മന്ത്രം നാല്
സ യ ഏഷ: അണിമൈതദാത്മ്യമിദം സര്‍വ്വം
തത് സത്യം, സ ആത്മാ, തത്വമസി ശ്വേതകേതോ,
ഇതി, ഭൂയ ഏവ മാ ഭഗവന്‍ വിജ്ഞാപയതു ഇതി,
തഥാ സോമ്യേതി ഹേ വാച.
സാരം: ഈ സൂക്ഷ്മഭാവം തന്നെയാണ് ഈ ജഗത്തിന്റെയെല്ലാം ആത്മാവായിരിക്കുന്നത്. അതു മാത്രമാണ് സത്യമായിട്ടുള്ളത്. എല്ലാറ്റിന്റെയും ആത്മാവായിട്ടുള്ളതും അതു തന്നെയാണ്. അല്ലയോ ശ്വേതകേതു, അത് നീ തന്നെയാകുന്നു, എന്ന് ഉദ്ദാലകന്‍ പറഞ്ഞപ്പോള്‍ ശ്വേതകേതു പറഞ്ഞു: ‘അല്ലയോ ഭഗവാനേ, അങ്ങ് അത് അല്‍പം കൂടി എനിക്ക് വ്യക്തമാക്കിത്തന്നാലും’ എന്ന്. അപ്പോള്‍ ഉദ്ദാലകന്‍ ‘അല്ലയോ സൗമ്യ, അങ്ങനെയാകട്ടെ’ എന്ന് സമ്മതിച്ചു. പിതാവിന്റെ ഉദാഹരണം കേട്ടിട്ടും ശ്വേതകേതുവിനു പൂര്‍ണ്ണമായും അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. സുഷുപ്തിയില്‍ സത്തുമായി ഏകീഭവിച്ച ജീവികള്‍ക്കു ഉണരുമ്പോള്‍ തന്റെ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചു പോകുന്ന അവസരത്തില്‍ എന്തുകൊണ്ടാണ് അവയ്ക്കാ സത്യം ബോധ്യപ്പെടാത്തതെന്ന സംശയം ശിഷ്യനില്‍ അവശേഷിച്ചതു കൊണ്ടാണ് അവന്‍ വീണ്ടും അതു വിശദീകരിച്ചു തരണമെന്ന് ആവശ്യപ്പെടുന്നത്. ഗുരുവാകട്ടെ ശിഷ്യനോട് ദേഷ്യപ്പെടുന്നതിനു പകരം സന്തോഷത്തോടു കൂടി ശിഷ്യനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതോടെ ഒമ്പതാം ഖണ്ഡം സമാപിച്ചു.