ഇന്ത്യൻ റോഡുകളിലും കുറഞ്ഞ ചെലവില്‍ ടെസ്‌ല പറന്നേക്കാം

ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് വാഹന ഭീമൻ ടെസ്‌ല ഇന്ത്യയിൽ ബാറ്ററി നിർമ്മാണ ലൈൻ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. നിർണായക വിതരണത്തിനായി ചൈനയെയും മറ്റ് രാജ്യങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിടുന്ന യുഎസിന്റെ “ഫ്രണ്ട്-ഷോറിംഗ് പുഷ്” ( ഭൗമരാഷ്ട്രീയ സഖ്യകക്ഷികളായ രാജ്യങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുകയും ആ രാജ്യങ്ങളില്‍ ലഭ്യമായ അവശ്യ വിഭവങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക) വഴിയാണ് ഈ നീക്കം.

ടെസ്‌ലയെപ്പോലുള്ള ആഗോള ഭീമന്‍മാരെ ആകർഷിക്കുന്നതിനായി സർക്കാർ വകുപ്പുകൾ ബാറ്ററി പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയില്‍ ചില വ്യത്യാസങ്ങള്‍ വരുത്താനും അവലോകനം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഈ പദ്ധതി, ഇന്ത്യയിൽ ബാറ്ററി പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ആഭ്യന്തര, വിദേശ നിർമ്മാതാക്കൾക്ക് ഇൻസെന്റീവ് വാഗ്ദാനം ചെയ്യുന്ന ഒന്നാണ്.

നിക്ഷേപം നടത്താനും കമ്പനിയെ ആകർഷിക്കാനും നിരവധി സംസ്ഥാനങ്ങള്‍ ടെസ്‌ലയെ സമീപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നിവ ടെസ്‌ലയുടെ ബാറ്ററി പ്ലാന്റ് ഹോസ്റ്റുചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ച സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു. ടെസ്‌ലയുടെ ഇന്ത്യൻ സംരംഭത്തിന്റെ സാധ്യതകൾ പരിശോധിക്കാന്‍ വാണിജ്യ മന്ത്രാലയം, ഘനവ്യവസായ മന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

ചർച്ചകൾ ഇപ്പോഴും ആദ്യ ഘട്ടത്തിലാണ്, ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ത്യയിലേക്ക് തങ്ങളുടെ കാറുകൾ ഇറക്കുമതി ചെയ്യുന്നതിന് ടെസ്‌ല ഗണ്യമായ കസ്റ്റംസ് തീരുവ കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു, എന്നാൽ കമ്പനിക്ക് പ്രത്യേക ഇളവുകള്‍ വേണമെന്ന അഭ്യര്‍ത്ഥന ധനമന്ത്രാലയം തള്ളിക്കളഞ്ഞു. ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയെ ഉത്തേജിപ്പിക്കുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കാനും എണ്ണ ഇറക്കുമതി കുറയ്ക്കാനും ഇത് ഇന്ത്യയെ സഹായിക്കും. എന്നിരുന്നാലും, ഇന്ത്യയിൽ വിജയിക്കാൻ ഉയർന്ന ചെലവ്, കുറഞ്ഞ ഡിമാൻഡ്, മോശം അടിസ്ഥാന സൗകര്യങ്ങൾ, നയപരമായ അനിശ്ചിതത്വം തുടങ്ങിയ നിരവധി വെല്ലുവിളികളെ ടെസ്‌ല മറികടക്കേണ്ടതുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page