കാസര്‍കോട്: മൂന്നുപാട്ടിലൂടെ സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് പിലിക്കോട് വയല്‍ സ്വദേശിനി രാജലക്ഷ്മി. രാജലക്ഷിയുടെ ‘മേഘരാഗം നെറുകില്‍ തൊട്ടു എന്ന ഗാനം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം. വാട്സ് ആപ്പ് എന്നിവയിലൂടെ ആയിരക്കണക്കിന് ആളുകളാണ് ആസ്വദിച്ചത്. സിനിമാ സംവിധായകന്‍ സന്തോഷ് പുതുക്കുന്ന്, നടന്മാരായ ഉണ്ണിരാജ് ചെറുവത്തൂര്‍, രാജേഷ് മാധവന്‍, പിപി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ഗായികയെ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. ഹേ സൈനബ, ചെമ്പൂവേ പൂവേ തുടങ്ങിയ പാട്ടുകളും വൈറലാവുകയാണ്. പിന്നണി ഗായിക ജാനകിയുടെ ശബ്ദവുമായി സാമ്യമുണ്ട് രാജലക്ഷ്മിയുടെ ‘ഒരു സനം തൂങ്കിടിച്ചു’ എന്ന തമിഴ് സിനിമാ പാട്ടിന്. മുന്നാട് പീപ്പിള്‍സ് കോളജ് ജെഡിസി സെന്ററിലെ വിദ്യാര്‍ഥിനിയായ രാജലക്ഷ്മി നിലേശ്വരം രാഗവീണ സംഗീത വിദ്യാലയത്തില്‍ വിപിന്‍ രാഗവീണയുടെ ശിക്ഷണത്തില്‍ ഏഴ് വര്‍ഷം സംഗീതം പഠിച്ചിട്ടുണ്ട്. കരിവെള്ളൂര്‍ സിംഗിങ് ബെല്‍ എന്ന മ്യൂസിക് ട്രൂപ്പില്‍ അംഗമാണ്. പരേതനായ വിവി രാജന്റെയും കെവി ബിന്ദുവിന്റെയും മകളാണ് ഈ വൈറല്‍ ഗായിക. സഹോദരി വി വി ജയലക്ഷ്മി.
