കാസര്‍കോട്: മകളുടെ വിവാഹം ക്ഷണിക്കാന്‍ മാതാവ് അനൗണ്‍സ്‌മെന്റ് രൂപത്തില്‍ തയ്യാറാക്കിയ ശബ്ദ സന്ദേശം വൈറല്‍. നീലേശ്വരം പട്ടേന സ്വദേശിനി നീരൊഴുക്കില്‍ അമ്മുനിലയത്തിലെ ഗീതാറാവുവാണ് വേറിട്ട പരീക്ഷണം നടത്തിയത്. ഇവരുടെയും അശോകന്‍ മൈലിട്ടയുടെയും മകള്‍ എം.ശ്രീലക്ഷ്മിയുടെ വിവാഹം 19 ന് പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കുകയാണ്. മാതമംഗലം പാണപ്പുഴ പറവൂര്‍ തായലെപുരയില്‍ ഹൗസിലെ ടി.പി. ഗോപാലന്റെയും സി.ബീനയുടെയും മകന്‍ ഗോകുലാണ് വരന്‍. വിവാഹം അറിയിക്കാനായി കുടുംബ സുഹൃത്തായ പ്രശസ്ത അനൗണ്‍സര്‍ കരിവെള്ളൂര്‍ രാജനെ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹമാണ് വേറിട്ട ആശയം പങ്കുവച്ചത്. ആദ്യമൊന്നു മടിച്ചെങ്കിലും പിന്നീട് കരിവെള്ളൂരിലെ ഇദ്ദേഹത്തിന്റെ സ്റ്റുഡിയോയിലെത്തി അനൗണ്‍സ്‌മെന്റ് രൂപത്തില്‍ വിവാഹക്ഷണം തയാറാക്കി റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ബന്ധുക്കള്‍, സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ക്കും ബന്ധപ്പെട്ട സമൂഹ മാധ്യമ കൂട്ടായ്മകള്‍ക്കുമെല്ലാം ഷെയര്‍ ചെയ്തതോടെ സംഗതി വൈറലായി. വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദനങ്ങളും പ്രശംസയും പ്രവഹിക്കാന്‍ തുടങ്ങി. വിവാഹ ക്ഷണപത്രത്തിനൊപ്പം ശബ്ദസന്ദേശവും എല്ലാവര്‍ക്കും നല്‍കി. നീലേശ്വരം സര്‍വീസ് സഹകരണ ബാങ്കിന്റെ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുകയാണ് ഗീത. ഭര്‍ത്താവ് അശോകന്‍ ഫിലിം റപ്രസന്റേറ്റീവ് ആണ്. എന്‍എസ്‌സി ബാങ്കിലെ പാര്‍ട്ട് ടൈം ജീവനക്കാരിയാണ് ശ്രീലക്ഷ്മി. ഗോകുല്‍ ആര്‍മിയില്‍ ജോലി ചെയ്യുന്നു.
