പേക്രോം.. പേക്രോ…

0
554


മഴ നിലത്തു വീഴണമെന്നില്ല; ആകാശം… ഇരുണ്ടു കൂടിയാല്‍ മതി, തവളകള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങും. അതുകേട്ട്‌ വീട്ടിലെ മുതിര്‍ന്നവര്‍ പറയും മഴ പെയ്യാറായി. പഴമക്കാര്‍ക്കു തവളകളുടെ ഉച്ചത്തിലുള്ള പേക്രോ കരച്ചാല്‍ മഴയുടെ ഒരു സൂചനയായിരുന്നു. തവളകളുടെ കരച്ചിലാണ്‌ അവര്‍ക്കു മഴക്കാലത്തിന്റെ മുന്നറിയിപ്പു നല്‍കിയിരുന്നത്‌.
തവളകള്‍ പലതരത്തിലുള്ള മഞ്ഞപേക്കന്‍, ചൊറിയന്‍, മരത്തവള എന്നിവയാണ്‌ നമ്മുടെ നാട്ടില്‍ സാധാരണയായി കാണാറുള്ള തവളകള്‍. കൂട്ടത്തില്‍ വലുപ്പം കൊണ്ട്‌ ഒന്നാമന്‍ മഞ്ഞപേക്കന്‍ തന്നെയാണ്‌. മഞ്ഞനിറവും ഉണ്ടക്കണ്ണുകളും ഉച്ചത്തിലുള്ള ശബ്‌ദവുമാണ്‌ അവയെ മറ്റു തവള വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത്‌. മഴക്കാല ആരംഭത്തോടെയാണ്‌ ഇവയെ വന്‍തോതില്‍ കണ്ടുവരുന്നത്‌. തണുപ്പു ഏറെ ഇഷ്‌ടപ്പെടുന്ന ഇനമാണ്‌ മഞ്ഞപേക്കന്മാര്‍. ചൂടില്‍ നിന്നു പാമ്പ്‌, കീരി, കാക്ക, പരുന്ത്‌ എന്നിവയുടെ ആക്രമണങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ തണുപ്പും ചതുപ്പും ഉള്ള സ്ഥലങ്ങളില്‍ മണ്ണിനടിയിലാണ്‌ ഇവയെ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്‌. വെള്ളത്തില്‍ മുങ്ങിയിരിക്കാനും ഇവയ്‌ക്കു ഏറെ ഇഷ്‌മാണ്‌. കരയിലും വെള്ളത്തിലും ജീവിക്കുന്ന തവളകള്‍ വൈകുന്നേരങ്ങളിലാണ്‌ കൂടുതലും പുറത്തിറങ്ങുന്നത്‌; പ്രത്യേകിച്ചും വീട്ടുപരിസരങ്ങളിലും തെങ്ങിന്‍ കുഴികളിലും കാണുന്നവ. എണ്ണം കൊണ്ടുകുറഞ്ഞുവരുന്ന വിഭാഗത്തിലാണ്‌ മഞ്ഞപ്പേക്കന്‍ തവളകളുടെ സ്ഥാനം. തവളപ്പിടുത്തക്കാര്‍ വന്‍ തോതില്‍ ഇവയെ പിടികൂടി വിദേശങ്ങളിലേയ്‌ക്കു കയറ്റി അയച്ചിരുന്നു. ഇതു നിയമവിരുദ്ധമായതിനാല്‍ ഇപ്പോള്‍ ഇത്തരക്കാരെ ചാക്കു തൂക്കി പോകുന്ന കാഴ്‌ച എവിടെയും കാണാറില്ല.

അരിത്തവള

പലതരം തവളകള്‍ നമുക്കു ചുറ്റും ഉണ്ടെങ്കിലും അവയില്‍ ഏറ്റവും ചെറിയ ഇനമാണ്‌ മൈക്രോ ഹെല. മുകള്‍ഭാഗത്ത്‌ മങ്ങിയ വെള്ള നിറവും അടിഭാഗത്തു ചാരനിറവുമുള്ള “മൈക്രോ ഒര്‍ണാറ്റ” എന്ന കൊച്ചു തവളയെ നമ്മുടെ നാട്ടില്‍ പുറങ്ങളില്‍ പൊതുവെ കാണാറില്ല.തീരെ ചെറിയ തലയാണ്‌ ഈ തവളയുടെ പ്രത്യേക. പെണ്‍തവളകള്‍ക്കാണ്‌ വലിപ്പ കൂടുതല്‍; 28 മില്ലിമീറ്റര്‍ ആണ്‍തവളകള്‍ക്കു 24 മില്ലീമീറ്ററേ വലുപ്പമുള്ളൂ. ഈവിഭാഗം തവളകള്‍ക്കു പല്ലില്ല എന്നതും പ്രത്യേകതയാണ്‌. ചില സമയങ്ങളില്‍ പിങ്കു നിറത്തിലും ഈ തവളകളെ കാണപ്പെടാറുണ്ട്‌. മരച്ചുവട്ടിലെ ചീഞ്ഞളിഞ്ഞ ഇലകള്‍ക്കടിയിലാണ്‌ ഇവയുടെ പ്രധാന ആവാസ കേന്ദ്രം.ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ്‌ നേച്ചര്‍ എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം വംശനാശ ഭീഷണി നേരിടാത്ത ജീവികളുടെ കൂട്ടത്തിലാണ്‌ ഈ തവളകളുടെ സ്ഥാനം. ബംഗ്ലാദേശ്‌, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ഇവയെ യഥേഷ്‌ടം കാണാറുണ്ടെങ്കിലും കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ അപൂര്‍വ്വമായേ ഇവയെ കാണാറുള്ളൂ. നീലേശ്വരം കടിഞ്ഞിമൂലയിലെ പ്രാദേശിക കൃഷി ശാസ്‌ത്രജ്ഞന്‍ പി.വി.ദിവാകരന്‍ കഴിഞ്ഞ ദിവസം അരിത്തവളയെന്നു അറിയപ്പെടുന്ന ഇവരെ നീലേശ്വരത്തിനു അടുത്തു കണ്ടെത്തിയിട്ടുണ്ട്‌. ഔഷധ സസ്യങ്ങള്‍ ശേഖരിക്കുന്നതിനിടയിലായിരുന്നു കുഞ്ഞു തവളകളെ കണ്ടെത്തിയത്‌. സാധാരണ കണ്ടുവരാത്ത തവളകളാണെന്നു ഒറ്റനോട്ടത്തില്‍ മനസ്സിലായി. അതിനായി കോഴിക്കോട്‌ സുവോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയിലെ ശാസ്‌ത്രജ്‌ഞനായ ജാഫര്‍ പാലോടാണ്‌ `മൈക്രോഹൈല ഒര്‍നാറ്റ’ എന്ന ജനുസില്‍പ്പെട്ട `അരിതവള’ കളാണെന്നു കണ്ടെത്തിയത്‌.

NO COMMENTS

LEAVE A REPLY