ബംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ ഒരു പ്രമുഖ ക്ഷേത്രത്തിന്റെ പരിസരത്ത് ശത്രുഭൈരവി മഹാപൂജയും മൃഗബലിയും നടത്തിയതായി ആരോപണം. കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ ആണ് ആരോപണം ഉന്നയിച്ചത്. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൂജയില്‍ പങ്കെടുത്തവരാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും ശിവകുമാര്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് ശിവകുമാറിന്റെ ആരോപണം. ക്ഷേത്രത്തിനു അകത്തല്ല പുറത്തെ രഹസ്യ കേന്ദ്രത്തിലാണ് മഹാപൂജ നടത്തിയതെന്നും അഞ്ചുതരം മൃഗങ്ങളെ ബലി കൊടുത്തതായും അദ്ദേഹം ആരോപിച്ചു. 21 ആട്, മൂന്ന് എരുമ, 21 ചെമ്മരിയാട്, 5 പന്നി എന്നിങ്ങനെയാണ് ബലിക്കായി ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
