ഒരു ദിവസം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്റെ രണ്ടു ശിഷ്യന്മാര്‍ അരികിലെത്തി. അവര്‍ക്ക് അറിയേണ്ടത് എന്റെ ശബ്ദത്തെക്കുറിച്ചായിരുന്നു. അന്ന് എന്നെ സമീപിച്ച ശിഷ്യന്മാരാണ് പിന്നീട് പ്രശസ്ത എഴുത്തുകാരായി തീര്‍ന്ന എം.എ റഹ്‌മാനും പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയും.
?ഇതുവരെ എത്ര സിനിമകളില്‍ അഭിനയിച്ചു?
=നാടകങ്ങളില്‍ നിന്നായിരുന്നു തുടക്കം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യം നാടകത്തില്‍ ചമയം തേച്ചത്. അരങ്ങേറ്റം മുതിര്‍ന്നവരുടെ നാടകത്തിലൂടെയായിരുന്നു. അതിനു ശേഷം എത്രയോ നാടകങ്ങളില്‍ അഭിനയിച്ചു. മുന്നൂറില്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. നൂറിലേറെ ഡോക്യുമെന്ററികള്‍ക്ക് കമന്റേറ്ററായി.
?ആരൊക്കെയായിരുന്നു അരങ്ങിലെ സഹപ്രവര്‍ത്തകര്‍?
=നാട്ടുകാരനും പ്രശസ്ത നടനുമായിരുന്ന മുരളി, നടനും നാടകകൃത്തുമായ നരേന്ദ്രപ്രസാദ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങി ഒരു പാട് പേരുണ്ട്.
?നാടകത്തിന്റെ വസന്തകാലം ഇനി തിരിച്ചുവരുമോ?
=നാടകത്തിന് മാത്രമല്ല, സുവര്‍ണ്ണകാലം ഉണ്ടായിരുന്നത്;ഓരോ കലാരൂപത്തിനും ഉണ്ടായിരുന്നു.നല്ല നാടകകൃതികള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നല്ല നാടകങ്ങള്‍ ഉണ്ടാവും. എഴുത്തിന്റെ ശൂരത്വം കുറഞ്ഞുപോയതും നാടകവേദിക്ക് തിരിച്ചടിയായിട്ടുണ്ട്. കലാസമിതികളുടെ പ്രവര്‍ത്തനം ഇല്ലാതായതും ഉത്സവപ്പറമ്പുകളിലേക്ക് മറ്റു കലാരൂപങ്ങള്‍ ചേക്കേറിയതും പ്രൊഫഷണല്‍ നാടക വേദിയെ പ്രതികൂലമാക്കിയിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി വരുന്നുണ്ട് എന്ന് വേണം കരുതാന്‍.
?ഭാവി പദ്ധതികള്‍ എന്തൊക്കെയാണ്?
=ആത്മകഥകള്‍ വിവാദമായിക്കൊണ്ടിരിക്കുന്ന കാലത്ത് അത്തരമൊരു ശ്രമത്തിന് താല്‍പര്യമില്ലേ?
=വിവാദങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ. സ്വജീവിതം പുസ്തകത്തിലേക്ക് പകര്‍ത്തിയെഴുതണമെന്ന് താല്‍പര്യമുണ്ട്. അതിനുള്ള മാനസിക തയ്യാറെടുപ്പിലാണ്. ഒന്‍പതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അവസാനം പുറത്തിറക്കിയ പുസ്തകം ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ ഷാര്‍ജ ബുക്ക് ഫെസ്റ്റിലാണ് പ്രകാശനം ചെയ്തത്. ജീവിതത്തില്‍ ഉണ്ടായിട്ടുള്ള അവിശ്വസനീയമായിട്ടുള്ള സംഭവങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം.
?കുടുംബം
=ഭാര്യ ആരിഫ റിട്ട.അധ്യാപികയാണ്. മക്കളായ സെറീനയും സുലേഖയും ഞങ്ങളുടെ വഴി പിന്തുടര്‍ന്ന് അധ്യാപികമാരാണ്.