കാസര്‍കോട്: സിവില്‍ സര്‍വീസില്‍ റാങ്ക് തിളക്കത്തില്‍ അനുഷ ആര്‍ ചന്ദ്രന്‍. പരീക്ഷയില്‍ 791-ാം റാങ്ക് നേടിയാണ് ഒടയംചാല്‍ ചെന്തളം സ്വദേശി അനുഷ സിവില്‍ സര്‍വീസിന്റെ വഴിയിലേക്കുള്ള യാത്ര തുടങ്ങിയത്. മലയാളം മീഡിയത്തില്‍ പഠിച്ചാണ് അനുഷ രാജ്യത്തെ പ്രധാന പരീക്ഷയായ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്കോടുകൂടി ഉന്നത വിജയം നേടിയത്. മലയോരത്ത് നിന്നും ആദ്യമായാണ് ഒരാള്‍ ഐഎഎസ് റാങ്കില്‍ ഇടംനേടുന്നത്. കൂലിത്തൊഴിലാളിയായ സി. രാമചന്ദ്രന്റെയും തയ്യല്‍ത്തൊഴിലാളിയായ വനജയുടെ മകളാണ് അനുഷ. ഇവരുടെ അധ്വാനത്തിന്റെ ഫലമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടാനായതെന്നും വിജയം ഇരട്ടി മധുരമാണ് സമ്മാനിച്ചയെന്നും അനുഷ പറഞ്ഞു. തിരുവനന്തപുരം വനിതാ കോളേജില്‍ നിന്നും ഡിഗ്രിയും പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്നും പി.ജി.യും കരസ്ഥമാക്കിയ അനുഷ രണ്ട് വര്‍ഷമായി ബൈജൂസ് ആപ്പില്‍ അധ്യാപികയാണ്. ഇതിനിടയിലാണ് തിരുവനന്തപുരത്തെ ഫെര്‍ച്ചുണ്‍ അക്കാദമി ഐ.എ.എസ് പരിശീലന കേന്ദ്രത്തില്‍ നിന്നും പരിശീലനം നേടി മികച്ച വിജയം സ്വന്തമാക്കിയത്. ഐ.എ.എസ്. ലഭിച്ചാല്‍ അതിന് പോകും. അല്ലെങ്കില്‍ സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട ഐ.പി.എസ്, ഐ.എഫ്.എസ്. തുടങ്ങി ഏതാണ് ലഭിക്കുന്നത് എന്ന് നോക്കുമെന്നും അനുഷ പറയുന്നു. 6-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിവില്‍ സര്‍വീസ് എന്ന മോഹം മനസ്സില്‍ ഉദിച്ചത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമായത് കൊണ്ടു തന്നെ ഇതിന് പറ്റുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും അച്ഛന്റെയും അമ്മയുടെയും,
കാനറ ബാങ്ക് ജീവനക്കാരനായ സഹോദരന്‍ അഖിലിന്റെയും പ്രോത്സാഹനം ഐഎഎസിന് ചേരാന്‍ സഹയകരമായത്. അനുഷ ആര്‍ ചന്ദ്രനെ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ വീട്ടില്‍ എത്തി ആദരിച്ചു. കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കോടോത്ത് റെയിന്‍ബോ വായനശാല മെമ്പറും കൂടിയായ അനുഷക്ക് നല്‍കിയ സ്നേഹാദര ചടങ്ങില്‍ മൂന്നാം വാര്‍ഡ് മെമ്പര്‍ പി കുഞ്ഞികൃഷ്ണന്‍, നാലാം വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി കെ നാരായണന്‍, റെയിന്‍ബോ വായനശാല പ്രസിഡന്റ് പി രമേശന്‍ തുടങ്ങി നിരവധി സന്നദ്ധ സംഘടന പ്രവര്‍ത്തകരും വീട്ടില്‍ എത്തിയും ഫോണിലൂടെയും അഭിനന്ദനം അറിയിച്ചു