പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് കൂടുന്ന സാഹചര്യവും അത് മറികടക്കാനുളള വഴികളും പഠിക്കാന്‍ 12 അംഗ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്ന് ഹൈക്കോടതി. ശബരിമലയില്‍ ദര്‍ശനത്തിന് 18 മണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ടി വരുന്നതായി ഭക്തരുടെ പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. തിരക്ക് കുറയ്ക്കുന്നതിന് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ശബരിമലയില്‍ തിരക്ക് തുടരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇന്നും വിഷയം പരിഗണിച്ചത്. ക്യൂ കോംപ്ലക്‌സ്, വിശ്രമ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തണം. ലഭ്യമായ സൗകര്യങ്ങള്‍, ഭക്തര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയും അഭിഭാഷക സംഘം വിലയിരുത്തും. വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മണിക്കൂറുകള്‍ കാത്ത് നിന്നാണ് പലരും ശബരിമലയിലെത്തുന്നത്. പാതയിലുടനീളം ഗതാഗതം തടസപ്പെട്ട നിലയിലാണ്. പലരും ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ്. എന്നാല്‍ അഭിഭാഷക സംഘത്തെ അയക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം ശബരിമലയിലെ തിരക്ക് നിലവില്‍ നിയന്ത്രണവിധേയമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഹൈക്കോടതിയില്‍ എഡിജിപി നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കും. സന്നിധാനത്തേക്കുള്ള അനധികൃത പാതകള്‍ കണ്ടെത്തി അടച്ചുവെന്നും, സ്ഥിതി പരിശോധിക്കാന്‍ അഭിഭാഷക സംഘത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
