കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് നടക്കും.
മീഞ്ച, മദക്കള സ്വദേശി പരേതനായ അബ്ദുള്ളയുടെ മകന്‍ മൊയ്തീന്‍ ആരിഫ്(22) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. കഞ്ചാവ് ലഹരിയില്‍ ബഹളം വയ്ക്കുന്നുവെന്ന നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് മൊയ്തീന്‍ ഹാരിഫിനെ ഞായറാഴ്ച രാത്രി മഞ്ചേശ്വരം പൊലീസെത്തി അറസ്റ്റു ചെയ്തിരുന്നു.
പിന്നീട് ബന്ധുവായ അബ്ദുല്‍ റഷീദിനൊപ്പം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇരുവരും ഇരുചക്ര വാഹനത്തില്‍ വീട്ടിലേയ്ക്കു മടങ്ങി പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ വീട്ടില്‍ വച്ച് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മൊയ്തീന്‍ ആരിഫിനെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. യുവാവിന്റെ മൃതദേഹത്തില്‍ പരിക്കുകള്‍ കണ്ടതില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. മറവു ചെയ്യരുതെന്നും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും നാട്ടുകാര്‍ പൊലീസിനോട് അഭ്യര്‍ഥിച്ചിരുന്നു.
തുടര്‍ന്ന് മൃതദേഹം മംഗല്‍പ്പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ പരിക്കുകള്‍ കണ്ടെത്തിയതോടെ അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആരിഫിനെ ജാമ്യത്തിലെടുത്ത അബ്ദുല്‍ റഷീദില്‍ നിന്നു മൊഴിയെടുത്തു.
ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടയില്‍ മൊയ്തീന്‍ ആരിഫ് ചാടിയെന്നും പരിക്കേറ്റുവെന്നുമാണ് ഇയാള്‍ ആദ്യം നല്‍കിയ മൊഴി. വാഹനത്തില്‍ നിന്നു ചാടിയപ്പോള്‍ തലയടിച്ച് വീണതായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസെത്തിയത്. കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അബ്ദുല്‍ റഷീദിനെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേയ്ക്കു മടങ്ങുന്നതിനിടയില്‍ അടിപിടിയുണ്ടായെന്ന് മൊഴി നല്‍കി. അതേ സമയം മൊയ്തീന്‍ ആരിഫിനു പൊലീസ് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കാന്‍ തീരുമാനിച്ചത്.