മന്ത്രംക: ആപ: പീതാ: ത്രേധാ: വിധീയതേ,
താസാം യ: സ്ഥവിഷ്ഠോധാതുസ്തന്മൂത്രം ഭവതി
യോ മദ്ധ്യമസ്തല്ലോഹിതം, യോണിഷ്ഠ: സ പ്രാണ:
സാരം: നാം കുടിക്കുന്ന ജലവും മൂന്നു വിധമായി വിഭജിക്കപ്പെടുന്നു. അതില്‍ ഏറ്റവും സ്ഥൂലമായ അംശം മൂത്രമായിത്തീരുന്നു. മധ്യമഭാഗം രക്തമായും ഏറ്റവും സൂക്ഷ്മമായ അംശം പ്രാണനുമായിത്തീരുന്നു.
കഴിക്കുന്ന ആഹാരം പോലെത്തന്നെ പ്രധാനമാണ് കുടിക്കുന്ന ജലവും. കാരണം ജലത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഭാഗമാണ് എല്ലാ ശാരീരിക, മാനസിക പ്രക്രിയകളെയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പ്രാണശക്തിയായിത്തീരുന്നത്. ഇവയുടെ പ്രാധാന്യമൊക്കെ ഉദാഹരണസഹിതം പിന്നീട് വിവരിക്കുന്നതു കൊണ്ട് അതിനെക്കുറിച്ച് ഇവിടെ കൂടുതല്‍ വിശദീകരിക്കുന്നില്ല.
മന്ത്രം 3: തേജോശിതം ത്രേധാവിധീയതേ
തസ്യയ: സ്ഥവിഷ്ഠോ ധാതുസ്തദസ്ഥിഭവതി,
യോ മധ്യമ: സമജ്ജാ, യോണിഷ്ഠ:
സാ വാക്.
സാരം: അഗ്‌നിയുടെ അംശം കൂടുതല്‍ അടങ്ങിയ എണ്ണ, നെയ്യ്, തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നവ മൂന്നായി വേര്‍തിരിക്കപ്പെടുന്നു. അവയുടെ ഏറ്റവും സ്ഥൂലമായ അംശം അസ്ഥിയായിത്തീരുന്നു. മധ്യമമായ അംശം മജ്ജയും ഏറ്റവും സൂക്ഷ്മമായ ഭാഗം വാക്കുമായും തീരുന്നു.
അഗ്‌നിയുടെ അംശം കൂടുതലുളള ആഹാരങ്ങള്‍ കഴിക്കുന്നത് കൊണ്ട് വാഗിന്ദ്രീയം പുഷ്ടിപ്പെടുന്നു. പ്രഭാഷകരും സംഗീതജ്ഞരും ഗായകന്മാരും വെണ്ണയും നെയ്യും മറ്റും കൂടുതലായി ഉപയോഗിക്കുന്നത് കാണാം. അതുപോലെ ഗായകന്മാര്‍, അവരുടെ ശബ്ദത്തെ ദോഷകരമായി ബാധിക്കും എന്നതിനാല്‍ ഐസ്‌ക്രീം പോലുള്ള തണുത്ത പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നു. ചെറിയ കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ നെയ്യ് സേവിക്കാന്‍ കൊടുക്കുന്നതും എണ്ണ ശരീരം മുഴുവന്‍ പുരട്ടുന്നതും ഈയൊരു തത്വത്തെ അടിസ്ഥാനമാക്കിയായിരിക്കാം.
മന്ത്രം3: അന്നമയം ഹിസോമ്യമന: ആപോമയ:
പ്രാണസ്തേജോമയീവാഗിതി, ഭൂയ ഏവമാ ഭഗവാന്‍
വിജ്ഞാപയത്വിതി, തഥാ സോമ്യേതി ഹോ വാച
സാരം: അല്ലയോ സൗമ്യ മനസ്സ് അന്നമയവും പ്രാണന്‍ ജലമയവും വാക്ക് തേജോമയവുമാകുന്നു, എന്ന് അരുണപുത്രനായ ഉദ്ദാലകന്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ ശ്വേതകേതു പിതാവിനോട് പറഞ്ഞു. ‘എനിക്ക് ഇനിയും പറഞ്ഞു തന്നാലും’ അങ്ങനെയാകട്ടെയെന്ന് ആരുണി മറുപടി പറഞ്ഞു.
(തുടരും)
