ഉമ്മയ്ക്കയച്ച നൂറു രൂപയും ഒരിറ്റ് കണ്ണീരും

അതിരേത്- ഭാഗം-3

കണ്ണുകള്‍ തുറക്കുമ്പോഴേക്കും നേരം പുലര്‍ന്ന് കഴിഞ്ഞിരുന്നു.
സുര്യന്‍ ഉദിച്ചു വരുന്നതേയുള്ളു. എങ്കിലും തെരുവ് എപ്പോഴോ ഉണര്‍ന്നു കഴിഞ്ഞിരുന്നെന്ന് മുന്നിലെക്കാഴ്ചകളില്‍ നിന്ന് എനിക്ക് വ്യക്തമായിരുന്നു. ചുറ്റുമുള്ള പീടികകളില്‍ പലതും മിഴി തുറന്നിരിക്കുന്നു. ഹോട്ടലുകളില്‍ വിളമ്പുകാരുടെയും വെപ്പുകാരുടെയും കഴിപ്പുകാരുടെയും ബഹളങ്ങള്‍ കാണാം.
തിരക്കിട്ട് തന്റെ ലക്ഷ്യങ്ങള്‍ തേടി നടന്നു പോകുന്ന മനുഷ്യര്‍. അവയ്ക്കിടയിലൂടെ പഴകിയ തുണിസഞ്ചികളുമായി അലഞ്ഞു നടക്കുന്ന യാചകര്‍. ആ നിമിഷം ഞാനെന്റെ മുഖം തന്നെ അവരില്‍ കണ്ടുപോയി. അതോര്‍ത്തപ്പോ മിന്നലുപോലെ എന്തോ ഒന്ന് എന്റെ ഹൃദയത്തിലൂടെ കടന്ന് പോയി.
അഭിമാനിയായ അന്ദ്രുമാന്റെ മകന്‍ യാചകനാകാന്‍ പോവുകയാണോ..
ഇല്ല..
അതിനെനിക്ക് വയ്യ.
അടുത്ത് കണ്ട ഹോട്ടലിലേക്ക് ഞാനെഴുന്നേറ്റ് നടന്നു.
എച്ചിലെടുത്തും, ഗ്ലാസ് കഴുകിയും നല്ല പരിചയമുണ്ടല്ലോ.
ആ വഴി ഒന്ന് ശ്രമിച്ചു നോക്കാമെന്നായിരുന്നു ഉദ്ദേശം.
പക്ഷെ ചോദ്യം തുടങ്ങും മുമ്പേ, മുതലാളി എന്ന അഹംഭാവത്തോടെ മുന്നിലിരുന്ന ആ മനുഷ്യന്‍ ആട്ടിയകറ്റിയിരുന്നു. ഭാഷയറിയാത്തതോ, കുടിയേറ്റക്കാരോടുള്ള അവഗണനയോ എന്താണെന്നറിയില്ല വെറുപ്പോടെയാണ് ചുറ്റുമുള്ളവര്‍ നോക്കുന്നത് തന്നെ. നിരാശയോടെ തിരികെ നടക്കുമ്പോഴാണ് മുന്നില്‍ ദൈവദൂതനെ പോലെ വീണ്ടും ആ മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടത്. കരയണോ ചിരിക്കണോയെന്ന് അറിയാത്ത അവസ്ഥ. ഒരൊറ്റ നിമിഷം കൊണ്ട് എന്റെ ദയനീയാവസ്ഥ മുഴുവന്‍ ഞാനാ മനുഷ്യന് മുന്നില്‍ വിവരിച്ചു. അതിടയില്‍ ശ്വാസമെടുക്കാന്‍ പോലും ഞാന്‍ മറന്ന് പോയിരുന്നു. മുന്നിലുള്ള ഏക കച്ചിതുരുമ്പാണ്.
പിടിവിട്ടാല്‍ പിന്നെ ഓര്‍ക്കാന്‍ വയ്യ. അനുഭവിച്ച വേദനകളും യാതനകളുമെല്ലാം കെട്ടുകഥകള്‍ കേള്‍ക്കുന്ന അതേ ആകാംക്ഷയോടെ നിശബ്ദനായിരുന്നു കൊണ്ട് അദ്ദേഹം കേട്ടു തീര്‍ത്തു.
അതിനു ശേഷം എന്റെ കയ്യും പിടിച്ച് അദ്ദേഹം അതേ ഹോട്ടലിലേക്ക് കയറിച്ചെന്നു.
വയറു നിറയെ ആഹാരവും വെള്ളവും വാങ്ങിത്തന്നു. മുറുകെപ്പിടിച്ച ആ കൈകളില്‍ നിന്ന് വേര്‍പ്പെടാതിരിക്കാന്‍ ഞാന്‍ ഒന്നുകൂടെ ആ വിരലില്‍ ഇറുകെ പിടിച്ചു കൊണ്ടിരുന്നു.
കാരണം വീണ്ടും ആ തെരുവില്‍ ഒറ്റപ്പെടുന്നതോര്‍ക്കുമ്പോ എനിക്ക് വല്ലാതെ ഭയം നിറയുന്നുണ്ടായിരുന്നു.
പിന്നെ എന്നെയും കൊണ്ട് അദ്ദേഹം നേരെ പോയത്, അദ്ദേഹത്തിന്റെ തന്നെ താമസസ്ഥലത്തേക്കായിരുന്നു. അവിടെനിന്ന് എനിക്ക് കുളിക്കാനും വസ്ത്രം മാറാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തി.
ശേഷം അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരന്റെ ഹോട്ടലിലേക്ക് കൊണ്ടു പോവുകയും അവിടെ എനിക്ക് ഒരു ജോലി വാങ്ങി തരുകയും ചെയ്തു. പടച്ചവനെ കണ്ടിട്ടുണ്ടോയെന്ന് ആരെങ്കിലും അന്നെന്നോട് ചോദിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനാ മനുഷ്യന്റെ മുഖത്തേക്ക് വിരല്‍ ചൂണ്ടുമായിരുന്നു.
വയറുനിറച്ചുണ്ണാന്‍ ആഹാരവും ഉടുക്കാന്‍ വസ്ത്രവും കിടക്കാനൊരിടവും അവരെനിക്ക് നല്‍കി.
രാവിലെ മുതല്‍ രാത്രി വരെ നിന്ന് തിരിയാനിടയില്ലാത്ത ജോലിയാണെങ്കിലും, അതിനൊത്ത കൂലി അവരെനിക്ക് നല്‍കിയിരുന്നു. അതില്‍പരം മറ്റൊന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.
അന്നത്തെ കാലത്ത് നൂറ്റിയമ്പത് രൂപ, ഏതൊരു മനുഷ്യനും അതൊരു സ്വപ്‌നം തന്നെയായിരുന്നു.
ആദ്യത്തെ കൂലിയായി ആ രൂപ അവരെന്റെ കൈയിലേക്ക് വെച്ച് തരുമ്പോള്‍, എന്തിനെന്നറിയാതെ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
അന്ന് രാത്രി മുറിയിലെ എല്ലാവരും ഉറങ്ങിയതിന് ശേഷം ഉമ്മയ്ക്ക് ഞാനൊരു കത്തെഴുതി. സുഖാ ന്വേഷണങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആ എഴുത്തില്‍ സ്ഥാനം പിടിച്ചത് മാപ്പുപറച്ചിലുകളും ഏറ്റുപറച്ചിലുകളുമായിരുന്നു. മറുപടി കത്തിന് പ്രതീക്ഷിക്കുന്നതുപോലെ എന്റെ വിലാസമെഴുതി കത്ത് ചുരുക്കുമ്പോഴേക്കും ഹൃദയത്തില്‍ അന്നോളം കൂടി നിന്ന കറുത്തിരണ്ട കാര്‍മേഘം, പെയ്‌തൊഴിഞ്ഞ പോലെ വല്ലാത്തൊരു വെളിച്ചം ഉള്ളില്‍ കടന്ന് വന്നിരുന്നു. കത്ത് മടക്കി, കിട്ടിയ നൂറു രൂപ അതില്‍ പൊതിഞ്ഞു വെച്ച് കവറിലേക്ക് ഇട്ടപ്പോഴേക്കും ദീര്‍ഘമായ ഒരു നിശ്വാസം എവിടെനിന്നോ എന്നിലേക്ക് കടന്നുവന്നു കഴിഞ്ഞിരുന്നു. വീട്ടില്‍ നിന്ന് ഞാന്‍ വന്നിട്ടിപ്പോ ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഈ കത്ത് കയ്യിലെത്തുമ്പോ ഉമ്മയുടെ എല്ലാ സങ്കടങ്ങള്‍ക്കുമുള്ള മരുന്നാകുമെന്ന് തീര്‍ച്ചയാണ്. സന്തോഷം കൊണ്ട് ആ കണ്ണുകള്‍ നിറയുമെന്നും, കണ്ണില്‍ കാണുന്നവരോടൊക്കെ മകന്റെ കത്ത് വന്നത് അഭിമാനത്തോടെ വിളിച്ചു പറയുകയും ചെയ്യും.
എന്റെ മകന്‍ കള്ളനല്ലെന്ന് പറയാതെ പറയും പോലെ ഉറക്കെയുറക്കെ എന്റെ ഉമ്മ പൊട്ടിച്ചിരിക്കും.
ആ ചിത്രങ്ങള്‍ കണ്മുന്നിലെന്ന പോലെ എനിക്കിവിടെ കാണാം.
പരാതികളോ പരിഭവങ്ങളോയില്ലാതെ തന്റെ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു തൊഴിലാളിയോട് മുതലാളിമാര്‍ക്കിടയില്‍ ഉണ്ടാകുന്ന മതിപ്പും സ്‌നേഹവും എന്റെ മുതലാളിയും എന്നോട് പലപ്പോഴും കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണെന്ന് തോന്നുന്നു. ഹോട്ടല്‍ ജോലിക്ക് പുറമെ എനിക്കൊരു പുതിയ ഉദ്യോഗം കൂടെ അദ്ദേഹം തന്നത്. അദ്ദേഹത്തിന്റെ മകനെ സ്‌കൂളില്‍ കൊണ്ടു വിടുക. സൈക്കിളിലായിരുന്നു പോക്കും വരവും. അതിന് കൂലി വേറെ തരും.
ചുരുക്കിപ്പറഞ്ഞാല്‍ ഞാനിപ്പോള്‍, നിര്‍ഭാഗ്യത്തിന്റെ നിഴലില്‍ നിന്ന് തെന്നി മാറി ഭാഗ്യത്തിന്റെ നിഴലിനോടൊപ്പമാണ്. അങ്ങനെ ദിവസങ്ങളും മാസങ്ങളും സന്തോഷകരമായി നീങ്ങിത്തുടങ്ങി ഉമ്മയ്ക്ക് മുടങ്ങാതെ കത്തുകളെഴുതും അതിനോടൊപ്പം പണവും, അവരുടെ കൈകളില്‍ എത്തിച്ചേരും. ദാരിദ്ര്യത്തില്‍ നിന്ന് അല്‍പം ശമനം.
വയര്‍ നിറച്ചുണ്ണാനും ആവശ്യങ്ങള്‍ നിറവേറാനും അവര്‍ക്കത് മതിയായിരുന്നു. ആ സന്തോഷത്തിന്റെ ആനന്ദത്തില്‍ തന്നെയായിരുന്നു ഞാനും. ഒടുവില്‍ തന്റെ ലക്ഷ്യം സാധ്യമായിരിക്കുന്നു.
അതിന്റെ ചാരിതാര്‍ത്ഥ്യത്തിലായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍ കടന്ന് പോയിരുന്നത്.
കുമിഞ്ഞു കൂടിയ മാലിന്യങ്ങളും, വൃത്തിയില്ലായ്മയും തിക്കിത്തിരിക്കുന്ന ആള്‍ക്കൂട്ടങ്ങളും,ഇടുങ്ങിയ വഴികളും അക്രമങ്ങളും അനീതികളും കൊള്ളയും കൊലയുമെല്ലാം ഈ നഗരത്തെ വെറുക്കാന്‍ ആദ്യമെന്നെ പ്രാപ്തനാക്കിയെങ്കിലും പതിയെ പതിയെ പലതും കാട്ടി ഈ നഗരം എന്നെ മോഹിപ്പിച്ചു തുടങ്ങിയിരുന്നു. സൂര്യനോടൊപ്പം ഉറങ്ങാത്ത തെരുവുകളും, ഒരിക്കലും നിലക്കാത്ത റോഡുകളും കണ്ണടയ്ക്കാത്ത വഴിവിളക്കുകളും അങ്ങനെ പലതും അതില്‍ പെടുന്നതാണ്.
ഒരായിരം സ്വപ്‌നങ്ങളുമായി തന്റെ മാറിലേക്ക് കടന്നുവരുന്ന അതിഥികളെ സ്വീകരിക്കാന്‍ സദാ തയ്യാറായി നില്‍ക്കുകയാണ് ഈ നഗരമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
എങ്കിലും വിസ്മയിപ്പിക്കുന്ന തന്റെ കഥകള്‍ കേട്ട് വരുന്ന ചിലരെ ചതി കുഴികളൊരുക്കി തെരുവിലേക്ക് വലിച്ചെറിയാനും വേരോടെ പിഴുതെറിയാനും ഈ നഗരം മടിക്കാറില്ല.
അതിന്റെ പ്രധാന കാരണം സദാ മിഴി തുറന്ന് നില്‍ക്കുന്ന നിശാ ക്ലബ്ബുകളും, ചുവന്ന തെരുവുകളും മയക്ക് മരുന്നുകളും അധോലോകങ്ങളും തന്നെയാണ്. പിന്നെ മനസ്സിന്റെ ഊക്ക് പോലെയിരിക്കുമത്. ഒന്നുകില്‍ തെരുവില്‍ കിടന്ന് നിങ്ങള്‍ക്ക് സ്വയമില്ലാതാകാം അല്ലെങ്കില്‍ സര്‍വ്വശക്തിയുമെടുത്ത് കുതിച്ചോടി ഇതിന്റെ നെറുകയില്‍ നിന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ വിജയമാഘോഷിക്കാം. രണ്ടും അവനവന്റെ ചേഷ്ടകള്‍ പോലെയിരിക്കും. മാസങ്ങള്‍ കടന്നിപ്പോള്‍ വര്‍ഷങ്ങളായിരിക്കുന്നു. അതില്‍ ഒന്നോ രണ്ടോ തവണ ഞാനെന്റെ നാട്ടിലേക്ക് പോയി ഉമ്മയും പെങ്ങമ്മാരെയും ഒന്ന് കണ്ടു വന്നു.
അത്രയും കാലത്തെ ജീവിതത്തിലെ സന്തോഷമെന്ന് അടയാളപ്പെടുത്താന്‍ ഇന്ന് അത് മാത്രമേയുള്ളൂ.
ആയിടക്കാണ് പുതിയൊരു കമ്പനിയില്‍, ശുപാര്‍ശ വഴി എനിക്ക് ജോലി കിട്ടിയത്.
കാണുന്നവരോടെല്ലാം എന്തെങ്കിലും ജോലി ഉണ്ടെങ്കില്‍ വിളിക്കണമെന്ന് പറയും. കാരണം എച്ചില്‍ പാത്രങ്ങള്‍ കഴുകി വിരലിലെ നഖങ്ങള്‍ അറ്റു പോകാനായിരിക്കുന്നു.
കുഴിനഖം വീര്‍ത്ത് വേദനയും ദുര്‍ഗന്ധവും അസഹനീയമാകാന്‍ തുടങ്ങിയിരുന്നു.
ഹോട്ടല്‍ ജോലി ആയതുകൊണ്ട് തന്നെ പല ദേശക്കാരും, ഭാഷക്കാരും സ്ഥിരം വന്നു പോകുമായിരുന്നു. അത് കൊണ്ട് തന്നെ പല ഭാഷകളും ആ കാലത്തിനിടക്ക് ഞാന്‍ വശത്താക്കിയിരുന്നു.
പുതിയ കമ്പനിയില്‍ സെയില്‍സ്മാനായിട്ടായിരുന്നു ജോലി. അവരുടെ കമ്പനിയിലെ സാധനങ്ങള്‍ പല സ്റ്റോറുകളിലും വണ്ടിയില്‍ കൊണ്ട് പോകും. അതിന് കൂട്ടായി ഡ്രൈവറുടെ കൂടെ ചെല്ലുക.
കൊടുക്കുന്നതും വാങ്ങുന്നതുമായ കണക്കുകള്‍ സൂക്ഷിക്കുക. ലോഡ് കയറ്റാനും ഇറക്കാനും സഹായിക്കുക. ഇതൊക്കെയായിരുന്നു ജോലി. മുടക്കില്ലാതെ വരുമാനം കിട്ടുന്നത് കൊണ്ട് തന്നെ അതും നല്ലൊരവസരം തന്നെയായിരുന്നു എനിക്ക്.
എങ്കിലും നല്ല വിദ്യാഭ്യാസമില്ലാത്തതിന്റെ കുറവ് ഞാനാ കാലത്ത് നന്നായി മനസ്സിലാക്കി.
പുതിയ സുഹൃത്തുക്കള്‍ നിന്നും ആ കുറവ് നികത്താനുള്ള വഴി ഞാന്‍ കണ്ടെത്തുകയും ചെയ്തു.
അന്തി വരെ പണിയും അതിനുശേഷം പഠിപ്പും. രാത്രികാല പഠിപ്പ് കേന്ദ്രങ്ങള്‍ അവിടെ അപ്പോഴും സുലഭമായിരുന്നു. നല്ലപോലെ പഠിച്ച് ഒരു ഡിഗ്രി എടുക്കുക അതായിരുന്നു ലക്ഷ്യം. പക്ഷെ ആ ലക്ഷ്യത്തിന് പിന്നില്‍ മറ്റൊരു വലിയ ലക്ഷ്യമുണ്ടായിരുന്നു. മാസത്തിലൊരിക്കല്‍ ഇവിടെ ബ്രിട്ടീഷുകാരുടെ കമ്പനികളിലേക്ക് പലതരം ഇന്റര്‍വ്യൂകള്‍ ഉണ്ടാകാറുണ്ടെന്ന് പലരില്‍ നിന്നും ഞാനറിഞ്ഞിരുന്നു.
അവയില്‍ സെലക്ഷന്‍ കിട്ടിയാല്‍ ഗള്‍ഫിലേക്ക് അതൊരു എളുപ്പമാര്‍ഗമാകുമെന്നാണ് അറിവ്. അങ്ങനെ ഡിഗ്രിയെന്ന ലക്ഷ്യം ഞാന്‍ നിറവേറിയെങ്കിലും ഇന്റര്‍വ്യൂകളില്‍ പലതവണ ഞാന്‍ പരാജയപ്പെട്ടു. പക്ഷേ നിരാശനായി തോറ്റു മടങ്ങാന്‍ ഞാനൊരുക്കമല്ലായിരുന്നു. ആരുടെയോ കൃപ നിരവധി പരാജയങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ ഞാനും വിജയിച്ചു. പുതിയ നിയമനം ഗള്‍ഫിലുള്ള മിലിട്ടറി ഹോസ്പിറ്റലിലേക്ക്. നിരന്തരം മുളച്ചു പൊന്തുന്ന ദുഃഖങ്ങളെ ശപിച്ചുറങ്ങിയ ഒരു കാലമുണ്ടായിരുന്നു. പടച്ചവനോട് പരാതികള്‍ പറഞ്ഞും, പിണങ്ങിയും, തലയിണയില്‍ മുഖം ചേര്‍ത്ത് വെച്ച് ആരും കാണാതെ കണ്ണീരൊഴുക്കിയും ഉറക്കമിളച്ച എത്രയോ രാത്രികള്‍. പക്ഷെ അന്നെനിക്കറിയില്ലാരുന്നു ആ ദു:ഖങ്ങളാണ് എന്റെ സ്വപ്‌നത്തിന്റെ വേരുകളെന്ന്. ഒടുവില്‍ ദാ ആ വേരുകള്‍ക്ക് മുളപൊട്ടിയിരിക്കുന്നു. ദളങ്ങളും മുകുളങ്ങളും ശിഖിരങ്ങളും ശാഖകളുമുണ്ടായിരിക്കുന്നു. ഒടുവിലിതാ ഞാനാകാശത്തേക്ക് പറന്നുയരുകയാണ് അടങ്ങാത്ത എന്റെ ആഗ്രഹങ്ങളും തേടി..


(തുടരും)

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page