ഒരാള്‍ക്ക് ഒരു അത്യാഹിതം സംഭവിച്ചു എന്ന് കേട്ടാല്‍ ”അയ്യോ കഷ്ടം! ഇങ്ങനെ പറ്റിപ്പോയല്ലോ പാവത്തിന്” എന്ന് പറയും. അതിന് ഇരയായത് അടുത്തു ബന്ധമോ, പരിചയക്കാരനോ ആകണമെന്നില്ല. ഈ വാര്‍ത്തയോടൊപ്പമാകും അയാളുടെ ഊരും പേരും പോലും അറിയുന്നത്. അത്രയും വിദൂര പരിചയം പോലും ഇല്ലാത്തവരുടെ ദുരന്തത്തിലും നാം സഹതപിക്കും. അതിനെയാണല്ലോ മനുഷ്യപ്പറ്റ് എന്ന് പറയുന്നത്.
എന്നാല്‍ അടുത്ത കാലത്തായി തുടരെത്തുടരെ നമ്മുടെ വാര്‍ത്താ മാധ്യമങ്ങളില്‍ കാണാറുള്ള വാര്‍ത്ത-കൊടും വഞ്ചനക്കിരയായി എന്നത് സംബന്ധിച്ച് -ഇതേ പ്രതികരണം അല്ല ഉളവാക്കുക. ”നന്നായിപ്പോയി”; അങ്ങനെ തന്നെ വരണം; അത്യാര്‍ത്തി നിമിത്തമല്ലേ?’ എന്ന് ഉറക്കെ പറഞ്ഞില്ലെങ്കിലും മനസ്സില്‍ മന്ത്രിക്കുകയെങ്കിലും ചെയ്യും. അന്യന്റെ ദുഃഖത്തില്‍ സഹതാപാര്‍ദ്രമായ മനസ്സില്ലാത്ത ദുഷ്ടനായത് കൊണ്ടല്ല വിവേകത്തിന്റെ കണിക പോലുമില്ലാത്ത അത്യാര്‍ത്തിപ്പണ്ടാരത്തിന് അര്‍ഹിക്കുന്ന ശിക്ഷ-കിട്ടേണ്ടത് കിട്ടി എന്നത് കൊണ്ട്.
ഏത് വാര്‍ത്തയെക്കുറിച്ചാണ് പറയുന്നത് എന്ന് ഇതിനകം മനസ്സിലായിട്ടുണ്ടാകുമല്ലോ. സൈബര്‍, ഓണ്‍ലൈന്‍ എന്നൊക്കെ പറയുന്ന അത്യാധുനിക ശാസ്ത്ര സങ്കേതങ്ങളുപയോഗിച്ച് അജ്ഞാതര്‍ ബന്ധപ്പെടും. മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നിരത്തും. ‘ഇത്ര’ രൂപ മുടക്കിയാല്‍ ‘അത്ര’രൂപ കിട്ടും എന്നൊരു സന്ദേശവും. അത് കാണുകയേ വേണ്ടു, അത്രയും രൂപ കടംവാങ്ങിയിട്ടെങ്കിലും പറഞ്ഞ അക്കൗണ്ട് നമ്പറില്‍ നിക്ഷേപിക്കും. വീണ്ടും വീണ്ടും നിര്‍ദ്ദേശം വരും. പണം അടക്കും, വാഗ്ദാനം ചെയ്ത അവധിക്ക് ഒന്നും മടക്കിക്കിട്ടാതിരിക്കുമ്പോഴാണ് വഞ്ചിക്കപ്പെട്ടു എന്ന പരാതിയുമായി പൊലീസിനെ സമീപിക്കുക.
ഇതാ ഒരു വാര്‍ത്ത: മുഹമ്മ പഞ്ചായത്തിലെ സിറില്‍ ചന്ദ്രനോട് ഓണ്‍ലൈനായി ഓഹരിയില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ് വിളിച്ചത് ഗുജറാത്ത് സ്വദേശിനിയാണ്. സിറില്‍ ചന്ദ്രന്‍ പലപ്പോഴായി നിക്ഷേപിച്ച പതിനേഴ് ലക്ഷം രൂപ ഗുജറാത്ത് സ്വദേശിനിയും കൂട്ടുകാരും പല വഴിയായി പിന്‍വലിച്ചു. തൃക്കരിപ്പൂര്‍ കാരിഫര്‍നത്ത് അടക്കം ഈ തട്ടിപ്പ് സംഘത്തിലുണ്ട്.
വാട്‌സ്ആപ്, ടെലിഗ്രാം എന്നിവ മുഖേന ഓണ്‍ലൈന്‍ തൊഴില്‍ ചെയ്ത് വലിയ വരുമാനം ഉണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് മുന്നാട് സ്വദേശി ശ്രീരൂപിനെ പറ്റിച്ചു. രണ്ട് ലക്ഷം രൂപയാണ് ആ യുവാവിന് നഷ്ടമായത്. ഫോറന്‍സിക് സര്‍ജനായി സേവനമനുഷ്ടിച്ച ശേഷം റിട്ടയര്‍ ചെയ്ത തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ വിവാഹ പരസ്യത്തില്‍ ആകൃഷ്ടനാക്കി വഞ്ചിച്ച നാല്‍വര്‍ സംഘത്തില്‍ ഒരു കാഞ്ഞങ്ങാട്ടുകാരി യുവതിയുമുണ്ട്. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വരാന്‍ പറഞ്ഞത് പ്രകാരം അറുപത്തേഴ്കാരനായ ഡോക്ടര്‍ എത്തി. ‘ കേട്ടില്ലേ, കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍, തൊണ്ണൂറ് കഴിഞ്ഞപ്പോള്‍ പെണ്ണുകെട്ടാന്‍ പോയി, മാല വാങ്ങി വന്നു, താലി വാങ്ങി വന്നു’ എന്ന് പഴയ സിനിമാപാട്ടില്‍ പറഞ്ഞത് പോലെ ഈ തിരുവനന്തപുരക്കാരന്‍ ഡോക്ടര്‍ താലിമാലയുമായി ഹോട്ടലിലെത്തി. യുവതിയോടൊപ്പമുണ്ടായിരുന്നവര്‍ വധുവിന്റെ ബന്ധുക്കളാണെന്ന് പരിചയപ്പെടുത്തി. സ്ത്രീധനം വധു വരന് കൊടുക്കുന്നതിന് പകരം ഇങ്ങോട്ട് കൈപ്പറ്റി. അഞ്ചരലക്ഷം രൂപ. താലികെട്ട് നടന്നു. മൂന്ന് ബന്ധുക്കള്‍ സാക്ഷികളായി. ആദ്യരാത്രി ഒരു ചടങ്ങിന് പോലും നടന്നില്ല. വധുവും ബന്ധുക്കളും സ്ഥലം വിട്ടു. അവര്‍ കൈമാറിയ നമ്പറില്‍ ഡോക്ടര്‍ വിളിച്ചപ്പോള്‍ സ്ഥിരമായി ഫോണ്‍ ഓഫ്, ചതിപറ്റി എന്ന ഡോക്ടറുടെ പരാതിയില്‍ കേസെടുത്തു. പൊലീസിന് പണിയായി.
ഇവിടെ ഡോക്ടറാണ് വഞ്ചിക്കപ്പെട്ടതെങ്കില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരാണ് സമാനമായ ചതിയില്‍പ്പെടുന്നത്. കേരളത്തിലെ സൈബര്‍ ഡിവിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇതു പോലുള്ള തട്ടിപ്പിനിരയാകുന്നവരില്‍ ഏറെയും ഉന്നത വിദ്യാഭ്യാസമുള്ള വിദഗ്ധരാണ് എന്നാണ്. കഴിഞ്ഞ അഞ്ചുമാസക്കാലത്ത് അമ്പത്തഞ്ച് ഡോക്ടര്‍മാരും തൊണ്ണൂറ്റിമൂന്ന് ഐ.ടി പ്രൊഫഷണലുകളും നൂറ്റിരുപത്തിമൂന്ന് വ്യാപാരികളും 93 വീട്ടമ്മമാരും തട്ടിപ്പിനിരകളായി എന്നാണ് കണക്ക്. വിവിധ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിന്ന് റിട്ടയര്‍ ചെയ്യപ്പെട്ടവര്‍ എണ്‍പത്തിമൂന്ന്. പ്രവാസികള്‍ എണ്‍പത്. ബാങ്ക് ഓഫീസര്‍മാര്‍ 31. ശാസ്ത്രജ്ഞന്മാരും അഭിഭാഷകരും പ്രതിരോധ സേനാംഗങ്ങളും കൂട്ടത്തിലുണ്ട്.
നമ്മുടെ സംസ്ഥാനത്ത് ഓരോ മാസവും പതിനഞ്ച് കോടിയോളം രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമാകുന്നുണ്ടത്രെ. കഴിഞ്ഞ വര്‍ഷം കുതന്ത്രശാലികള്‍ പലരില്‍ നിന്നായി പോക്കറ്റിലാക്കിയത് ഇരുന്നൂറ് കോടിയില്‍പ്പരം രൂപ.
തട്ടിപ്പില്‍പ്പെട്ടു എന്ന് സംശയം തോന്നിയാല്‍ ഉടനെ പൊലീസിനെ സമീപിക്കുകയാണെങ്കില്‍ നഷ്ടത്തിന്റെ അളവ് കുറയുമായിരുന്നു. എന്നാല്‍ നാല്‍പത് ശതമാനത്തില്‍ താഴെയാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നെ പൊലീസ് എന്ത് ചെയ്യാന്‍. ഒന്നുണ്ട്; ബോധവല്‍ക്കരണ പരിപാടി. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ബഹുജനങ്ങളെ ബോധവല്‍ക്കരിക്കുക.
ഭക്തകവി പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’ കേള്‍പ്പിക്കാം: ‘പത്തുകിട്ടുകില്‍ നൂറ്; ശതമാകില്‍ സഹസ്രം, ഇങ്ങനെ സമ്പാദിച്ച് കൂട്ടിയാലും ചത്തുപോം നേരം വസ്ത്രമതു പോലും ഒത്തിടാ കൊണ്ടു പോകാനൊരുത്തനും’. ആശ അഥവാ അത്യാര്‍ത്തി. അത് പാടില്ല എന്ന് ബോധ്യപ്പെടുത്തണം. വേറെ വഴിയില്ല.
ജ്ഞാനപ്പാനയും തോറ്റുപോകുമോ? അത്യാര്‍ത്തിക്ക് അതിരില്ല.
