തലച്ചോറിൽ ചിപ്പ് വച്ച് സ്വപ്നങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചതെന്ത്?

ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല. സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നിട്ടുണ്ടാവാം, ചില സ്വപ്നങ്ങള്‍ ദിവസം മുഴുവന്‍ സന്തോഷം നല്‍കുന്നതാവാം, ചിലത് സഫലമാകണം എന്ന് വരെ ആഗ്രഹിക്കുന്ന നിമിഷങ്ങൾ ഉണ്ടായിട്ടില്ലേ? പലപ്പോഴും ഉറങ്ങി എഴുന്നേറ്റാല്‍ എന്തായിരുന്നു നമ്മൾ കണ്ട സ്വപ്നം എന്ന് പോലും ഓര്‍മ ഉണ്ടാവില്ല.

ഉറക്കത്തിൽ നമ്മൾ കാണുന്ന ഈ സ്വപ്നങ്ങള്‍ ഒന്നും നമ്മുടെ നിയന്ത്രണത്തില്‍ ഉള്ളവയല്ല. അത് നിയന്ത്രിക്കാന്‍ നമുക്ക് ആകുമോ? അതിനുള്ള ഒരു ശ്രമമാണ് റഷ്യയിലെ ഒരു യുവാവ് നടത്തിയിരിക്കുന്നത്.

സ്വപ്നങ്ങള്‍ നിയന്ത്രിക്കാന്‍ തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ചിരിക്കുകയാണ് മിഖായേൽ റഡുഗ. എന്നാൽ ഇത് ഘടിപ്പിക്കാനുള്ള ശ്രമത്തിനിടെ ഈ റഷ്യൻ യുവാവ് അപകടത്തിൽപ്പെട്ടു.
40 കാരനായ മിഖായേൽ റഡുഗ തന്റെ സ്വപ്നങ്ങളെ നിയന്ത്രിക്കാൻ തലച്ചോറിൽ ഒരു മൈക്രോചിപ്പ് സ്ഥാപിക്കാൻ സ്വയം ശ്രമിക്കുകയായിരുന്നു. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കിടെ, ഏകദേശം ഒരു ലിറ്റർ രക്തം നഷ്ടപ്പെട്ട അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കി. ന്യൂറോ സര്‍ജന്‍മാരുടെ സഹായത്തോടെ ചിപ്പ് ഘടിപ്പിക്കണം എന്നാണ്‌ ആദ്യം കരുതിയത് എങ്കിലും നിയമ നടപടികള്‍ ഒഴിവാക്കാനാണ് സ്വയം ശസ്ത്രക്രിയ നടത്തിയത് എന്ന് മിഖായേൽ പറഞ്ഞു.

മിഖായേൽ റഡുഗയ്ക്ക് തലച്ചോറിൽ ഇലക്‌ട്രോഡ് സ്ഥാപിക്കാനുള്ള ആശയം ഒരു വര്‍ഷം മുന്‍പാണ് തോന്നിയത്. തന്നെ സ്വയം പരീക്ഷണ വസ്തുവാക്കാനുള്ള തീരുമാനം അതിന് ശേഷം എടുത്തതാണ്. അമിതമായ രക്തനഷ്ടം മൂലം തന്റെ ജീവൻ അപകടത്തിൽ ആയെങ്കിലും, ഇതിന്റെ ഫലങ്ങൾ ഭാവിയിലെ സ്വപ്ന നിയന്ത്രണ സാങ്കേതികവിദ്യകൾക്ക് അതിശയകരമായ സാധ്യതകൾ തുറക്കും എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തന്റെ ശ്രമത്തിന്റെ ചിത്രങ്ങൾ മിഖായേൽ റഡുഗ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page